Thursday, November 4, 2010

അധ്യാപക യോഗ്യതാ പരീക്ഷ അത്യാവശ്യം തന്നെ.

വിദ്യാഭ്യാസ മേഖലയിൽ പുതിയ വിവാദത്തിനു തിരികൊളുത്തിക്കൊണ്ട് ലിഡാ ജേക്കബ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നു. കമ്മീഷൻ ശുപാർശകളിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്, അധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷ ഏർപ്പെടുത്തണം എന്ന നിർദ്ദേശമാണ്. വാർത്താ ചാനലുകളിൽ  വാദപ്രതിവാദങ്ങൽ ആരംഭിച്ചുകഴിഞ്ഞു. ശക്തമായ പ്രതിഷേധവുമായി സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ - വിശേഷിച്ച് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ - രംഗത്തു വരുമെന്ന് ഉറപ്പ്. മാനേജ്‌മെന്റിന്റെ നിയമനാധികാരങ്ങളിൽ സർക്കാർ അവിഹിതമായി കൈകടത്തൽ നടത്തുന്നു എന്ന ആരോപണം തീർച്ചയായും പ്രതീക്ഷിക്കാം.

1958 ൽ ഒന്നാം കേരള സർക്കാരിനെതിരേ നടന്ന ‘വിമോചന’സമരത്തിന്റെ പ്രധാന പ്രകോപനങ്ങൾ ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവുമായിരുന്നല്ലോ. വിദ്യാഭ്യാസബിൽ രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായത്തിനു വിട്ടെങ്കിലും വിവാദമായ പതിനൊന്നാം വകുപ്പ് – പി എസ് സീ ലിസ്റ്റിൽ നിന്നു നിയമനം – സുപ്രീം കോടതി ശരിവച്ചു. പക്ഷേ, രാഷ്ട്രീയ സാഹചര്യങ്ങൾ അതു നടപ്പാക്കുന്നതു തടഞ്ഞു. ഇന്നിപ്പോൾ പുതിയ ശുപാർശ നടപ്പാക്കുമ്പോൾ വേദനിക്കുന്നതാർക്കായിരിക്കും?

ഓർക്കുക, കേരളത്തിൽ ഹയർ സെക്കൻഡറിയിലും കോളജ് തലത്തിലും  അദ്ധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷാജയം നിർബന്ധിതമാണ്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ‘സെറ്റ്’ ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) പാസ്സായവരെ മാത്രമേ ഹയർ സെക്കൻഡറിയിൽ നിയമിക്കാനാവൂ. കോളജ്തലത്തിൽ യൂജീസിയാണ് മാനദണ്ഡം. സംസ്ഥാനത്ത് അധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷ ഏർപ്പെടുത്തുന്നത്  പുതിയ രീതിയൊന്നുമല്ലെന്നു ചുരുക്കം.  

പക്ഷേ, സെറ്റും നെറ്റും എല്ലാം നിർബന്ധിതമാക്കുന്നതിൽ മാനേജ്‌മെന്റിനെന്താണു പ്രതിഷേധം? കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകളിലെ അധ്യാപകരുടെ ലിസ്റ്റ് പരിശോധിച്ചു നോക്കുക. ഹൈസ്കൂൾ തലം വരെ, മാനേജരുടെ – ക്രിസ്ത്യൻ മാനേജ്‌മെന്റുകളിൽ, പുരോഹിതന്മാരുടെ – അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും ആയിരിക്കും അധ്യാപകരിൽ നല്ലൊരു പങ്കും. എന്നാൽ ഹയർ സെക്കൻഡറി മേഖലയിൽ അത്തരക്കാർ ചുരുക്കമാണ്. കാരണം, മാനേജരുടെ ചെല്ലപ്പിള്ളയാണെന്ന യോഗ്യത മാത്രം പോരാ അവിടെ നിയമനത്തിന്. കനത്ത ശമ്പളം പ്രതീക്ഷിച്ച് എം ഏ. ഒപ്പിച്ചെടുത്ത നിരവധി മാനേജർബന്ധുക്കളുടെ സ്വപ്നങ്ങളാണ് സെറ്റ് പരീക്ഷണം തല്ലിത്തകർത്തത്. ഇനിയിപ്പം അങ്ങനൊരു പരീക്ഷ പ്രൈമറി-സെക്കൻഡറി തലങ്ങളിൽക്കൂടി വന്നാൽ, അരിഷ്ടിച്ച് ഡിഗ്രിയെടുത്ത്, കാശു മുടക്കി ബീയെഡ്ഡും സംഘടിപ്പിച്ച് അധ്യാപക വേഷം കെട്ടാൻ തുനിഞ്ഞിറങ്ങുന്നവരുടെ ഗതിയെന്താകും? പുരോഹിത ഭാര്യമാരും ബന്ധുക്കളും ഉടുപ്പുലയാതെ ശമ്പളം വാങ്ങുന്നതെങ്ങനെ? തീർച്ചയായും ഏതു മാനേജ്‌മെന്റും നിലവിളിച്ചു പോകും!

തീർന്നില്ല. ഹയർ സെക്കൻഡറിയിൽ കോഴ്സുകൾ അനുവദിച്ചപ്പോൾ ചില വിഷയങ്ങളിലെങ്കിലും അധ്യാപകർക്കു ഡിമാന്റുണ്ടായി.  ചില വിഷയങ്ങളിൽ സെറ്റ് യോഗ്യതയുള്ളവർ അപൂർവ്വമായപ്പോൾ നിയമനസംഭാവന ഹൃദയവേദനയോടെ മാനേജ്‌മെന്റുകൾക്ക് വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇനി അത്തരമൊരു നഷ്ടം താഴേത്തട്ടിലും  സഹിക്കണമെന്നു പറഞ്ഞാൽ

കേരളത്തിലെ വൈറ്റ്‌കോളർ മാഫിയകളുടെ കുതന്ത്രങ്ങളെ മറികടന്ന്, യോഗ്യതാപരീക്ഷാ ശുപാർശ നടപ്പിലാക്കപ്പെടട്ടെ എന്ന് ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. നിയമനത്തിനു മുൻപു മാത്രമല്ല, സർവീസ് കാലത്തിനിടയ്ക്കും യോഗ്യതാ പരിശോധനകൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Sunday, October 31, 2010

അയ്യപ്പനെ ആഘോഷിക്കുമ്പോൾ

ശ്രീ സുനിൽ പണിക്കരുടെ, ‘ബ്ലോഗിലെ സങ്കുചിത മനസ്കൻ’ എന്ന പോസ്റ്റിന് എഴുതിയ മറുകുറി.



ണിക്കരേ,
വിശാലൻ അങ്ങോരുടെ അഭിപ്രായം പറഞ്ഞതിന് താങ്കളിങ്ങനെ രോഷാകുലനാകുന്നതെന്തിന്? അയ്യപ്പൻ കവിയാണ്. അയ്യപ്പന്റെ കവിതകളുടെ പ്രഥമസ്ഥാനീയത അനിഷേധ്യമാണ്. എന്നു കരുതി അയ്യപ്പന്റെ കുത്തഴിഞ്ഞ ജീവിതശൈലി ഒരിക്കലും മാതൃകാപരമോ അനുകരണീയമോ അല്ല.

ബാല്യം മുതൽക്കുള്ള വ്യക്തിപര ദുരന്തങ്ങൾ അയ്യപ്പന്റെ ജീവിതത്തെ  പ്രതികൂലമായി ബാധിച്ചതിന്റെ  ഫലമാകാം ആ ജീവിതം. മദ്യവും മയക്കുമരുന്നുകളും ചേർന്നു തിന്നു തീർത്തില്ലായിരുന്നെങ്കിൽ ഇനിയും അയ്യപ്പൻ എഴുതുമായിരുന്നു. വഴിയരികിൽ പൊലിഞ്ഞുപോകേണ്ടിവന്നത് ആ ജീവിതശൈലികൊണ്ടു തന്നെയാണ്.  മദ്യമല്ല അയ്യപ്പനെ കവിയാക്കിയത്. മദ്യനിരോധനം വന്നാലും അയ്യപ്പനിലെ കവി ഇല്ലാതാകുമായിരുന്നില്ല.. അതിവൈകാരികമായി സമീപിച്ച് എന്തിനാണ് ആ ജീവിതശൈലിയെ മഹത്വവൽകരിക്കുന്നത്. അയ്യപ്പന്റെ ജീവിതത്തിന്റെ  ‘ഇരുണ്ട വശങ്ങൾ’ നന്നായറിയാവുന്ന സഹയാത്രികർ ജീവിച്ചിരിക്കുമ്പോൾ, തീർച്ചയായും അത് വൃഥായത്നമാണ്.

Monday, October 25, 2010

‘അയ്യപ്പസീസൺ’ ആരംഭിക്കുന്നു !

ജീവിതം അയ്യപ്പന് ഒരു പ്രശ്നമായിരുന്നില്ല ; മരണവും.

‘കാറപകടത്തിൽ പെട്ടു മരിച്ച
വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നിൽക്കെ,
മരിച്ചവന്റെ പോക്കറ്റിൽ നിന്നു പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ് .’
                                      ( അത്താഴം )
ജീവിക്കുന്നതിന് ആവശ്യങ്ങളുടെ നിർബന്ധബുദ്ധി അയ്യപ്പന് അന്യമായിരുന്നു. കടത്തിണ്ണയും ഗസ്റ്റുഹൌസുമെല്ലാം പുഷ്പതല്പങ്ങൾ! ജീവിതവും മരണവും പ്രശ്നമല്ലാത്തവന്,  ‘‘കണ്ണടഞ്ഞു പോകുകിൽ / മോർച്ചറിയിൽ/ മരിച്ചവരുടെ ഗണിതചിഹ്നങ്ങളിലൊന്നായി/ നീയെന്നെ ഓർക്കുമോ?’‘ എന്ന് ചോദിച്ചവന് സംസ്കാരം വൈകുന്നതിൽ എന്തു പ്രതിഷേധം ! ‘ആ നെഞ്ചിൽ തറഞ്ഞ കത്തിയിൽ ആ പേരു കൊത്തിയിട്ടുണ്ട്.’

ഞാൻ ഭയക്കുന്നത് അതല്ല. ഏതു നിമിഷവും പൊടുന്നനെ വന്ന്, പോക്കറ്റിലെ കാശ് പിടിച്ചുപറിക്കുകയും വസ്ത്രങ്ങളിൽ ചുളിവും ചളിയും പുരട്ടുകയും ചെയ്തേക്കാവുന്ന അയ്യപ്പനെ ഭയന്ന് നിരത്തിലൂടെ സഞ്ചരിക്കാൻ മടിച്ച സുഹൃത്തുക്കളും ഇനി ദീർഘദീർഘങ്ങളായ ‘അയ്യപ്പസ്മൃതികൾ’ എഴുതാൻ തുടങ്ങും. ചാരായത്തിൽ ജ്ഞാനസ്നാനം ചെയ്ത തെരുവുജീവിതത്തിന്റെ വാഴ്ത്തുപാട്ടുകൾ ഇനിയുയരും. ‘’ഞാനും അയ്യപ്പനും ‘’ എന്ന് ഇനി തുടരെത്തുടരെ കേട്ടുതുടങ്ങും. ജോൺ എബ്രഹാമിന്റെ വിഗ്രഹത്തിനിപ്പുറത്ത് പുതിയ വിഗ്രഹം കൂടി പ്രതിഷ്ഠിക്കപ്പെടും.

