Tuesday, January 8, 2013

ആര്‍.എസ്.എസ്.ന്റെ തനിമുഖം.

 കടപ്പാട്: ദ ഹിന്ദു  'വീട്ടുവേല ചെയ്ത് സ്ത്രീകള്‍ വീട്ടിലിരിക്കണ'മെന്ന ആറെസ്സെസ്സ് അദ്ധ്യക്ഷന്റെ 'വാണിങ്' വിവാദമായിരിക്കുകയാണല്ലോ. പലരും പറഞ്ഞതു പോലെ, ആ കല്പനയില്‍ അതിശയിക്കാനൊന്നുമില്ല. ബ്രാഹ്മണ്യ'ഭാരത'ത്തിന്റെ ജനവിരുദ്ധഗ്രന്ഥങ്ങളെ ആധാരമാക്കി രാഷ്ട്രീയം കളിക്കുന്ന ആറെസ്സെസ്സിന്റെ മനസ്സിനകത്ത് എന്നും ഇത്തരം ആശയങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നത്. അത് അദ്ദേഹം വളരെ മൃദുവായി പറഞ്ഞെന്നു മാത്രം.

ദുര്‍ബ്ബലരും പാര്‍ശ്വവല്കൃതരുമായവരോട് ആറെസ്സെസ്സിന്റെ സമീപനം ഇങ്ങനെയാണെന്ന് എപ്പോഴും ഓര്‍മ്മയുണ്ടാകണം. ആറെസ്സെസ്സിന്റെ പൊതു പ്രകടനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സംഘത്തിനു വേണ്ടി ചാകാനും കൊല്ലാനും തയ്യാറായി കുങ്കുമമണിഞ്ഞ കുറേ ജീവിതങ്ങള്‍ തിളച്ചു നില്ക്കുന്നതു കാണാം- കുറേ ദളിതര്‍! കുറിയണിഞ്ഞ 'സവര്‍ണ്ണര്‍'ക്കൊപ്പം കാവിയുടുത്ത് കുറിയണിഞ്ഞു നടന്നാല്‍ തങ്ങളും 'വര്‍ണ്ണ'റാകുമെന്ന് തെറ്റിദ്ധരിച്ച ആ പാവങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാറില്ല‌- ആറെസ്സെസ്സ് കാത്തിരിക്കുന്നത് മനുസ്മൃതി 'ശരിയത്താ'കുന്ന ഒരു ഭരണക്രമത്തിനായാണെന്ന്.

അവസരം ഉണ്ടാകുമ്പോള്‍, നോക്കിക്കോളൂ ആറെസ്സെസ്സ് തമ്പുരാന്‍ പറയും: 'ദളിതര്‍ പൊതുവഴിയില്‍ നിന്നകന്ന്, പൊതുധാരയില്‍ നിന്നകന്ന്, വിവരവും വിദ്യാഭ്യാസവും ഉപേക്ഷിച്ച് അടിമകളും അവമതിക്കാരുമായി തീണ്ടാപ്പാടകലെ കൂരയിലൊതുങ്ങണം' എന്ന്.

വസന്തകാലേ സംപ്രാപ്തേ കാക കാക: പിക പിക:”!

Wednesday, January 2, 2013

സംഘാടകരും വിധികര്‍ത്താക്കളും ചേര്‍ന്ന് തോല്പിക്കുന്ന ജില്ല!


സംസ്ഥാനതല സ്കൂള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ പല ജില്ലകള്‍ക്കും ഒരല്പം ടെന്‍ഷന്‍ കാണും. ഒന്നാംസ്ഥാനക്കാര്‍ക്ക് അതു നിലനിര്‍ത്താന്‍ ടെന്‍ഷന്‍. പിന്നിലുള്ളവര്‍ക്ക് ഇനിയും പിന്നിലാകാതെ മുന്നിലാകാനുള്ള ടെന്‍ഷന്‍. അതിനുവേണ്ടി വര്‍ഷം മുഴുവന്‍ നീണ്ടുനില്ക്കുന്ന പരിശീലനം. ആകെ തിരക്കിലായിരിക്കും മിക്ക ജില്ലകളും. ഈ ടെന്‍ഷനുകളൊന്നും തീരെ ബാധിക്കാത്ത ഒരു ജില്ലയുണ്ട് : സാക്ഷാല്‍ പത്തനംതിട്ട ജില്ല! സംസ്ഥാന സ്കൂള്‍ കായികമേളയിലും കലാമേളയിലും പരമ്പരാഗതമായി പതിമൂന്നാം സ്ഥാനത്താണ് , (പതിനാലാം സ്ഥാനം വിട്ടുകൊടുക്കാന്‍ 'വയനാട്' ഒരുവിധത്തിലും സമ്മതിക്കാത്തതുകൊണ്ട് മാത്രം!) ഈ ജില്ല.

മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിവു കുറഞ്ഞ കുട്ടികളാണ് ഈ ജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്നത് എന്ന് കരുതരുത്.

