Wednesday, November 30, 2011

ധൈര്യമുണ്ടോ, മുല്ലപ്പെരിയാറ്റില്‍ വരാന്‍?
കേരളത്തിന്റെ പൊതുവികാരമായി മുല്ലപ്പെരിയാര്‍ വളരുകയാണ്. അരനൂറ്റാണ്ട് മുന്നേ കാലഹരണപ്പെട്ട ഒരു അണക്കെട്ടിനു മുന്നില്‍ ഭയന്നു ജീവിക്കേണ്ടി വരുന്ന ഒരു ജനതയ്ക്ക് മുഴുവന്‍ കേരളത്തിന്റെയും പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, ആബാലവൃദ്ധം മനുഷ്യര്‍ -അതെ മനുഷ്യര്‍- സമരവേദിയിലേക്കു പ്രവഹിക്കുകയാണ്. ഇതുവരെ മിണ്ടാതിരുന്ന പാര്‍ട്ടികള് പോലും ജനവികാരത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതിരിക്കാന്‍ അനക്കം വച്ചുതുടങ്ങി.

അണപൊട്ടുന്ന വെള്ളം വെറുമൊരു വെള്ളപ്പൊക്കമല്ല സൃഷ്ടിക്കുന്നത്. ഉരുള്‍പൊട്ടലുകളിലെപ്പോലെ, മലകളെ തകര്‍ത്തെറിഞ്ഞ്, മണ്ണും പാറകളും ചെളിയുമായി പാഞ്ഞ് വന്ന് പ്രദേശങ്ങളെ മുഴുവന്‍ വീണ്ടെടുക്കാനാവാത്ത വിധം മൂടിക്കളയും. ഇതറിയാവുന്നതിനാലാണ് മറ്റു പ്രദേശങ്ങളിലുള്ളവരേക്കാള് ഹൈറേഞ്ചുകാര്‍ക്ക് ഭീതി നിറയുന്നത്.

ഉറക്കം വരാതെ, ആസന്നദുരന്തത്തിനു മുന്നില്‍ക്കഴിയുന്ന പ്രദേശവാസികളെ ആശ്വസിപ്പിക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ തീര്‍ച്ചയായും പ്രശംസനീയം തന്നെ. എങ്കിലും, തിരുവനന്തപുരത്തും ചാനല്‍സ്റ്റുഡിയോകളിലും എറണാകുളത്തും ഒക്കെ നിന്ന് വാചകമഠിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഡല്‍ഹിയിലിരുന്ന് 'ഇടപെടാന്‍ തയ്യാറെടുക്കാന്‍'ഒട്ടുമേ ബുദ്ധിമുട്ടില്ല.

യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കൊക്കെ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഒരു ദിവസമെങ്കിലും ഇവര്‍ വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ക്യാംപു ചെയ്യട്ടെ. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ ആശ്വസിപ്പിക്കട്ടെ.

'ആശങ്ക വേണ്ട' എന്ന് ദൂരെ നിന്ന് പറയുന്നവര്‍ക്ക് ധൈര്യമുണ്ടോ, മുല്ലപ്പെരിയാറ്റില്‍ വരാന്‍??

Friday, November 25, 2011

ജോണ്‍ ബ്രിട്ടാസ്, ഇതാണോ മര്യാദ...?


പതിവുപോലെ, വൈകിയാണു ഞാന്‍ ഏഷ്യാനെറ്റിന്റെ 'നമ്മള്‍ തമ്മില്‍' കണ്ടത് - നെറ്റില്‍. മലയാള സിനിമയുടെ പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ച: 'മലയാളസിനിമ വഴിത്തിരിവിലോ പെരുവഴിയിലോ?' വിഷയത്തില്‍ പ്രതികരണനു താല്പര്യമൊന്നുമില്ല. പക്ഷേ, ആ ചര്‍ച്ചയെപ്പറ്റി ഇവിടെയെഴുതാന്‍ എന്നെ പ്രേരിതനാക്കുന്ന വസ്തുത വേറൊന്നാണ്. 