പ്രസംഗത്തൊഴിലാളികൾക്ക് ഒരിര കൂടി വീണു കിട്ടിയിരിക്കുന്നു. മീതേ കവിയെ വിരിച്ച് ആ കവിതകളെ മൂടാൻ ശ്രമിക്കുന്നതും നമുക്കു കാണേണ്ടി വരും


Thursday, October 21, 2010

ബ്ലോഗുലകത്തിലെ അനാശ്യാസപ്രവണതകൾ

ശ്രീമതി സാബിറാ സിദ്ദിക്കിന്റെ ബ്ലോഗിനെക്കുറിച്ച് കാദർ കൊടുങ്ങല്ലൂർ നടത്തിയ രചനകളെപ്പറ്റി .




ശ്രീമതി സാബിറാ സിദ്ദിക്കിന്റെ ബ്ലോഗിനെക്കുറിച്ച് ഖാദർ കൊടുങ്ങല്ലൂർ എഴുതിയതിൽ ഒരല്പം വാസ്തവമുണ്ട് : സാമാന്യം ഭേദപ്പെട്ട നിലയിൽ അക്ഷരത്തെറ്റുകൾ അതിൽ കാണുന്നുണ്ട് ! അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന ഖാദറിന്റെ അഭിപ്രായത്തോട് ഈയുള്ളവനും യോജിക്കുന്നു. മന:പൂർവ്വം ആരും അക്ഷരത്തെറ്റുകൾ പ്രദർശിപ്പിക്കില്ല. ടൈപ്പിങിലെ പിഴവുകൾ, ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ തിരുത്താനാവുമെങ്കിലും അല്ലാത്തവ ആരെങ്കിലും ചൂണ്ടിക്കാണിക്കും വരെ നാം തിരിച്ചറിയുക പോലുമില്ല. എഡിറ്ററുടെ അഭാവം ബ്ലോഗിന്റെ മേന്മയാണെന്നു നാം അവകാശപ്പെടുമ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അത് വലിയൊരു പരിമിതിയാണെന്നു സമ്മതിക്കേണ്ടിവരും. അതുകൊണ്ടാണ് ‘ദിനപ്പത്ര’ത്തിൽ നിരവധി രചനകൾ പ്രസിദ്ധീകരിച്ച ശ്രീമതിക്ക് ബ്ലോഗിൽ അക്ഷരത്തെറ്റുകൾ സംഭവിക്കുന്നത്. അതായത്, ബ്ലോഗിലെ രചനകൾ മികച്ചതാക്കുന്നതിന്റെ റിസ്ക് ബ്ലോഗർ ഒറ്റയ്ക്കു നേരിടേണ്ടി വരും. പത്രത്തിൽ എഴുതുമ്പോൾ ആ റിസ്ക് പത്രത്തിന്റെ എഡിറ്റർ നേരിട്ടുകൊള്ളും.

ബ്ലോഗിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നുവന്ന് സാബിറ സൂചിപ്പിച്ചതിൽ അസ്വാഭാവികതയില്ല. അച്ചടി മാധ്യമത്തിൽ എഴുതുമ്പോൾ, അത് വായിക്കപ്പെടുന്നു എന്നതിന് യാതൊരു തെളിവുമില്ല – നമുക്കങ്ങനെ ഗമ നടിക്കാമെങ്കിലും. ബ്ലോഗിലാകട്ടെ, എന്തെങ്കിലും തെളിവിനു സാധ്യതയുണ്ട്. കമന്റുകളെ തെളിവായി പരിഗണിച്ചാൽ, അവയുടെ എണ്ണം കൂട്ടാൻ ബ്ലോഗർ പാടുപെടേണ്ടി വരും. എണ്ണം കൂടുന്നത് പോസ്റ്റിന്റെ മികവുകൊണ്ടാണോ, മറ്റേതെങ്കിലും വിധത്തിലാണോ എന്നതൊക്കെ ചിന്തിക്കേണ്ടതു തന്നെ.

അക്ഷരത്തിരുത്തലുകളോട് സാബിറ സ്വീകരിച്ച സമീപനമെന്തു തന്നെയായാലും, അവരെ അസഭ്യം പറയുന്ന ഖാദർ കൊടുങ്ങല്ലൂരിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അച്ചടിമഷി പോലും പുരണ്ട തന്റെ വാക്കുകൾ അത്ര നിസ്സാരമല്ലെന്ന ഭാവം സാബിറയ്ക്കുണ്ടാവാം. ആയിക്കോട്ടെ. പക്ഷേ, മറുപടിയായി സ്വന്തം നാടിന്റെ കുപ്രസിദ്ധിയെ ഓർമ്മിപ്പിക്കും വിധത്തിൽ മലിന വചനങ്ങൾ എഴുതിവിടുന്നത് അപലപനീയമാണ്. അമ്മദൈവത്തെ അശ്ലീല പദങ്ങളാൽ അഭിഷേകം ചെയ്യുന്ന ആ സംസ്കാരം അദ്ദേഹത്തിൽ രൂഢമൂലമാണെന്നു തോന്നുന്നു. സത്യത്തിൽ, ഉത്തരം മുട്ടിയപ്പോൾ വസ്ത്രമുയർത്തി സ്വന്തം ഗോപ്യജുഗുപ്സതകൾ പ്രദർശിപ്പിച്ച് സന്ദർഭത്തെ മലീമസമാക്കിയത് ശ്രീമാൻ കൊടുങ്ങല്ലൂരാണ്. കോട്ടും സ്യൂട്ടും കണ്ഠകൌപീനവുമൊന്നുമല്ലല്ലോ സംസ്കാരത്തിന്റെ തെളിവുകൾ.

കയ്യിൽ കാശായിക്കഴിയുമ്പോൾ സാംസ്കാരിക നായകത്വത്തിനു പുറപ്പെടുന്ന കഥാപാത്രത്തെ ഏതു സിനിമയിലാണു കണ്ടതെന്ന് ഓർക്കുന്നില്ല. ഹൈസൊസൈറ്റിക്കൊച്ചമ്മമാർക്ക് ചെറ്റപ്പുരകളെ സേവിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്ന് വീക്കേയെൻ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. പക്ഷേ, കാശു വാരിയെറിഞ്ഞു വാങ്ങുന്ന സാംസ്കാരിക നായകപ്പട്ടുകൊണ്ട് മനസ്സിന്റെ മലിനത മറച്ചുവയ്ക്കാനാവില്ല. നിവർന്നു നിന്നു മറുപടി പറഞ്ഞ പെണ്ണിനെ, ‘അടിയുടുപ്പു പൊക്കി ദുർഗന്ധം പരത്തിയവൾ’ എന്നു വിശേഷിപ്പിക്കുന്ന മനുഷ്യന്റെ ‘ഹൃദയപൂർവ്വമായ അടുപ്പ’ങ്ങളെ നാം സംശയിക്കേണ്ടിയിരിക്കുന്നു.

ബൂലോകം തെളിനീർപ്പുഴയാണെന്ന മിഥ്യാധാരണയൊന്നും ഈയുള്ളവനില്ല. സാദാ ലോകത്തുള്ള സർവ്വതരം ജീവികളും ബൂലോകത്തിലും ഉണ്ടാകും. എങ്കിലും, നേരിട്ടു പറഞ്ഞാൽ ശരീരക്ഷതം സംഭവിപ്പിക്കുന്ന അസഭ്യഭാഷണങ്ങൾക്കും കഴുതക്കാമങ്ങൾ നാറ്റൻപ്പാട്ടു പാടിക്കരഞ്ഞു തീർക്കുന്നതിനും ബ്ലോഗിനെ വേദിയാക്കാതിരുന്നെങ്കിൽ നന്നായിരുന്നു.

ഇത്രയുമെഴുതിയതിന് എന്റെ മേൽ സ്വന്തം മനോമലിനതകൾ കൊടുങ്ങല്ലൂരാൻ ഛർദ്ദിച്ചിടുമെന്ന് എനിക്കുറപ്പാണ്. മസാലയ്ക്ക് ഒരു പെണ്ണിനെയും ചേർക്കുമായിരിക്കും.

Thursday, September 30, 2010

ജകൃ കാവാലത്തിന്റെ പാതിരാക്കുട

ബ്ലോഗ്  എന്ന മാധ്യമത്തെക്കുറിച്ച്  വാതോരാതെ – സോറി, കീബോഡ് തോരാതെ പറയാൻ ഒരുപാടുണ്ട്. പലരും  ഇടയ്ക്കിടെ അതോർമ്മപ്പെടുത്താറുമുണ്ട്. എഡിറ്ററുടെ അഭാവം, പരസ്പര സംവേദനക്ഷമമായ കമന്റിങ് സൌകര്യം, ആർക്കും എഴുതുകയും വായിക്കുകയും ചെയ്യാവുന്ന ജനാധിപത്യാവസ്ഥ. തുടങ്ങിയവയൊക്കെയാണ് പരക്കെ വിസ്തരിക്കപ്പെടാറുള്ള ബ്ലോഗുണങ്ങൾ. കാര്യമെന്തായാലും, സമയവും സൌകര്യവുമുള്ളവർ വായിക്കും, മനസ്സുള്ളവർ കമന്റും. ഇതാണു നാട്ടുനടപ്പ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ബ്ലോഗിനെക്കുറിച്ചു വന്ന മുഖലേഖനവും വിശാലമനസ്കന്റെയും മറ്റും കുറിപ്പുകളും വായിച്ചപ്പോഴാണ് ഈയുള്ളവൻ ബ്ലോഗിനെക്കുറിച്ചറിയുന്നത് ; വായിച്ചു തുടങ്ങുന്നത്. സ്വന്തം രചനാശേഷിയുടെ പരിമിതികളെക്കുറിച്ച് ബോധവാനായതു കൊണ്ട്, അടുത്തകാലം വരെ വായിക്കുക മാത്രമായിരുന്നു – കമന്റുകൾ പോലും എഴുതിയില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം ബ്ലോഗിങ്ങിലുണ്ടായ പുരോഗതി അമ്പരപ്പിക്കുന്നതാണ്. ‘കൊടകരപുരാണ’വും  ‘കുറുമാ’നും മറ്റും പുസ്തകമായപ്പോഴും ചൂടപ്പം പോലെ സ്വീകരിക്കപ്പെടുന്നു. കൊടകരപുരാണത്തിലെ ഒരു പോസ്റ്റ് സിനിമയാക്കാനാഗ്രഹിക്കുന്നുണ്ടെന്ന് ചലച്ചിത്രകാരൻ  ശ്രീ കെ.ജി.ജോർജ്  അടുത്തയിടെ അഭിപ്രായപ്പെട്ടിരുന്നു.  ബ്ലോഗിലെ ‘കുമാരൻ’ പുസ്തകരൂപത്തിലും കത്തിക്കയറുന്നത് ഈയിടെ കണ്ടു.