ഇന്നലെ പത്തനംതിട്ട ജില്ലാ യുവജനോത്സവം നടക്കുന്ന സ്ഥലത്തു കൂടി പോകേണ്ടി വന്നു. സമയമുണ്ടായിരുന്നതു കൊണ്ട് ഉത്സവസ്ഥലത്തു കയറി കുറച്ചു നേരം കണ്ടു നിന്നു. ഗംഭീര പ്രകടനമാണു അവിടെ നടക്കുന്നത്; കുട്ടികളെയും ജില്ലയെയും എങ്ങനെ തോല്പിക്കാം എന്ന കാര്യത്തില്‍.

പട്ടണത്തിലെ സ്കൂള്‍ ഗ്രൗണ്ടിലെ പുല്പടര്‍പ്പ് ഒന്നൊതുക്കുക പോലും ചെയ്യാതെയാണ് പ്രധാന വേദി എന്ന ചെറുകൂര നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേജ് മൂന്നു വശവും തുറന്നു കിടക്കുന്നു. അവിടെ ഉദ്ഘാടകന്‍ നിലവിളക്ക് കൊളുത്തിയിട്ട് മാറിയുടനെ തന്നെ തിരികളെല്ലാം കെട്ടുപോയി. കാരണം, നിലവിളക്കിനു തൊട്ടുമുന്നിലായി ഒരു ഫാന്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു! അതു കണ്ട് ഉദ്ഘാടകന്‍ പരസ്യമായി മൈക്കിലൂടെ സംഘാടകരോട് ക്ഷോഭിക്കുന്നത് കേട്ടുകൊണ്ടാണ് യുവജനോത്സവം ആരംഭിച്ചത്
 

പദ്യപാരായണ മത്സരം 'കാണാന്‍' പോയി ഞാന്‍. മത്സരം നടക്കുന്നത്, ഒരു ഹാളിലെ ക്ളാസ് മുറികളെ വേര്‍തിരിക്കുന്ന സ്ക്രീനുകള്‍ വശത്തേയ്ക്ക് മാറ്റിയിട്ടാണ്. അവിടെയുമിവിടെയും കുറച്ചു ബഞ്ചുകള്‍. ക്ളാസിലെ ബ്ളാക്ബോര്‍ഡുകള്‍ അവിടെത്തന്നെയുണ്ട്. സ്റ്റോര്‍ റൂം പോലെ ഒരിടം. ആ കെട്ടിടത്തിന്റെ മുറ്റത്ത് മിമിക്രി മത്സരം. അവിടെ നിന്നുള്ള പട്ടികുരയും പൂച്ചകരച്ചിലും അട്ടഹാസങ്ങളുമെല്ലാം മൈക്കിലൂടെ ചെവി തകര്‍ക്കുന്നതിനെ അതിജീവിച്ചു വേണം കവിത ചൊല്ലാനും കേള്‍ക്കാനും
 

സബ്‌ജില്ലാ തലത്തില്‍ നിന്ന് 'നമ്മുടെ കുട്ടി'യാണ് പലപ്പോഴും ജയിച്ചു വരുന്നത്. ജില്ലാ തലത്തിലും സ്ഥിതി വേറെയല്ല. ഏറ്റവും ഭീകരമായി അലറിയ 'നമ്മുടെ കുട്ടി'ക്ക് രണ്ടാം സ്ഥാനം പകുത്തു നല്കി, ജില്ലയെ തകര്‍ക്കുന്നതില്‍ സ്വന്തം പങ്ക് മികച്ച രീതിയില്‍ നിര്‍വ്വഹിച്ചു അഭിവന്ദ്യ വിധികര്‍ത്താക്കള്‍. (ഒന്നാം സ്ഥാനക്കാരിക്ക് എന്താണ് മറ്റുള്ളവരേക്കാള്‍ മികവ് എന്ന് ഇതുവരെ എനിക്ക് പിടികിട്ടിയിട്ടുമില്ല.) അടച്ചാക്ഷേപിക്കാന്‍ പാടില്ലല്ലോ: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പറയത്തക്ക പാളിച്ചകളൊന്നുമില്ലാത്ത വിധിനിര്‍ണ്ണയമായിരുന്നു. കുട്ടികളും അദ്ധ്യാപകരും വലിയ താല്പര്യമൊന്നുമില്ലാതെയാണ് മത്സരത്തില്‍ പങ്കെടുത്തത്. സാരമില്ല, ആഘോഷത്തിമര്‍പ്പുകളില്‍ നിന്ന് അവരെങ്കിലും ഇങ്ങനെ ഒരു മത്സരത്തിനു വന്നല്ലോ.

മികച്ചവര്‍ നിഷ്കരുണം അരിഞ്ഞു വീഴ്ത്തപ്പെട്ട് 'നമ്മുടെ കുട്ടികള്‍' മലപ്പുറത്തിനു വണ്ടി കയറുമ്പോള്‍, പ്രിയപ്പെട്ട പത്തനംതിട്ടേ, നിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തിന് ഒരിളക്കവും തട്ടില്ല! ധൈര്യമായി പോയിവരൂ!!!