'നമ്മള്‍ തമ്മി'ലിന്റെ അവതാരകനായ ശ്രീ ജോണ്‍ ബ്രിട്ടാസ് ചില്ലറക്കാരനൊന്നുമല്ലെന്ന് എനിക്കറിവുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേ ആള്‍ പുലിയായിരുന്നെന്ന് പലേടത്തു നിന്നും  കേട്ടിട്ടുണ്ട്. പിന്നീട് കൈരളിയിലെ സിംഹമായി വന്നകാലവും വാണകാലവും  ഓര്‍മ്മയുണ്ട്. അവിടെനിന്ന് ഒരുനാള്‍  മാധ്യമഭീമന്റെ ഡോക്കില്‍ ചാടിവീഴുകയായിരുന്നത്രേ. എന്തിനു ജനതയുടെ ആത്മാവിഷ്കാരം  അവസാനിപ്പിച്ചു എന്നതിന്, മര്‍ഡോക്ക് കൊടുക്കുന്ന ശമ്പളം വലുതാണ് എന്നതുതന്നെയായിരിക്കും ഉത്തരം എന്നു തോന്നുന്നു. ആ നിലപാട് തെറ്റാണെന്ന് പ്രതികരണന്‍ ഒരിക്കലും പറയുകയില്ല. എവിടെ നിന്നാലും ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് -തെറ്റോ ശരിയോ ആയ- ചില പ്രതീക്ഷകള്‍ എനിക്കുണ്ടായിരുന്നു. അവ വീണ്ടും തകരുന്നതിന്റെ അമ്പരപ്പാണീ കുറിപ്പ്.

മലയാളസിനിമ ഏതു വഴിയിലാണെന്നറിയാന്‍ ബ്രിട്ടാസ് നടത്തിയ ചര്‍ച്ചയില്‍ പ്രധാനികള്‍ എട്ടുപേരായിരുന്നു: സംവിധായകന്‍ ഹരികുമാര്‍, സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി, സംവിധായകന്‍ ദീപു കരുണാകരന്‍, നടന്‍ എം. ആര്‍. ഗോപകുമാര്‍, അഭിനേത്രി പാര്‍വ്വതി, കെ.എസ്.എഫ്.ഡി.സി.ചെയര്‍മാന്‍ സാബു ചെറിയാന്‍, ഫിലിം എക്സിബിറ്റേര്‍സ് ഫെഡറേഷന്‍ ജെനറല്‍ സെക്രറ്ററി എം.സി.ബോബി, സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്. ഇവരെ പരിചയപ്പെടുത്തിയതില്‍ ആരംഭിക്കുന്നു ബ്രിട്ടാസിനോടുള്ള എന്റെ വിയോജിപ്പുകള്‍.

ഓടിയതും ഓടത്തതുമായ ഒന്നോ രണ്ടോ സിനിമകള് മാത്രം പുറത്തിറക്കിയ പ്രശാന്ത് മാമ്പുള്ളിയേയും ദീപു കരുണാകരനെയും 'സംവിധായകന്‍' എന്നാണ് ബ്രിട്ടാസ് പരിചയപ്പെടുത്തിയത്. പക്ഷേ, സമീപകാലത്തെ വന്‍ പ്രദര്‍ശനവിജയങ്ങളിലൊന്നായ ഒരു സിനിമയുടെ സംവിധാനമ് മുതല്‍ വസ്ത്രാലങ്കാരം വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്കു നിര്‍വ്വഹിച്ച സന്തോഷ് പണ്ഡിറ്റിനെ ബ്രിട്ടാസ് വിശേഷിപ്പിച്ചത് ശ്രദ്ധിക്കുക:
“വിവാദ സിനിമാപ്രവര്‍ത്തകന്‍.”

'സ്വച്ഛശീതളമായൊഴുകുന്ന മലയാളചലച്ചിത്ര മേഖലയില്‍ വിവാദത്തിന്റെ വിഷം കലര്‍ത്തുന്നവനാണ് സന്തോഷ് പണ്ഡിറ്റ്' എന്ന ബ്രിട്ടാസിന്റെ ഒളിയാരോപണത്തോട് ശക്തമായ വെറുപ്പും പ്രതിഷേധവും എനിക്കുണ്ട്. മാക്ടയുടെ ചെയര്‍മാനും എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയുമൊക്കെ വാളൊളിപ്പിച്ച് കരുതിയിരിക്കുന്ന ഒരു വേദിയിലാണ്, കിടപ്പാടം വിറ്റു സിനിമയെടുത്ത ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ആക്ഷേപിക്കുന്നത് എന്നത് കാണാതെ പോകരുത്.