ആയിരങ്ങൾ ഇടിച്ചുകയറുന്ന ഈ ബ്ലോഗുകൾക്കൊന്നും ഇല്ലാത്ത സെക്യൂരിറ്റി സംവിധാനങ്ങളുള്ള  ഒരു ബ്ലോഗിൽ കഴിഞ്ഞ ദിവസം അവിചാരിതമായിചെന്നു പെട്ടു. ചെന്നപ്പോഴാ മനസ്സിലായത്, അതത്ര ചില്ലറ ബ്ലോഗൊന്നുമല്ലെന്ന്. തുടക്കത്തിൽത്തന്നെ ഒരു മുന്നറിയിപ്പുണ്ട് : ബ്ലോഗിന്റെ ഒടുക്കം കൊടുത്തിരിക്കുന്ന ഭീഷണിക്കത്ത് വായിച്ചിട്ട് ബാക്കി വായിച്ചാൽ മതിയെന്ന്. ഭയഭക്തിബഹുമാനങ്ങളോടെ അത് കണ്ടുപിടിച്ചു. ഒന്നൊന്നര പേജുവരും. ഹേഡ് ഇടിയൻ കുട്ടൻ പിള്ളയുടെ സ്റ്റൈലിൽ ബ്ലോഗൻ അവിടെ നില്പുണ്ട്. ആ ബ്ലോഗിൽ ഉള്ള സകലതിനും മൂപ്പർ പേറ്റന്റ് എടുത്തിട്ടുണ്ടത്രേ. കഥ, കഥാപാത്രം, സ്ഥലം, കാലാവസ്ഥ, മനുഷ്യൻ, മൃഗം, മണ്ണ്, പുല്ല്, കുത്ത്, കോമ. എല്ലാമതിൽ ഉൾപ്പെടുമായിരിക്കും. മൂപ്പരുടെ പേര് ആരും വേറെങ്ങും ഉപയോഗിക്കാൻ പാടില്ല. ( പേടിച്ചിട്ട് ഞാനും അതെഴുതുന്നില്ല. ) ഇതെങ്ങാനും ലംഘിച്ചാൽ പോലീസുകാരെക്കൊണ്ട് പിടിപ്പിക്കും, ഇടിപ്പിക്കും, പ്രസ്ക്ലബ്ബിൽ പ്രദർശിപ്പിക്കും, ഗോതമ്പുണ്ട തീറ്റിക്കും, ജാമ്യം നിഷേധിക്കും.

മലയാളത്തിൽ മാത്രമല്ല ഭീഷണി. മലയാളമറിഞ്ഞു കൂടാത്ത വല്ല അമേരിക്കക്കാരോ ഇഗ്ലണ്ടുകാരോ എങ്ങാനും ഈ മലയാളം ബ്ലോഗ് മോട്ടിക്കാൻ വന്നാലോ? കളി ജകൃ കാവാലത്തോടു വേണ്ട! ഇംഗ്ലീഷിലുമുണ്ട് ഭീഷണി!!  രാജ്യസ്നേഹത്തിന്റെ അഭാവമാണോ ഹിന്ദിക്കാർ തസ്കരന്മാരല്ലെന്ന വിചാരംകൊണ്ടാണോ എന്നൊന്നും അറിഞ്ഞുകൂടാ, രാഷ്ട്രഭാഷയിൽ തർജ്ജമ കൊടുത്തിട്ടില്ല. അതും കൂടി വേണ്ടതായിരുന്നു!

ഇനി മുട്ടുകൂട്ടിയിടിച്ചും മുണ്ടിൽ മുള്ളിയൊഴിച്ചും പോസ്റ്റിലേക്ക് ചെല്ലുക. പൈങ്കിളിയവിടെ തത്തിപ്പറക്കുന്നതു കാണാം. തുഞ്ചന്റെ പൈങ്കിളിപ്പെണ്ണല്ല. മാത്യൂമറ്റത്തിന്റെയും സുധാകർ‘മംഗള’ത്തിന്റെയും മറ്റും പ്രേതപ്പൈങ്കിളിപ്പെണ്ണ് !

എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല; ആരാണ് ഈ പോസ്റ്റുകളെ മോഷ്ടിക്കാൻ വരുന്നത്? ‘പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന് പല ഗേറ്റിലും വായിച്ചിട്ടുണ്ടെങ്കിലും സ്ഥാവര ജംഗമവസ്തുക്കളുടെ ലിസ്റ്റ് പ്രദർശിപ്പിച്ച്, അവയെല്ലാം പട്ടിയെ ഭരമേൽ‌പ്പിച്ചിരിക്കുകയാണെന്നും അവയിൽ നോക്കുന്നവരെയെല്ലാം പട്ടിയെ വിട്ട് കടിപ്പിക്കുമെന്നും മറ്റുമുള്ള ദീർഘപ്രഭാഷണങ്ങൾ വായിച്ചിട്ടില്ല, ഒരു ഗേറ്റിലും ഞാൻ. ‘കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ‌കുഞ്ഞ്’ എന്നാണല്ലോ. അദൃശ്യരും അജ്ഞാതരുമായ, പിള്ളാരെപ്പിടിത്തക്കാരെ എല്ലാ അമ്മമാരും പേടിക്കുന്നുണ്ടാവും. ആ നിലയ്ക്ക് ശ്രീ ജകൃ കാവാലം കുടയൊരെണ്ണം  പിടിക്കുന്നതിൽ അപാകതയില്ലായിരിക്കും.

Tuesday, September 28, 2010

കലാവാസന ജന്മസിദ്ധമോ?

ഗുരുകുലം എന്ന ബ്ലോഗിലെ കവിതയും ശാസ്ത്രജ്ഞന്മാരും എന്ന പോസ്റ്റിന് എഴുതിയ കമന്റുകൾ
*
*
*
വികലമായ പുനർവായനകളുടെ ദുരന്തഫലമാണ് ‘കവിതയും ശാസ്ത്രജ്ഞന്മാരും’ എന്ന ഈ പോസ്റ്റ്.

ലഭ്യമായ സംസ്കൃത ഭാഷാജ്ഞാനം കൊണ്ട് പ്രചീന കൃതികളെ ദുർ‌വ്യാഖ്യാനം ചെയ്യുന്നത് ഇന്നു പതിവായിരിക്കുന്നു. ‘ജന്മസിദ്ധമായ കഴിവുകൊണ്ടല്ല കവിതയെഴുതുന്നത്’ എന്ന അഭിപ്രായം ശ്ലോകകാരന്റെ തലയിൽ കെട്ടിവച്ചതു കണ്ട് ഞെട്ടിപ്പോയി! ആ അഭിപ്രായം കെട്ടിയെഴുന്നെള്ളിക്കാനുള്ള ബ്ലോഗുകാരന്റെ അവകാശത്തെ ആദരിച്ചുകൊണ്ടു തന്നെ പറയട്ടെ,  ശ്ലോകകാരൻ ഈ നീചവ്യാഖ്യാനത്തെ അംഗീകരിക്കില്ല.

കവിത്വം, മറ്റേതു കലയെയും പോലെതന്നെ ജന്മസിദ്ധമാണ് – പ്രയത്നസിദ്ധമല്ല. ജന്മനാ ആ ഗുണമുള്ളവന്, അതിനെ വായനയിലൂടെയും നിരന്തര രചനകളിലൂടെയും പരിപോഷിപ്പിച്ചെടുക്കാനാവും. ജന്മനാ കവിയല്ലാത്തവൻ എത്ര യത്നിച്ചിട്ടും ഫലമില്ല. ( ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു!) ജന്മസിദ്ധമായ കലാവാസന പ്രകടമാകാൻ ബാല്യകാലത്തേ രംഗത്തിറങ്ങേണ്ട കാര്യമൊന്നുമില്ല. പെൻഷൻ പറ്റിയ ശേഷം , കലാരംഗത്തേയ്ക്കിറങ്ങി പ്രശസ്തരായ എത്രയോ പേരുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ  മറ്റു മേഖലകളിൽ വ്യാപൃതരായിരുന്നു. സ്വന്തം കലാശേഷി, ഒരു പക്ഷേ തിരിച്ചറിഞ്ഞാൽ പോലും അതിനെ പരിപോഷിപ്പിക്കുന്നതിനു സമയം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ടാവില്ല. അതിനുള്ള സമയം ലഭിച്ചപ്പോൾ ആ ജന്മഗുണം ഉണരുന്നു. സാഹിത്യ രംഗത്തു മാത്രമല്ല്ല, സംഗീതം, ചിത്രരചന, ഫോട്ടോഗ്രഫി, എന്തിനേറെപ്പറയുന്നു, ഡ്രൈവിങ് രംഗത്തു പോലും നിരവധി ഉദാഹരണങ്ങളുണ്ട്. ഏതു കലാപഠനരംഗത്തും,  പഠിക്കുന്നവർക്കെല്ലാം കലാകാരന്മാരാകാൻ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനു യാതൊരു സങ്കീർണ്ണതയുമില്ല. എങ്ങും ആരും പഠിപ്പിച്ചില്ലെങ്കിലും യേശുദാസ് ഹൃദ്യമായി പാടിയേനേ. സാക്ഷാൽ ത്യാഗരാജ ഭാഗവതരും സ്വാതിയും ദീക്ഷിതരും ഗോവിന്ദമാരാരുമെല്ലാം ചേർന്ന് വർഷങ്ങൾ മെനക്കെട്ടു പഠിപ്പിച്ചാലും ഈയുള്ളവൻ ഒരു വരി പോലും പാടില്ല.  ഉറപ്പിച്ചു പറയട്ടെ, പ്രയത്നസിദ്ധമല്ല കലാഗുണം.

യഥാർത്ഥത്തിൽ, ഈ വസ്തുത തന്നെയാണ് ശ്ലോകകാരൻ അവതരിപ്പിച്ചിരിക്കുന്നത്. കവിത/ശ്ലോകം വായിച്ച് കാവ്യമർമ്മം ഗ്രഹിക്കുന്നതിന് അക്ഷരജ്ഞാനവും ഭാഷാജ്ഞാനവും മാത്രം പോരാ, സഹൃദയത്വം കൂടി വേണമെന്നാണ് ശ്ലോകകാരൻ അസന്ദിഗ്ധമായി പറയുന്നത്. കവിത ഭാഷാപ്രയോഗമാണെന്നു മനസ്സിലാക്കി, അമരകോശവും പാണിനീയവും കാണാതെ പഠിച്ച്, വ്യാകരണപരമായി സർവ്വഥാ സാധുവായ കുറേ വരികൾ എഴുതിയുണ്ടാക്കിയാൽ അത് കവിതയാകില്ല. ( പിതരം ഏവ………… ഏതി. )


തർക്കശാസ്ത്രപണ്ഡിതന്റെ പഴുതില്ലാത്ത വാക്കുകൾ കവിതയാകില്ല. ( ന ഭ്രാതരം താർക്കികം )

കവിത ഛന്ദസ്സിൽ ( വൃത്തത്തിൽ ) രചിക്കപ്പെടുന്നതാണെന്നു വച്ച്, വൃത്തനിയമങ്ങൾ കടുകിടെ തെറ്റാതെ എഴുതിയുണ്ടാക്കുന്നതെന്തും കവിതയാകില്ല. “മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ / പതിനാലിന്നാറു ഗണം, പാദം രണ്ടിലുമൊന്നു പോൽ / ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും / നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം‘ – എന്ന് കേക വൃത്തത്തിന്റെ ലക്ഷണം.

