Monday, October 25, 2010

‘അയ്യപ്പസീസൺ’ ആരംഭിക്കുന്നു !

ജീവിതം അയ്യപ്പന് ഒരു പ്രശ്നമായിരുന്നില്ല ; മരണവും.

‘കാറപകടത്തിൽ പെട്ടു മരിച്ച
വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നിൽക്കെ,
മരിച്ചവന്റെ പോക്കറ്റിൽ നിന്നു പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ് .’
                                      ( അത്താഴം )
ജീവിക്കുന്നതിന് ആവശ്യങ്ങളുടെ നിർബന്ധബുദ്ധി അയ്യപ്പന് അന്യമായിരുന്നു. കടത്തിണ്ണയും ഗസ്റ്റുഹൌസുമെല്ലാം പുഷ്പതല്പങ്ങൾ! ജീവിതവും മരണവും പ്രശ്നമല്ലാത്തവന്,  ‘‘കണ്ണടഞ്ഞു പോകുകിൽ / മോർച്ചറിയിൽ/ മരിച്ചവരുടെ ഗണിതചിഹ്നങ്ങളിലൊന്നായി/ നീയെന്നെ ഓർക്കുമോ?’‘ എന്ന് ചോദിച്ചവന് സംസ്കാരം വൈകുന്നതിൽ എന്തു പ്രതിഷേധം ! ‘ആ നെഞ്ചിൽ തറഞ്ഞ കത്തിയിൽ ആ പേരു കൊത്തിയിട്ടുണ്ട്.’

ഞാൻ ഭയക്കുന്നത് അതല്ല. ഏതു നിമിഷവും പൊടുന്നനെ വന്ന്, പോക്കറ്റിലെ കാശ് പിടിച്ചുപറിക്കുകയും വസ്ത്രങ്ങളിൽ ചുളിവും ചളിയും പുരട്ടുകയും ചെയ്തേക്കാവുന്ന അയ്യപ്പനെ ഭയന്ന് നിരത്തിലൂടെ സഞ്ചരിക്കാൻ മടിച്ച സുഹൃത്തുക്കളും ഇനി ദീർഘദീർഘങ്ങളായ ‘അയ്യപ്പസ്മൃതികൾ’ എഴുതാൻ തുടങ്ങും. ചാരായത്തിൽ ജ്ഞാനസ്നാനം ചെയ്ത തെരുവുജീവിതത്തിന്റെ വാഴ്ത്തുപാട്ടുകൾ ഇനിയുയരും. ‘’ഞാനും അയ്യപ്പനും ‘’ എന്ന് ഇനി തുടരെത്തുടരെ കേട്ടുതുടങ്ങും. ജോൺ എബ്രഹാമിന്റെ വിഗ്രഹത്തിനിപ്പുറത്ത് പുതിയ വിഗ്രഹം കൂടി പ്രതിഷ്ഠിക്കപ്പെടും.

പ്രസംഗത്തൊഴിലാളികൾക്ക് ഒരിര കൂടി വീണു കിട്ടിയിരിക്കുന്നു. മീതേ കവിയെ വിരിച്ച് ആ കവിതകളെ മൂടാൻ ശ്രമിക്കുന്നതും നമുക്കു കാണേണ്ടി വരും


1 comment:

 1. അയ്യപ്പ സീസന്‍ആരംഭിക്കുന്നു,അയ്യപ്പനെആഘോഷിക്കുമ്പോള്‍ എന്നീരണ്ടു
  രചനകളും വായിച്ചു.ശരിയായ നിരീക്ഷണങ്ങള്‍ തന്നെ.അയ്യപ്പന്‍ ചാരായത്തില്‍ ആര്‍ദ്രമാക്കികൊണ്ടിരുന്ന തന്റെ ദേഹം പെരുവഴിയില്‍
  ഉപേക്ഷിച്ചു പോയതിനു ശേഷം ഇറങ്ങികൊണ്ടിരിക്കുന്ന ആനുകലികങ്ങ
  ളിലെല്ലാം ആ അരാജകജീവിതത്തെക്കുറിച്ചുള്ള വാഴ്ത്തുകള്‍ മാത്രമാണ് കാണുന്നത്.ആ ശരീരം ഒരാഴ്ചകഴിഞ്ഞു നശിപ്പിച്ചാലും ഇനി അടക്കിയി
  ല്ലെങ്കിലും അയ്യപ്പന് ഒരു പുല്ലുമില്ല.ഛന്ദസറ്റ ആ കവിതകള്‍ ഭ്രമണപഥം
  വിട്ട് തോന്നിയപാട് സഞ്ചരിച്ചതിന്റെ സ്വീകാര്യത,അസ്വീകാര്യത ചര്‍ച്ച
  ചെയ്യപ്പെടേണ്ടിയിരിക്കുന്നു.മുഖം നോക്കാതെ പ്രതികരിക്കുക

  ReplyDelete