ആര്‍ക്കുവേണ്ടിയാണ്, ആരുടെ കൂലിഗുണ്ടയായാണ് ബ്രിട്ടാസ് ആ വേദിയില്‍ നിന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. കാരണം, ആരുടെയും പിന്‍ബലമില്ലാതെ, ആരുടെയും മൂടുതാങ്ങാതെ സ്വന്തം പരിശ്രമം ഒന്നുകൊണ്ടുമാത്രം ഒരു ചലച്ചിത്രം കാണികളുടെ മുന്നിലെത്തിച്ച ചെറുപ്പക്കാരനെ പ്രേക്ഷകലക്ഷങ്ങള്‍ക്കു മുന്നില്‍ അവഹേളിക്കാന്‍ അശ്ളീലമായൊരു വ്യഗ്രതയും ആവേശവും പരിപാടിയിലുടനീളം ബ്രിട്ടാസ് പ്രകടിപ്പിക്കുന്നുണ്ട്.


പണ്ഡിറ്റിന്റെ സിനിമ കാണാന്‍ തിയറ്റര്‍ നിറയെ കാണികളെത്തുന്നു എന്നു പറഞ്ഞ ശേഷം ബ്രിട്ടാസ്, പണ്ഡിറ്റിനോട് ചോദിക്കുന്നു:
“തെറി പറയാനാണോടോ സന്തോഷേ,ആള്‍ക്കാര്‍ വരുന്നത്..?”
ഒന്നരപ്പടം ഇറക്കി പൊട്ടിയവനെ വരെ 'താങ്കള്‍' എന്നു മടികൂടാതെ വിളിച്ച, കള്ളപ്പണക്കാരന്റെ മുന്നില്‍ പഞ്ചപുച്ഛം അടക്കി നിന്ന ബ്രിട്ടാസ് , പണ്ഡിറ്റിനെ സംബോധന ചെയ്യുമ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പുച്ഛവും ശ്രദ്ധിക്കുക. പണ്ഡിറ്റിന്റെ സിനിമ കണ്ടില്ല എന്നു സമ്മതിക്കുന്ന ബ്രിട്ടാസ് ആര്‍ക്കുവേണ്ടിയാണ് ഈ കത്തിവേഷം അണിയുന്നത്?

മറ്റൊരിടത്ത് ഇതാ ബ്രിട്ടാസ് വീണ്ടും:
“എടോ സന്തോഷേ...”

പണ്ഡിറ്റിനെതിരേ ആരോപണങ്ങള്‍ നിരത്തി ആനന്ദിക്കുന്ന 'വിശ്രുത'അഭിനേത്രിയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടാസ് പക്ഷേ, മറുപടി പറയാന്‍ പണ്ഡിറ്റിനു അവസരമൊന്നും നല്കുന്നില്ല. പതറാതെ പ്രതികരിക്കുന്ന പണ്ഡിറ്റ് സംസാരിക്കുമ്പോള്‍ അവഹേളനപരമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട് ശ്രീമാന്‍ ബ്രിട്ടാസ്.


സന്തോഷ് പണ്ഡിറ്റിന്റെ വസ്ത്രധാരണം പോലുമ് ബ്രിട്ടാസിനു പിടിക്കുന്നില്ല. കോട്ടും കണ്ഠകൗപീനവും മലയാളിക്കു ചിരപരിചിതമാക്കിക്കൊടുത്ത ചാനല്‍മുഖത്തു നിന്നു കൊണ്ടാണ് , പണ്ഡിറ്റ് കോട്ടിടുന്നതിനെ ശ്രീമാന്‍ വിമര്‍ശിക്കുന്നത്.