“കവിത/യെന്താ/ണെന്നു/യാതൊന്നു/മറി/യാതെ
                             കവിത/നിർ‌വ/ചിക്കാ/നിറങ്ങി/യല്പ/ബുദ്ധി“
മേൽക്കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക. ഛന്ദശാസ്ത്രപ്രകാരം ഈ ഈരടി വളരെ കൃത്യമാണ്. 3,2,2,3,2,2 എങ്ങനെ അക്ഷരസംഖ്യയുള്ള ആറു ഗണങ്ങളിൽ ആകെ പതിനാലക്ഷരങ്ങൾ. രണ്ടു പാദങ്ങളിലും ( ഈരടിയുടെ രണ്ടു വരികളിലും) അക്ഷരസംഖ്യ ഒന്നു തന്നെ. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലുമുണ്ട്. നടുക്ക് (ഏഴാമക്ഷരത്തിനു ശേഷം) യതി (ചെറിയ നിർ‌ത്ത്) യുമുണ്ട്. ഏതു ഛന്ദശാസ്ത്രകാരനും ഈ വരികൾ കേകയാണെന്നുറപ്പിച്ചു പറയും, സംശയമില്ല. പക്ഷേ, ഇത് കവിതയല്ല!  ഈ വരികളിൽ കവിതയില്ല. അല്പം താളബോധമുള്ള ആർക്കും ഏതു ഛന്ദസ്സിന്റെ താളത്തിലും വരികൾ കെട്ടിയുണ്ടാക്കാം. (സിനിമാപ്പാട്ടിന്റെ പാരഡിയുണ്ടാക്കുന്നതു പോലെ ). ഛന്ദശാസ്ത്രപ്രകാരം ശരിയാണെന്നു വച്ച് അവ കവിതയാകില്ല. ഛന്ദസ്സിലെ കടും‌പിടിത്തം കവിതയുണ്ടാക്കില്ല. വേണ്ടി വന്നാൽ ഗദ്യത്തിലും ( !) കവിതയാകാം.  ഛന്ദസ്സാണു കവിതയെന്നു നിർബന്ധം പിടിക്കുന്നവനിൽ നിന്ന്, ചണ്ഡാലനിൽ നിന്നെന്ന പോലെ കവിത മാറി നിൽക്കും. (ചണ്ഡാലവത്…………ഗച്ഛതി)


കാവ്യമീമാംസാപണ്ഡിതന് കവിതയെഴുതാനാവണമെന്നില്ല. ശബ്ദവും ധ്വനിയുമെല്ലാം അരച്ചു കലക്കിക്കുടിച്ചവൻ മികച്ച കവിയാകില്ല. മലയാളത്തിലെ മഹാന്മാരായ കവികളുടെ കൂട്ടത്തിൽ ഏ.ആറിനെ പരിഗണിക്കാറില്ലല്ലോ. എന്നാൽ, ആശാനും ചങ്ങമ്പുഴയും ഒക്കെ മീമാംസയിലെ വ്യുല്പത്തി കൊണ്ടല്ല ശ്രേഷ്ഠകവികളായി ഗണിക്കപ്പെടുന്നത്. മീമാംസാപണ്ഡിതൻ പ്രയോഗശേഷിയില്ലാത്ത നപുംസകമത്രേ. (മീമാംസാ…….ആദരാ)

എന്നാൽ കവിതാഗുണമുള്ളവരെ കവിതാകാന്ത സ്വയം വരിക്കുന്നു! ‘സ്വയം വരിക്കുന്നു’ ( സ്വയം വൃണീതേ) എന്നത് അടിവരയിട്ട് ആവർത്തിച്ച്, മനസ്സിലാക്കണം. കവിതാകന്യകയെ വരിക്കാൻ എത്ര കൊല്ലം അധ്വാനിച്ചിട്ടും, പുറകേ നടന്നിട്ടും, തപസ്സു ചെയ്തിട്ടും കാര്യമില്ല. അങ്ങോട്ടു പുറപ്പെട്ടുചെല്ലുന്നവരെ വരിക്കുന്നവളല്ല ആ വരകന്യക. അവൾ വരണമാല്യവുമായി തേടി വരുന്നവളാണ്. കാവ്യകന്യകയുടെ കയ്യിൽ നിന്നു മാല പിടിച്ചു വാങ്ങി സ്വയം കഴുത്തിലിടാൻ അവിരാമം ശ്രമിക്കുന്നവനല്ല;  കാവ്യകന്യകയുടെ ഹാരാർപ്പണം (ജന്മനാ!) നേടിയവൻ മാത്രമേ കവിയാവുകയുള്ളൂ എന്നാണ് ശ്ലോകകാരൻ സന്ദേഹലേശമെന്യേ വ്യക്തമാക്കുന്നത്.


പടച്ചുണ്ടാക്കുന്ന പാണ്ഡിത്യം കാവ്യരചനയ്ക്കു മാത്രമല്ല കാവ്യാസ്വാദനത്തിനും പ്രയോജനപ്പെടുകില്ലെന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.                                                                                                                               


പ്രിയ ഉമേഷ് ഭായീ,
എന്റെ നോട്ടപ്പിശകാവാം, നേരത്തേ കമന്റെഴുതിയപ്പോൾ താങ്കളുടെ പേര് എനിക്കു കണ്ടെത്താനായില്ല.. ക്ഷമിക്കുക.

ഞാൻ ആദ്യമായാണ് താങ്കളെ വായിക്കുന്നത്. ‘റിട്ടയർ‌മെന്റ് കലാജീവിതം’ ഞാൻ സൂചിപ്പിച്ചത് ഉദാഹരണം എന്ന നിലയിൽ മാത്രമാണ്. കലാശേഷി ജന്മനാ ലഭിച്ച വ്യക്തികൾക്ക്  നിത്യാഭ്യാസത്തിലൂടെ അതിനെ വളർത്തിയെടുക്കാമെന്ന എന്റെ വാദത്തെ വിശദമാക്കുന്നതിനു വേണ്ടി. ഇതു മനസ്സിലാക്കാൻ ഏതെങ്കിലും കലാധ്യാപകരോടു സംസാരിക്കുകയായിരിക്കും എളുപ്പം. ജന്മവാസനയില്ലാതെ, വെറും സ്റ്റൈലിനു പഠിക്കാൻ വരുന്നവരെ സഹിക്കുന്നത് അവരാണല്ലോ.

‘ജന്മഗുണം’ എന്ന പദത്തെ താങ്കൾ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. ‘ജന്മനായുള്ള ഗുണം’ എന്നാണ് ഞാനർത്ഥമാക്കിയത്. ‘കുലീനത’യെപറ്റിയുള്ള സൂചനകൾ അതിലില്ല എന്നു ഉറപ്പിച്ചു പറയട്ടെ.

വർഷങ്ങൾ കഷ്ടപ്പെട്ടു നടത്തുന്ന സംഗീതാഭ്യസനവും ശിക്ഷണവും കൊണ്ടൊന്നും കലാകാരൻ ഉണ്ടാവില്ല. യേശുദാസ് ജന്മനായുണ്ടായിരുന്ന കലാവാസനയെ പരിശീലനത്തിലൂടെ പരിപോഷിപ്പിച്ചെടുത്തു. മറിച്ചാണെങ്കിൽ, മലയാളം എം. എ. ക്കാരെല്ലാം മഹാകവികളാവേണ്ടേ?  ‘തലേവര’ എന്ന സംഗതി ഞാൻ പരാമർശിച്ചിട്ടേയില്ലല്ലോ?  ‘ജന്മസിദ്ധം’ എന്നു ഞാൻ പറഞ്ഞു. തലേവര, ദൈവാധീനം, മുജ്ജന്മസുകൃതം തുടങ്ങിയവ എന്റെ വാദങ്ങളല്ല. ഒന്നു ചോദിച്ചോട്ടേ : ഇക്കണ്ട ഭാഗവതന്മാരെല്ലാം കൂടി ശ്രമിച്ചാൽ താങ്കളെ ഒരു സംഗീതജ്ഞനാക്കാനാവുമോ? ലോകത്തിലെ മുഴുവൻ ചിത്രകലാധ്യാപരും ശ്രമിച്ചാൽ താങ്കൾ രവിവർമ്മയാകുമോ? ആരെങ്ങനെ ശ്രമിച്ചാലും താങ്കളുടെ ജന്മവാസനയ്ക്കനുസരിച്ചേ ഫലമുണ്ടാവുകയുള്ളൂ. സംശയമുണ്ടെങ്കിൽ  ഏതെങ്കിലും കലാവിദ്യാലയത്തിൽ ചെന്ന് വായ്പ്പാട്ട്, മൃദംഗം, തബല, ഹർമ്മോണിയം, വയലിൻ, ഡ്രംസ്, വീണ , ഓടക്കുഴൽ, ഗഞ്ചിറ കോഴ്സുകൾക്കെല്ലാം ചേർന്നു നോക്കൂ.

@സുനിൽ പണിക്കർ
വരയിൽ സ്പെഷ്യലൈസ് ചെയ്തതിനു ശേഷം മാത്രമാണോ താങ്കൾ വരച്ചു തുടങ്ങിയത്? അല്ല, എന്നു തന്നെയല്ലേ ഉത്തരം? ജന്മസിദ്ധമായ കഴിവില്ലാത്തവർക്കും ഏതു കലയും അഭ്യസിക്കാം. ആരെതിർക്കാൻ! പക്ഷേ, അവർക്കത് സ്വായത്തമാവില്ല. എന്തെങ്കിലും കാട്ടിക്കൂട്ടാമെന്നല്ലാതെ അവരുടെ ‘സൃഷ്ടി’  ഒരു കലാരൂപമാവില്ല.

ഫോട്ടോഗ്രഫിയും ഡ്രൈവിങ്ങും ടെക്നിക്കലാണെങ്കിലും കലകൾ തന്നെ. കമ്പ്യൂട്ടറിൽ മൌസുകൊണ്ടു വരയ്ക്കുന്നതും ടെക്നിക്കൽ തന്നെ. പക്ഷേ, ‘ടെക്നിക്ക’റിയാവുന്നതു കൊണ്ട് കലാകാരന്മാരുണ്ടാവില്ല.  വിക്ടർ ജോർജ്ജ് ഉപയോഗിച്ചിരുന്നത് നിക്കോൺ എഫ്. എം.2 എന്ന മാനുവൽ ക്യാമറയാണ്.അതിലും മികച്ച ക്യാമറകൾ ഉപയോഗിച്ചിരുന്ന മറ്റു പ്രസ്സ്ഫോട്ടോഗ്രാഫർമാർക്കൊപ്പം ഒരേ സംഭവത്തിന്റെ ഫോട്ടോകൾ അദ്ദേഹം എടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോകളേക്കാൾ കാലാതിവർത്തിയായ മേന്മകൾ വിക്ടറിന്റെ ഫോട്ടോകൾക്കുണ്ടായത്, മനോരമ അദ്ദേഹത്തിന്  ഉപദേശിച്ചുകൊടുത്ത വല്ല ‘പത്തൊൻപതാമത്തെ അടവിന്റെ’യോ , ‘ദിവ്യായുധപ്രയോഗ’ത്തിന്റെയോ സഹായത്താലാണോ?