അവഹേളനത്തില്‍ ബ്രിട്ടാസിനേക്കാള്‍ ആവേശം അഭിനേത്രിക്കാണ്. സാമൂഹികശാസ്ത്രജ്ഞയുടെയും മന:ശാസ്ത്രജ്ഞയുടെയും കലാമര്‍മ്മജ്ഞയുടെയും കുപ്പായങ്ങള്‍ വാരിയണിഞ്ഞുകൊണ്ടാണ് പുള്ളിക്കാരി വാചകമടി നടത്തുന്നത്.
“അടങ്ങിയിരുന്ന് സിനിമ കാണാന്‍ പറഞ്ഞാല്‍ നാളെ ഒരാളും കാണില്ല" എന്ന് ശ്രീമതി രോഷം കൊള്ളുന്നു. ഇതു കേട്ടാല് തോന്നുമല്ലോ, മലയാളത്തിലാദ്യമായി കാണികള് എഴുനേറ്റു നിന്നത് പണ്ഡിറ്റിന്റെ സിനിമ കണ്ടപ്പോഴാണെന്ന്! പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നാടൊട്ടുക്ക് സിനിമ കാണിച്ചപ്പോള്‍ ഈ വിമര്‍ശക എവിടെയായിരുന്നു? ഫിലിംപെട്ടി ആനപ്പുറത്ത് എഴുന്നെള്ളിച്ചപ്പോള്‍ എവിടെയായിരുന്നു ഇവര്‍?


തിരശ്ശീലയില്‍ പണ്ഡിറ്റിനെ കാണൂമ്പോള്‍ തെറിവിളിക്കുന്ന ശരാശരി കാണിയുടെ അതേ മാനസികനില തന്നെയാണ് 'അഭിനേത്രി'യും പ്രകടിപ്പിക്കുന്നത്. അതേ ഹിസ്റ്റീരിയയോടെ പുലഭ്യം പറയുകയാണ് ആ സ്ത്രീ. അസഭ്യപദങ്ങള് ഉപയോഗിക്കുന്നുല്ല എന്നു മാത്രം. ഒരു സിനിമാ സംഘടനയിലും അംഗമാകാതെ എങ്ങനെയാണ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് സെന്സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അവര്‍ ചോദിക്കുന്നു. തമ്പുരാക്കന്‍മാരുടെ കാലില്‍ വീഴാത്തവനെ സിനിമയെടുക്കാന് അനുവദിക്കരുതെന്ന്. “ആരിവിടെ... ഇവന്റെ തല വീശൂ...” എന്ന് പറഞ്ഞില്ലെന്നേയുള്ളൂ.

വ്യാജസീഡികള്‍ക്കെതിരേ വാലുവിറപ്പിക്കുന്ന സംഘടനാനേതാക്കളിരിക്കുന്ന വേദിയില്‍  മാലോകര്‍  കേള്‍ക്കെ അഭിനേത്രി ഒരു കാര്യം  കൂടി പറഞ്ഞു: അവരുടെ മകന്‍ സിനിമകള്‍ റിലീസു ചെയ്യുന്നതിന്റെ മൂന്നാം ദിവസംതന്നെ നെറ്റില്‍ നിന്ന് അത് ഡൌണ്‍ലോഡ് ചെയ്തെടുക്കുമെന്ന്. ഒരു നേതാവും അതുകേട്ടിട്ട് കമാന്നൊരക്ഷരം മിണ്ടിയില്ല. അവരുടെ കാലില്‍  വീഴാത്തവനെ എറിഞ്ഞു വീഴ്ത്താനിരിക്കുകയാണല്ലോ അവര്‍.

“എടോ, താനൊരു മാനസികവൈകൃതമാണെന്നാണു ഇവരു പറയുന്നത്.” എന്ന് ബ്രിട്ടാസ് വീണ്ടും രംഗത്തു വരുന്നു. “ഞാന്‍ ഡെഡിക്കേറ്റഡാണ്" എന്ന് ചങ്കില്‍ തൊട്ടുപറയുന്ന, തെളിയിച്ച ചെറുപ്പക്കാരനെ 'എടാ, വാടാ, പോടാ' എന്നു വിളിക്കുന്നതാണോ ജോണ്‍ ബ്രിട്ടാസിന്റെ വ്യക്തിസംസ്കാരവും മാധ്യമസംസ്കാരവും? “താന്‍  മലയാളിയെ അപമാനിക്കാന്‍ വേണ്ടിയുള്ള പരിപാടിയാണോ ചെയ്തത്?” എന്നാണ് ബ്രിട്ടാസിന്റെ മറ്റൊരു ചോദ്യം. സര്‍, സത്യത്തില്‍ ആര്, ആരെയാണ് അപമാനിക്കുന്നത്?