Friday, September 24, 2010

കാളിദാസന്റെ ഇസ്‌ലാം വിമർശനം


കവിതാ കാളിദാസസ്യ” എന്നു തുടങ്ങുന്ന ഒരു സംസ്കൃത ശ്ലോകമുണ്ട്. കാളിദാസകവിയുടെ  കാവ്യമഹിമാതിരേകത്തെ വാഴ്ത്തുകയാണതിൽ. മഹാകവിയുടെ പേരിൽ മലയാളത്തിലൊരു ബ്ലോഗറുണ്ടെന്ന് ഞാനറിയുന്നത് ചിത്രകാരന്റെ ബ്ലോഗിൽ നിന്നാണ്. കാളിദാസ ബ്ലോഗറെ വ്യക്തിപരമായി നീചാധിക്ഷേപം ചെയ്യാൻ ഒരാൾ ഒരു ബ്ലോഗു തുടങ്ങിയതിനെ പരാമർശിച്ച് ചിത്രകാരൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞാനാദ്യം ‘അധിക്ഷേപി’യുടെ ബ്ലോഗിലാണു ചെന്നത്. കൊള്ളാം! സ്കൂൾ ഭിത്തിമുഴുവൻ  പച്ചിലകൊണ്ട് പച്ചത്തെറി എഴുതിയും വരച്ചും വെച്ചിരുന്ന പഴയ കക്ഷികളെ ഓർമ്മ വന്നു, എനിക്ക്. പുണ്യമാസത്തിൽത്തന്നെ മതത്തിന്റെ പേരിൽ പച്ചത്തെറി പരസ്യപ്പെടുത്തിയവന്റെ അരിശം അസാമാന്യം തന്നെ!

പിന്നെയാണു ഞാൻ കാളിദാസനിലെത്തിയത്.  മികച്ച ലേഖനങ്ങൾ എന്നു പറയാതെ വയ്യ. കൃത്യവും സൂക്ഷ്മവുമായ ചിന്ത, ആക്രമണം, പ്രതിരോധം. ‘ഉണ്ടിരുന്ന നായർക്ക് ഒരു വിളി തോന്നി’യതു പോലെയല്ല. മൂപ്പരിതിനു വേണ്ടി കുറേ സമയം മെനക്കെടുത്തുന്നുണ്ട്. നന്നായി ഹോം‌വർക്ക് ചെയ്യുന്നുണ്ട്. ധീരമായി ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തുന്നുമുണ്ട്.

പക്ഷെ, ഞാനിവിടെ പറയാനുദ്ദേശിക്കുന്നത്  മറ്റൊരു കാര്യമാണ്: അക്കാദമീയ നിലവാരത്തിലുള്ള ഒരു പ്രവർത്തനമാണ് കാളിദാസന്റേത് എങ്കിലും അത് പലപ്പോഴും സമുദായ നിന്ദയായി തരംതാണുപോകുന്നു. ലോകത്തെമ്പാടുമുള്ള മുസ്‌ലീം ജനതയിൽ ഒരു വിഭാഗം --- വളരെ ചെറിയ ഒരു വിഭാഗം --- തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ആ തീവ്രവാദികളെ സപ്പോർട്ടു ചെയ്യുന്ന  ഒരു വിഭാഗം ലോകമുസ്‌ലിങ്ങളിലുണ്ട്. മാനസികമായി പിന്തുണയ്ക്കുകയും സ്വന്തം കാര്യം നോക്കി ജീവിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത ഒരു വിഭാഗവുമുണ്ടാകും. അവരുടെ സംഖ്യ അത്ര ചെറുതൊന്നുമായിരിക്കില്ല  എന്നാണു ഞാൻ കരുതുന്നത്. കഴിഞ്ഞ് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ, വിശേഷിച്ച് ഉത്തരേന്ത്യയിൽ,  ചില ഗോത്രസമൂഹങ്ങളെ കുറ്റവാളി ഗോത്രങ്ങളായി മുദ്രകുത്തി വേർതിരിച്ച് അവമതിച്ചതു പോലെയുള്ള ഒരു സമീപനമാണ് മുസ്‌ലിങ്ങളെക്കൂറിച്ച് കാളിദാസൻ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനങ്ങളും മറുപടികളും വായിച്ചാൽ , ഒന്നൊഴിയാതെ എല്ലാവരും ഭീകരവാദികളായ മതമാണു ഇസ്‌ലാമെന്നു തോന്നും. പരിമിതമെങ്കിലും എന്റെ ജീവിതാനുഭവങ്ങൾ  അത്തരമൊരു ചാപ്പകുത്തലിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു.

നൂറ്റാണ്ടുകളായി ഒരു ദൈവശാസ്ത്രത്തിൽ വിശ്വസിക്കുകയും ഒരു ജീവിതചര്യ പിന്തുടരുകയും ചെയ്യുന്ന ഒരു സമൂഹത്തെ വിമർശിക്കുമ്പോൾ, അവരോട് ഒരു മിനിമം പ്രതിപക്ഷ ബഹുമാനമെങ്കിലും കാണിക്കേണ്ടതുണ്ട്. അവരുടെ ബഹുമാനിത രൂപങ്ങളോട് മര്യാദ പ്രകടിപ്പിക്കാൻ നാം തയ്യാറാവണം.  ഖുറാന്റെ ദൈവികതയെക്കുറിച്ച്, മുഹമ്മദിന്റെ ദൈവജ്ഞതയെക്കുറിച്ച്,  ഇസ്‌ലാമിന്റെ അപ്രമാദിത്വത്തെക്കുറിച്ച് എല്ലാം ആർക്കു വേണമെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടാകാം. അതു പ്രകടിപ്പിക്കുകയുമാവാം. എന്നാൽ, അതേപ്പറ്റി ഗൌരവമായ സംവാദത്തിനു തയാറായി  വരുന്ന മുസ്‌ലിങ്ങളോട് അവഹേളനപരമായി പ്രതികരിക്കേണ്ടതുണ്ടോ?  ഖുറാനെ ഒരു ‘പുസ്തകം’ എന്നു വിശേഷിപ്പിക്കാൻ പോലും പലപ്പോഴും കാളിദാസൻ തയ്യാറല്ല. വെറും ‘പൊത്തകം’ ആണ് അദ്ദേഹത്തിനത്. അപരിഷ്കൃതത്വവും അസഹിഷ്ണൂതയും ഇസ്‌ലാമിനു മേൽ ആരോപിക്കുന്ന കാളിദാസൻ , മാന്യമുസ്‌ലിങ്ങളുടെ പ്രതികരണങ്ങളോടു കാണിക്കുന്ന അപരിഷ്കൃതമായ അസഹിഷ്ണുത അമ്പരപ്പിക്കുന്നതാണ്.

മുഹമ്മദ് പ്രവാചകനല്ലെന്നും ഖുറാൻ ദൈവപ്രോക്തമല്ലെന്നും മറ്റും കാളിദാസൻ പല ലേഖനങ്ങളിലൂടെയും മറുകുറികളിലൂടെയും എഴുതിയത് അംഗീകരിക്കാൻ തയ്യാറായാൽ പോലും മറ്റൊരു വസ്തുത ബാക്കി നിൽക്കുന്നു. കാളിദാസന്റെ പ്രബോധനങ്ങൾ ഉൾക്കൊണ്ട്, ഇസ്‌ലാമിന്റെ വ്യർത്ഥത തിരിച്ചറിഞ്ഞ്, ആ മതം ഉപേക്ഷിക്കാൻ തയ്യാറാവുന്ന ഒരാളുടെ മുന്നിൽ കാളിദാസൻ കാണിച്ചു കൊടുക്കുന്ന മറുമാർഗ്ഗം ഏതാണ്? ഏതു മതത്തിന്റേതാണ്? അഥവാ, ഈ ലേഖനങ്ങളിലൂടെ കാളിദാസൻ എന്തു മാറ്റമാണ് ആഗ്രഹിക്കുന്നത്, പ്രതീക്ഷിക്കുന്നത്?

Monday, September 20, 2010

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ബ്ലോഗും കുറേ ചിന്തകളും

എന്റെ ബ്ലോഗ്‌വായനാജീവിതത്തിലെ പ്രധാന ദിവസങ്ങളിലൊന്നാണ് , അവിചാരിതമായി  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  ബ്ലോഗ് കണ്ടെത്തിയത്. .‘തുറമുഖം’  എന്ന ബ്ലോഗിലെത്തിയപ്പോൾ, നിനച്ചിരിക്കാതെ തുറമുഖത്തെത്തിയ ഒരു നൌകയുടെ സന്തോഷമായിരുന്നു എനിക്ക്.

മതിമറന്നാണു ഞാൻ, കവിത അതിൽ വായിച്ചത്. സാധാരണ വർഷത്തിൽ ഒന്നോ രണ്ടോ കവിതകളേ ചുള്ളിക്കാടിന്റേതായി വായിക്കാൻ കിട്ടൂ. അതും വിവിധ പ്രസിദ്ധീകരണങ്ങളിൽ. അപ്പോഴിതാ ‘ചുള്ളി’യെ സ്ഥിരമായി വായിക്കാൻ ഒരിടം!

അമ്പരപ്പൊന്നടങ്ങിയപ്പോൾ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. സമകാലിക കവികളിലെ അഗ്രഗണ്യരിലൊരാളായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ബ്ലോഗിനു ലഭിക്കുന്ന കമന്റുകൾ  5, 6,7 കമന്റാണു ബ്ലോഗിന്റെ മാനദണ്ഡം എന്നല്ല. എന്നാലും

അച്ചടിമാധ്യമത്തിൽ നിന്ന് ഐടി മാധ്യമത്തിലേയ്ക്കു വന്ന കവിയ്ക്ക് അവിടെയെന്താണ് സ്വീകാര്യതക്കുറവ്? ഏറെ ചിന്തിച്ചു നോക്കിയെങ്കിലും തൃപ്തികരമായ ഒരുത്തരത്തിൽ എത്തിച്ചേരാനായില്ല. കവിയ്ക്ക് ഈ മാധ്യമത്തെ ഉൾക്കൊള്ളാനാവാത്തതാണോ? സാധാരണ ബ്ലോഗിലെ കമന്റുകൾ ‘അങ്ങോട്ടുമിങ്ങോട്ടുമുള്ള പാല’മാണല്ലോ. അങ്ങിനെയല്ലാത്തതിന്റെ പ്രശ്നമാണോ? അതോ, കവിയശ:പ്രാർ‌ത്ഥികളെയല്ലാതെ കവിയശസ്വികളെ ബ്ലോഗിൽ ആവശ്യമില്ലാത്തതുകൊണ്ടാണോ? ഒരെത്തും‌പിടിയും കിട്ടുന്നില്ല.

എന്തായാലും അച്ചടിമാധ്യമത്തിലെ പുലികൾ, ബ്ലോഗുലകത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് ഉറപ്പ്. ശ്രീ സുസ്മേഷ് ചന്ത്രോത്തിനെ നോക്കൂ. ചുള്ളിക്കാടിനേക്കാൾ അല്പം ഭേദമാണെന്നു മാത്രം. ശ്രീ എസ്. ആർ ലാലിന്റെ ബ്ലോഗും തഥൈവ. ‘കുമാരസംഭവ’ത്തിലെയും മറ്റും കമന്റുകൾ സെഞ്ച്വറിക്കടുത്തെത്തുമ്പോഴാണിത് എന്നോർക്കുക.

വീണ്ടും ചിന്തിച്ചു പോകുന്നു : തകരാറ്‌ ആരുടേതാണ്? എന്തായാലും അവരുടെ സൃഷ്ടികളുടേതല്ല. ആവശ്യത്തിലേറെ സർ‌ട്ടിഫിക്കറ്റുകൾ നേടിയതാണവ. പിന്നെ? ബ്ലോഗിനോടുള്ള ആ എഴുത്തുകാരുടെ സമീപനത്തിന്റെ?  അവരോടുള്ള വായനക്കാരുടെ സമീപനത്തിന്റെ? മികച്ച കവിതകളോടുള്ള ബ്ലോഗ് വായനക്കാരുടെ സമീപനത്തിന്റെ?

എവിടെ നിന്നാണ് ഒരു മറുപടി ലഭിക്കുക..?

Saturday, September 11, 2010

ജാതി സെൻസസ് : ഒരു വിയോജനക്കുറിപ്പ്

((ശ്രീ ഷുക്കൂർ ചെറുവാടിയുടെ  ‘ജാതി തിരിക്കണോ?’ എന്ന പോസ്റ്റിനുള്ള മറുപടി))


‘ജാതി തിരിക്കണോ’ന്നു വായിച്ചു. താങ്കളുടെ വാദങ്ങളോടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തിക്കൊള്ളട്ടെ.




‘മതേതരത്വം കൊണ്ട് പുകൾപെറ്റ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്ന് താങ്കൾ എഴുതിയത് വായിച്ചിട്ട് ചിരി വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതു ശരി തന്നെ. പക്ഷേ, എവിടെയാണ് മതേതരത്വത്തിന്റെ പുകഴ്ച? ഭരണഘടന, രാജ്യത്തിനെ ‘മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്’ എന്നു വിഭാവനം ചെയ്തിരിക്കുന്നു. ‘മതേതരത്വം’ എന്നത് എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? ഒരു മതത്തിനും വിശേഷിച്ച് പ്രാധാന്യം ഒന്നും ഇല്ലാ‍ത്ത അവസ്ഥ എന്ന്. പക്ഷേ, നാമതിനെ മനസ്സിലാക്കിയിരിക്കുന്നത് എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം എന്നാണ്. ഈ രണ്ടു വ്യാഖ്യാനവും റദ്ദാവുന്നതാണ് ഇന്ത്യയിലെ സാമൂഹ്യാവസ്ഥ.



രാജ്യം ജനിച്ചത് രണ്ടു മതങ്ങൾ ഒഴുക്കിയ ചോരപ്പുഴയിൽ കുളിച്ചാണ്. എല്ലാ വർഷവും വിവിധ ഭാഗങ്ങളിൽ അനുഷ്ഠാനകർമ്മങ്ങൾ പോലെ മത ലഹളകൾ നടക്കുന്നു. അവയിൽ പരമാവധി സ്കോർ ചെയ്യാൻ പരസ്പരം മത്സരിക്കുന്നു. ഈ രാജ്യം എങ്ങനെയാണ് മതേതരത്വത്തിന്റെ മാതൃകയാകുന്നത്? ഓരോ വ്യക്തിയും മതത്തിൽ ജനിച്ച്, മതത്തിൽ വളർന്ന്, മതത്തിൽ മരിക്കുമ്പോൾ; മതത്തെ ഒരു മൂല്യ വ്യവസ്ഥിതിയായി കാണാതെ ആചാരവ്യവസ്ഥിതിയും അനുഷ്ഠാനവ്യവസ്ഥിതിയുമായി മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ, ഇവിടെ എവിടെയാണ് മതേതരത്വം? എനിക്കും നിങ്ങൾക്കും സ്വന്തം മതത്തെ തൊട്ടുകളിച്ചാൽ ചോര തിളയ്ക്കുമ്പോൾ ഇവിടെന്തു മതേതരത്വം?



‘ഏതു അടിയാളർക്കും അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ മുടിചൂടാമന്നൻ‌മാരായി വിരാജിക്കാം എന്നു തെളിയിച്ച നാട്’ എന്ന് അതിശയോക്തിപരവും അലങ്കാരപൂർണ്ണവുമായ ക്ലീഷേകൾ ഉപയോഗിച്ച് താങ്കൾ പറയുന്നു. യാഥാർത്ഥ്യം മറ്റൊന്നാണ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പോലും പല ഗ്രാമങ്ങളിലെയും പൊതു നിരത്തുകളും പൊതുകിണറുകളും അടിയാളർക്ക് അപ്രാപ്യമാണ്. ഉത്തരേന്ത്യയിലെ കാര്യം പറയാനില്ല. ‘അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ’ എത്തുന്നത് മറ്റൊരു രസം. കേരളത്തിലെ അസംബ്ലി/ ലോക്സഭാ നിയോജകമണ്ഡലങ്ങളിൽ , ഇന്നുവരെ ഏതെങ്കിലും അടിയാളൻ , സംവരണ സീറ്റിലല്ലാതെ, ജനറൽ സീറ്റിൽ മത്സരിച്ചിട്ടുണ്ടോ? കേരളത്തിലെ പ്രബുദ്ധ പുരോഗമന പാർട്ടികളിൽ ഏതെങ്കിലും ഒന്ന് ഏതെങ്കിലും അടിയാളനെ പൊതുസീറ്റിൽ നിർത്തിയിട്ടുണ്ടോ? ഇല്ല, ഇല്ല. ഇവിടെ അധികാരകേന്ദ്രങ്ങളിൽ എത്തിയവർ സംവരണത്തിലൂടെ മാത്രം എത്തിയവരാണ്. അങ്ങനെയുണ്ടായ ഒരു പഞ്ചായത്ത് പ്രസിഡന്റ് എന്റെ നാട്ടിലുമുണ്ട്. വിപ്ലവപ്പാർട്ടിയുടെ മെംബർ. ജനറൽ സീറ്റുകാരനായ വൈസ് പ്രസിഡന്റ് ഭരിക്കും. മിണ്ടാതെ കണ്ടു നിന്നാൽ മതി, ‘ഉത്തുംഗതയിലെ മുടിചൂടാ മന്നൻ‌മാർ’ ( ആ പ്രയോഗം അർത്ഥവത്തായി : ‘മുടി ചൂടാൻ‘ അവരെ അനുവദിക്കാറില്ല. കിരീടം ചിലരുടെ കൈവശമാണ്. റബർസ്റ്റാമ്പു മാത്രമാണ് അടിയാള അധികാരി.) അടിയാളവർഗ്ഗങ്ങളിൽ നിന്നുയർന്നു വന്നവർ, ഭാരതീയരുടെ സൌമനസ്യം കൊണ്ടല്ല, ബ്രിട്ടീഷുകാരന്റെ മാനവികത കൊണ്ടാണ് അത് സാധ്യമാക്കിയത്. “നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ്” എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഓർക്കുക.



മുടിചൂടാമന്നൻ‌മാരായി ‘വിരാജിക്കാം‘ എന്നാണു മാഷിന്റെ പ്രയോഗം. അടിയാളനായ ഏതെങ്കിലും അധികാരിയോടു ചോദിക്കൂ, ‘വിരാജിക്കൽ’ എങ്ങനെയുണ്ടെന്ന്. അംബേദ്കർ എത്ര യുദ്ധം ചെയ്തതാണെന്ന് വായിച്ചറിയാം . സാദാ പ്യൂണിന്റെ അനുഭവം പോലും വ്യത്യസ്തമായിരിക്കില്ല.



അതുകൊണ്ട് ‘മതേതരത്വത്തിന്റെ തിളങ്ങുന്ന മുഖം’ എന്ന താങ്കളുടെ വാദം അടിസ്ഥനരഹിതമാണ്. ഈ കേരളത്തിൽ പോലുമില്ല മതേതരത്വത്തിന്റെ തിളക്കം. അന്യമതത്തിലെ പേരുകൾ പോലും ഉപയോഗിക്കാനാവാത്ത വിധം കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ‘മതമയ’മാണ്. ചോരയുണങ്ങാത്ത മുറിവുകളുമായി നിസ്സഹായർ കഴിയുമ്പോൾ, എവിടെയാണു മതേതരത്വം തിളങ്ങുന്നത്?



ജാതീയ പീഡനങ്ങൾ നൂറ്റാണ്ടുകളായി ഭാരതത്തിൽ തുടരുകയാണ്. എത്ര പുരോഗമന മുഖമ്മൂടികൾ അണിഞ്ഞിട്ടും ഹൃദയത്തിൽ നിന്ന് അതൊഴിവാക്കാൻ നമുക്കാവുന്നില്ല. സവർണ്ണരുടെ മനസ്സിൽ നിന്ന് അധീശത്വഭാവവും അടിയാളരുടെ മനസ്സിൽ നിന്ന് അടിമത്തഭാവവും ഒഴിഞ്ഞു പോകുന്നതേയില്ല. അടിയാളനായ പോലീസ് സബ് ഇൻസ്പെക്റ്റർ സ്വന്തം ഓഫീസിൽ സഹപ്രവർത്തകരുടെ വെടിയേറ്റ് .മരിച്ചത് ഈ കേരളത്തിലാണ്. വിദ്യാഭ്യാസം നേടി , സർക്കാർ ജോലികളിൽ പ്രവേശിക്കുന്ന ആദിവാസി യുവാക്കൾ അവഹേളനങ്ങളിൽ മനം മടുത്ത് കാടിന്റെ സാന്ത്വനങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത് ഈ കേരളത്തിലാണ്. അപ്പോഴൊന്നും തോന്നാത്ത സങ്കടം , ജാതിസെൻസസ് എടുക്കുന്നു എന്നു കേൾക്കുമ്പോൾ മാത്രം താങ്കൾക്കു തോന്നുന്നതെന്താണ്? അപ്പോഴെല്ലാം തിളങ്ങുന്ന മതേതരത്വം, ജാതിസെൻസസ്സിൽ മാത്രം മങ്ങിപ്പോകുന്നതെന്താണ്?



ജാതി വ്യവസ്ഥ ഉച്ചനീചത്വമാണെന്നു താങ്കൾ സമ്മതിച്ചല്ലോ? ഓരോ ജാതി സമൂഹത്തെയും കുറിച്ച് പഠിക്കുകയും അവരുടെ സാമൂഹികാവസ്ഥ വിശകലനം ചെയ്യുകയും അതിനനുസരിച്ചുള്ള പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യേണ്ടത് ഗ്രാമീണഭാരതത്തിന് അത്യാവശ്യമാണ്.



ജാതി തിരിച്ച് സെൻസസ് എടുത്ത് സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നതിനെ ആരാണു ഭയക്കുന്നത്? 1931 ൽ ഭാരതത്തിലെ ആദ്യ ജാതി സെൻസസിൽ, ചാതുർവർണ്ണ്യത്തിലെ മേലാളൻ‌മാർ മാത്രമേ ‘ഹിന്ദു മത’ത്തിൽ ഉൾപ്പെടൂ എന്നാണ് അവരുടെ നേതാക്കൾ ശാഠ്യം പിടിച്ചത്. അതിനനുസരിച്ച് കണക്കെടുത്ത്, ഹിന്ദു മഹാരാജ്യത്ത് ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും അഹിന്ദുക്കളാണു മഹാഭൂരിപക്ഷമെന്നും തിരിച്ചറിഞ്ഞപ്പോഴാണ് മേലാള സമുദായങ്ങൾ പ്ലേറ്റു തിരിച്ചത്. ആദിവാസിയും വനവാസിയും കടൽ‌വാസിയുമെല്ലാം ഹിന്ദുക്കോളത്തിനകത്തായി. ഹിന്ദു ഭൂരിപക്ഷമായി.



വീണ്ടുമൊരു ജാതിസെൻസസ് വരുകയും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാവുകയും ചെയ്യുമ്പോൾ, അതു ചിലരെ വല്ലാതെ അസ്വസ്ഥരാക്കും.



‘ആറ്റിൽ കളഞ്ഞാലും അളന്നു കളയണ‘മെന്നാണ്. അടിയാളവർഗ്ഗങ്ങൾക്ക് സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ട്. ഇനിയതൊക്കെ, ആവശ്യക്കാരുടെ കണക്കൊക്കെ ഉണ്ടാക്കി, അർഹിക്കുന്നവർ‌ക്കു മാത്രം വിതരണം ചെയ്താൽ മതി. അതിനു ജാതി സെൻസസ് വേണം. അല്ലാതെ, ജാതിക്കണക്കെടുത്തെന്നു കരുതി ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല.

Monday, September 6, 2010

കവിതയില്ലാത്ത ബ്ലോഗുകവിതകൾ

( നഷ്ടപ്പെട്ട നീലാംബരി എന്ന ബ്ലോഗിലെ ‘സ്നേഹാന്വേഷണം’ എന്ന കവിതയ്ക്ക് എഴുതിയ കമന്റ്)


പ്രിയ മിത്രമേ,




‘ഏകാന്തതയുടെ കാമുകി’ എന്ന പേരിൽ താങ്കളെഴുതിയ കവിത വായിച്ചു. നാം തമ്മിലറിയില്ല. അതുകൊണ്ട് ചില അപ്രിയ സത്യങ്ങൾ പറയാനനുവദിക്കൂ.



ഇപ്പോ കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന ‘പുതിയ പാഠ്യപദ്ധതി’ പ്രകാരം, കുട്ടികളുടെ നോട്ടുബുക്കിൽ അധ്യാപകർ ചുവന്ന മഷി കൊണ്ട് തെറ്റിടാൻ പാടില്ല. കാരണം, അത് കുട്ടികൾക്ക് മനോവിഷമമുണ്ടാക്കും. അതു പാടില്ല. നിരന്തരം പ്രോത്സാഹിപ്പിച്ചുകോണ്ടേയിരിക്കണം. അതാണത്രേ ശരി. ഫലമെന്താണെന്നറിയാമോ? പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പത്താംക്ലാസായാലും നേരേചോവ്വേ എഴുതാനും വായിക്കാനും അറിഞ്ഞു കൂടാ. മലയാളം ക്ലാസ്സുകളുടെ കാര്യം അതിലും കഷ്ടമാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട്. കൂട്ടിയെഴുതാനറിയുന്നവരെല്ലാം കവികൾ! ഇതിനിടയിൽ,സൂക്ഷ്മമായ ഗുണദോഷ വിചിന്തനം ലഭിക്കാതെ, ഉള്ളുപൊള്ളയായ അഭിനന്ദനങ്ങൾ നിമിത്തം കവിതാവാസനയുള്ള കുട്ടികൾ ക്ഷുദ്രരചനകളിൽ ഒതുങ്ങിപ്പോകുന്നു.



അത്തരമൊരവസ്ഥ നിങ്ങൾക്കുമുണ്ട്!



ഒന്നാമത്: മാധവിക്കുട്ടിയുടെ പ്രഖ്യാത നോവലെറ്റിന്റെ പേര് നിങ്ങൾ ഒഴിവാക്കണമായിരുന്നു. സ്വന്തമായി ഒരു പേര് ബ്ലോഗിനു കിട്ടുന്നില്ലെങ്കിൽ , നിങ്ങളെന്തു കവി? ഓർക്കുക; സൂക്ഷ്മമായ അനുഭവങ്ങളുടെ ആവിഷ്കരണമെന്നതു പോലെ സൂക്ഷ്മമായ ഭാഷയുടെ ആവിഷ്കരണവുമാണ് കവിത. കിട്ടിയ വാക്കു സ്വീകരിക്കലല്ല, കിട്ടാത്ത വാക്കിനായുള്ള പിടച്ചിലാണു കാവ്യജീവിതം.



മനസ്സിൽ തോന്നിയതു പകർത്തലല്ല കവിത. വീണുകിട്ടിയ തീപ്പൊരിയെ ഏറെനാൾ കൊണ്ട് തീയായി വളർത്തലാണ്. ‘സ്നേഹാന്വേഷണം’ എന്ന കവിത(!) വായിച്ചു. സത്യത്തിൽ അത് വരി മുറിച്ചെഴുതിയ ഗദ്യം മാത്രമല്ലേ? കുറേ പ്രസ്താവനകൾ. ഒടുവിൽ നമുക്കെല്ലാം മുമ്പേ, ഒരുപാടു പേരു പറഞ്ഞ ഒരു കാര്യവും ചേർത്തു. ഇതിലെവിടെ കവിതയിരിക്കുന്നു പെങ്ങളേ? ഓരോ മൂന്നാം വരിയും പൊള്ളുന്ന വാക്യങ്ങളാകണമായിരുന്നു. നിങ്ങളുടെ കവിഹൃദയം ആ വരികളിൽ തിളയ്ക്കണമായിരുന്നു. അതുണ്ടായില്ല. പകരം കുറേ പ്രസ്താവനകൾ.



ഓരോ കവിതയും മനസ്സിലെഴുതൂ. മാറ്റിയും തിരുത്തിയും കൂട്ടിയും കുറച്ചും മനസ്സിൽത്തന്നെ വയ്ക്കൂ. ഒടുവിൽ, ഒടുവിൽ മാത്രം, ഏറെനാളുകൾ ചിപ്പിക്കുള്ളിലിരുന്ന മണൽ‌ത്തരിയെപ്പോലെ, മുത്തായി പുറത്തു വരട്ടെ.



നിങ്ങളൊരു പെൺ പേരുകാരിയായതിനാൽ എല്ലാവരും ഏതു വികൃത രചനയെയും പുകഴ്ത്തും. പക്ഷേ, ഓർക്കുക, ഒരു എഡിറ്ററുള്ള ഒരു മാധ്യമവും നിങ്ങളെ പരിഗണിക്കില്ല. വിമർശനങ്ങളെ പോസിറ്റീവായി പരിഗണിച്ച് വളരുക. പ്രമുഖ കവികളെ വായിച്ചു തീർക്കാൻ മറക്കാതിരിക്കുക. അവരുടെ തുടർച്ചയായി, പുതുകാലത്തിന്റെ പ്രതിനിധിയായി, എഴുതുക.



ഹൃദയം നിറഞ്ഞ ആശംസകൾ!

Sunday, September 5, 2010

അധ്യാപകന്റെ പിരിച്ചുവിടൽ - ഒരു കമന്റ്

(http://www.vyathakal.blogspot.com/ എന്ന ബ്ലോഗിലിട്ട കമന്റ്)


             തീർച്ചയായും പ്രഫ. ജോസഫ് ശിക്ഷയർഹിക്കുന്നുണ്ട്. ഒരു ഇന്റേർണൽ പരീക്ഷയിൽ, ഒരു പ്രത്യേക മതവിശ്വാസികൾക്കു വിഷമമുണ്ടാകാവുന്ന പരാമർശങ്ങൾ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി. കോളജധികൃതർക്കോ മാനേജ്മെന്റിനോ അദ്ദേഹത്തെ നിയമാനുസരണം ശിക്ഷിക്കാനവകാശമുണ്ട്.

പക്ഷേ, ആ സംഭവത്തിനെ സമൂഹത്തെ ബാധിക്കുന്ന ക്രിമിനൽ പ്രശ്നമാക്കി വളർത്തിയെടുത്തത് ആരാണ്? രാജ്യത്തെ നിയമങ്ങളുടെ ലംഘനം പ്രഫ. ജോസഫ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമവ്യവസ്ഥയാണു ശിക്ഷ വിധിക്കേണ്ടത്. അതുണ്ടായില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ രാജ്യത്തുണ്ട്. അല്ലാതെ നഗരത്തിൽ നിയമലംഘനം നടത്തിയും അരാജകത്വം സൃഷ്ടിച്ചുമല്ല നിയമ നടപടികൾക്കു പ്രേരിപ്പിക്കേണ്ടത്.

ആ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്ത് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത് ഓർക്കുക. ആരുടെ കയ്യടികൾക്കു വേണ്ടിയായിരുന്നു ആ പ്രകടനം? ആയിരങ്ങളെ ബോംബു വച്ചു കൊന്ന ഭീകരനെ പ്രദർശിപ്പിക്കുന്ന ഭാവത്തിലായിരുന്നില്ലേ പോലീസിന്റെ പത്രസമ്മേളനം?

നീചമായി ആക്രമിക്കപ്പെട്ടു ശയ്യാവലംബിയായ അധ്യാപകനെ പുറത്താക്കിക്കൊണ്ട് സഭയും ആരുടെ കയ്യടിയാണ് ആഗ്രഹിക്കുന്നത്? ചെയ്ത കുറ്റത്തിനു, ലഭിച്ച സസ്പെൻഷൻ മതിയായതല്ലേ? അങ്ങനെയല്ല എങ്കിൽ, അഭയ ഉൾപ്പെടെ അനേകരുടെ ചൂണ്ടുവിരലുകൾ സഭയ്ക്കു നേരേ ഉയരും, തീർച്ച. ചികഞ്ഞന്വേഷിച്ചാലറിയാം, നേരത്തേ, ഏതു പുരോഹിതപ്രമുഖനോടാണ് പ്രഫ. ജോസഫ് പിണങ്ങിയിട്ടുള്ളതെന്ന്. കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ അവരേക്കാളറിയാവുന്നത് മറ്റാർക്കാണ്?!

ശ്രീ മനോജിനോട് അനുവാദം തേടിക്കൊണ്ട് ‘ഉരിയാടാപ്പയ്യ‘നോടൊന്നു പറഞ്ഞോട്ടേ:
സുഹൃത്തേ, അധ്യാപകൻ പുസ്തകത്തിൽ നിന്നെടുത്ത വരികളിൽ മാറ്റം വരുത്തിയെന്നതു സത്യം. അതു നിഷേധിക്കാനാവില്ല. പക്ഷേ, “ഒരു സമുദായം ആക്ഷേപിക്കപ്പെടാൻ പര്യാപ്തമായ രീതിയിലാണ് ചോദ്യപ്പേപ്പർ തയ്യാറാക്കിയത്” എന്ന് താങ്കളും അഭിപ്രായപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണ്? ഏതെങ്കിലും ഒരു ചോദ്യക്കടലാസ്സിൽ ദുഷിക്കപ്പെട്ടാൽ തകരുന്നതാണോ മുസ്ലീം സമുദായം? അങ്ങനെ തകരുന്ന വിശ്വാസമാണോ ഇസ്ലാമിന്റേത്? അവിവേകികളുടെ വാക്കിലും തോക്കിലുമല്ലല്ലോ വിശ്വാസത്തിന്റെ കരുത്ത്.

ആ ചോദ്യപ്പേപ്പറിലൂടെ സത്യത്തിൽ ആക്ഷേപിക്കപ്പെട്ടത് അതുണ്ടാക്കിയ അധ്യാപകൻ തന്നെയാണ്. അതിനു ‘പര്യാപ്തമായ രീതിയിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്’. ആ അധ്യാപകന്റെ കൈവെട്ടിയതിലൂടെയല്ലേ പ്രവാചകൻ അപമാനിക്കപ്പെട്ടത്? കേരള മുസ്‌ലീങ്ങൾ അപ്പാടെ ‘ഭീകരവാദികൾ’ എന്നു ചാപ്പകുത്തപ്പെട്ടില്ലേ? ആരാണിതിന്റെ ദോഷഫലം അനുഭവിക്കുന്നത്? ആരാണിതിന്റെ ഗുണം കൊയ്യുന്നത്? ഇനിയഥവാ, പ്രഫ. ജോസഫിനോട് ദേഷ്യം തോന്നിയാൽ, ശിക്ഷ നിർവ്വഹിക്കാൻ ‘ജനകീയ മിത്ര’ങ്ങളുടെ സഹായം വേണോ സാക്ഷാൽ പടച്ചോന്?

അധ്യാപകന് കിട്ടിയ ശിക്ഷകൾ പോരെന്നു തന്നെയല്ലേ പയ്യന്റെ അഭിപ്രായം? എന്തായാലും മാനേജ്മെന്റിന് സമാനഹൃദയ(ശൂന്യ)രുടെ കയ്യടികൾ ഉറപ്പായി..

Monday, August 23, 2010

സുസ്മേഷ് ചന്ത്രോത്തിനോട്

പ്രിയ സുസ്മേഷ് ചന്ത്രോത്ത്,
ആനുകാലികങ്ങളിൽ താല്പര്യപൂർവ്വം ഞാൻ വായിച്ചിരുന്ന താങ്കളെ, ബ്ലോഗിലും കാണാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു. അതുകൊണ്ടുതന്നെ, ഈ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാ‍ത്ത ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

ബ്ലോഗിനെ പ്രിന്റ് മീഡിയയിൽ നിന്നു വ്യത്യസ്തമാക്കുന്ന സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്ന്, ‘കമന്റുകൾ‘ ആണല്ലോ.. ബ്ലോഗ് , പ്രിന്റ് മീഡിയ പോലെ ‘വൺ വേ’ അല്ല ! എഴുത്തുകാരൻ, വായനക്കാരൻ -- എന്ന പരമ്പരാഗത സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് തീർച്ചയായും ബ്ലോഗിൽ സംഭവിക്കുന്നുണ്ട്. ബ്ലോഗിലെ കമന്റുകൾ താരാരാധനയുടെ അന്ധമായ വെറും പതഞ്ഞുയരലുകളല്ല. കമന്റുകാരനിലേക്കും ചെല്ലാനും അയാളെ വായിച്ചറിയാനുമുള്ള ഒരു ‘പാലം’ കൂടിയാണ്. താങ്കളുടെ ബ്ലോഗുകളിൽ കമന്റുന്നവരുടെയും ഒരു വായനക്കാരനാണു ഞാൻ. അവരുടെ ബ്ലോഗുകളിലൊന്നും താങ്കളുടെ വായനാസ്പർശം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. താങ്കളെപ്പോലെ പരിണതപ്രജ്ഞനായ ഒരാളുടെ സാന്നിദ്ധ്യം അവർക്കെത്രമാത്രം പ്രചോദനകരമായിരിക്കുമെന്നോ.

മറ്റൊരു കാര്യം : ആനുകാലികങ്ങളിൽ ഒരിക്കൽ പ്രസിദ്ധീകരിച്ച രചനകളാണ് താങ്കളുടെ ബ്ലോഗിൽ വായിക്കാൻ ലഭിക്കുന്നത്. ബ്ലോഗിന്റെ അസ്തിത്വത്തെ പരിമിതപ്പെടുത്തുന്ന ഒരു നടപടിയായാണ് എനിക്കത് അനുഭവപ്പെടുന്നത്. പ്രിന്റ് മീഡിയയിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ഒരു ഡിജിറ്റൽ കോപ്പി സൂക്ഷിക്കാനുള്ളയിടം മാത്രമല്ല ബ്ലോഗ്. മലയാളത്തിലെ ആനുകാലികങ്ങളും വായിക്കുന്ന ഞങ്ങൾ, താങ്കളുടെ വേറേ രചനകൾക്കായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. ഞങ്ങൾക്കുണ്ടാകുന്ന നിരാശയുടെ ആഴം താങ്കൾക്കൂഹിക്കാനാവുമോ ആവോ! ദയവായി ബ്ലോഗിനെ വ്യത്യസ്തമായ മീഡിയമായി കണ്ട്, പോസ്റ്റുകൾ തയ്യാറാക്കണമെന്ന് താല്പര്യപ്പെടുന്നു. ബ്ലോഗ് രംഗത്തെ താങ്കളുടെ സംഭാവനകൾ ആനുകാലികങ്ങളുടെ പകർത്തിയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കട്ടെ.

Wednesday, August 18, 2010

‘നായരോ’ട്

അമ്മേടെ നായർ ക്ക് എഴുതിയ പ്രതികരണം.


സഗാവേ,


വായിച്ചു; സസിയെക്കുറിച്ചല്ല, താങ്കളുടെ വ്യാജനെപ്പറ്റി.

പറഞ്ഞോട്ടേ ? താങ്കൾക്ക് അയാളെ കുറ്റപ്പെടുത്താൻ കാര്യമായ അവകാശമുണ്ടോ? താങ്കളും അയാളും അനോണികൾ. സൌകര്യമുള്ള പേരു സ്വീകരിച്ചിരിക്കുന്നു ഇരുവരും. പ്രതിഭകളുടെ ചിന്തകളിൽ സമാനത കണ്ടാൽ കുറ്റപ്പെടുത്തരുതെന്നല്ലേ പണ്ഡിതമതം?

ഇനി, ‘അമ്മേടെ നായർ’ എന്ന പേര് ഒന്നൂടെ നോക്കട്ടെ. ‘അച്ഛൻ’ എന്ന അർത്ഥം അതിനുണ്ടോ? ഇല്ല, ഇല്ല. ഏതു സാമൂഹ്യവ്യവസ്ഥിതിയുടെ സൃഷ്ടിയാണാ പദം? മരുമക്കത്തായ സംബന്ധവ്യവസ്ഥിതിയിൽ, നായർ സ്ത്രീയ്ക്ക് പല സംബന്ധങ്ങളുണ്ടാവും. രാത്രി വന്നു രാവിലെ മടങ്ങുന്ന സീസണൽ ബന്ധങ്ങൾ. ഓരോന്നിലും പിള്ളാരും കാണും. അമ്മയുടെ പുതിയ സംബന്ധക്കാരൻ, പഴയ സംബന്ധത്തിലെ കുട്ടികൾക്ക് ‘അമ്മേടെ നായർ’ ആണ്.അത് ജാരനോ ചാരനോ എന്തോ ആയാലെന്താ?

താങ്കൾ എന്തിനു ഈ പേരിട്ടു. ഇന്നത്തെത്തലമുറയ്ക്ക് ഒട്ടും അഭിലഷണീയമല്ലാത്ത ഒരവസ്ഥയെ സൂചിപ്പിക്കുന്ന ഈ പേര്? അതെന്തോ ആയിക്കൊള്ളട്ടെ! പക്ഷേ, ‘അമ്മേടെ നായർ’ എന്നു വിശേഷിപ്പിക്കുന്ന കുട്ടിക്ക് ഒരു ‘പിതൃശൂന്യാവസ്ഥ’യുണ്ട്. തനിമലയാളത്തിൽ പറഞ്ഞാൽ, ‘തന്തയില്ലായ്മ’. കാരണം, നോ ഒഫീഷ്യൽ തന്ത! ഒറിജിനൽ കക്ഷി നിലവിലില്ല; ഉള്ളവർ പെർമെനന്റും അല്ല. അതൊരു നിസ്സഹായത ആയിരിക്കും. ഉള്ളിൽ ആത്മനിന്ദയുടെയും പ്രതിഷേധത്തിന്റെയും കതിനകൾ പൊട്ടുന്ന അവസ്ഥ.

വ്യാജപ്പേരിൽ പ്രൊഫൈലുണ്ടാക്കിയ ആൾക്ക് താങ്കൾ ചാർത്തിക്കൊടുക്കുന്ന ശകാരങ്ങൾ താങ്കൾക്കും ബാധകമാണു സുഹൃത്തേ. താങ്കളുടെ ബ്ലോഗു വായിക്കുന്ന 14893-)മത്തെയാളാണു ഞാൻ. ഏപ്രിൽ 10 ലെ പോസ്റ്റു മാത്രമേ ഞാൻ വായിച്ചിട്ടുള്ളെങ്കിലും. ‘നായരെ’ന്നു വിശേഷിപ്പിക്കാവുന്ന ഒരാളല്ല താങ്കൾ. വരുത്തിക്കൂട്ടുന്ന ഒരു ‘നായരത്വം’ എഴുത്തിലുണ്ട്. ഉള്ളിൽ നുരയ്ക്കുന്നവയുടെ വേഷപ്രച്ഛന്ന പ്രതിഫലനങ്ങൾ.

രൂപപ്പെടുംകാലത്തിലെ അവഗണനകളുടെയും അവമതികളുടെയും അപമാനനങ്ങളുടെയും ചതവുകേടുകൾ ആത്മാവിൽ നിന്നു നീക്കം ചെയ്യുക ക്ഷിപ്രസാധ്യമല്ല. സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ പ്രത്യേകിച്ചും.



നന്ദി!

സ്വാഗതം !