സാബു ചെറിയാന്‍ ഇടയ്ക്കു ചോദിച്ച ചോദ്യം കേട്ടില്ലേ: “പുള്ളിയോടെന്തിനു ദേഷ്യം?” കൂലിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു കണ്ട് സന്തോഷും ഇടയ്ക്കു ചോദിച്ചുപോകുന്നു :”ഞാനെന്താ വല്ല ക്രിമിനല്‍ പ്രശ്നവും ഉണ്ടാക്കിയോ?” തനിക്കു നേരെയുള്ള ആക്രമണത്തെ സജീവമായി പ്രതിരോധിച്ച പണ്ഡിറ്റിനു നേരേ ബ്രിട്ടാസ് ചാടിവീഴുന്നു: “....അടങ്ങെടോ...?”

അതെ, അതുതന്നെയാണു പ്രശ്നം. താരത്തമ്പുരാക്കന്മാര്‍ വയസ്സാംകാലത്തും കിളുന്നുകള്‍ക്കൊപ്പം ആടിപ്പാടും. നീയൊക്കെ കയ്യിലെ കാശുമുടക്കി അതുകാണാന്‍ വന്നാല്‍ മതി. അല്ലാതെ, സിനിമാത്തറവാട്ടില് കാലുകുത്തിപ്പോകരുത്. 'അടങ്ങിക്കിടക്കെടാ, അടിയിലെങ്ങാനും …!'

“ഏറ്റവും കൂടുതല്‍ ഭ്രഷ്ടും വിലക്കുകളുമുള്ള മേഖലയാണ് മലയാളസിനിമ" എന്ന് ചര്‍ച്ചയ്ക്കിടയില്‍ ബ്രിട്ടാസ് പറയുന്നുണ്ട്. മലയാളസിനിമ രക്ഷപ്പെടാന്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കിവിടെ ഭ്രഷ്ട് കല്പിക്കണമെന്ന് പ്രശാന്ത് മാമ്പുള്ളിയും പറയുന്നു. യഥാര്‍ത്ഥത്തില്‍ അടുത്ത ഭ്രഷ്ടിനുള്ള കളമൊരുങ്ങുകയാണിവിടെ. പണ്ഡിറ്റിനു നേരേയാവും അതിനി  ഉയരുക.
ഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടില്ല. എന്നെ തല്ലിക്കൊന്നാലും ഞാന്‍ കാണുകയുമില്ല! ചില ക്ളിപ്പിങ്ങുകള്‍ കണ്ടതോടെ ആ സിനിമയുടെ നിലവാരം എനിക്കു ബോധ്യപ്പെട്ടു. പക്ഷേ, പണ്ഡിറ്റിനു സിനിമയെടുക്കാന്‍ അവകാശമില്ല എന്നമട്ടിലുള്ള ആക്രമണങ്ങളെ എനിക്കംഗീകരിക്കാനാവില്ല. ഉള്ളില്‍ നിറയെ സിനിമയുമായി നടക്കുന്ന (ബ്രിട്ടാസിന്റെ ഭാഷയില്‍, 'സിനിമ ഭക്ഷിച്ചു ജീവിക്കുന്ന') ചെറുപ്പക്കാര്‍ക്ക് സന്തോഷിന്റെ സിനിമ തീര്‍ച്ചയായും വലിയ പ്രചോദനമാണ്. കോടികള്‍ അമ്മാനമാടുന്ന കൊടികെട്ടിയ വമ്പന്മാര്‍ക്കുമാത്രം സാധ്യമാകുന്ന ഒന്നാണ് സിനിമ എന്ന ധാരണയെ പൊളിച്ചു എന്നതുതന്നെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രാധാന്യം. തങ്ങള്‍ സ്വയം രൂപപ്പെടുത്തിയ കഥയ്ക്ക്, അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി, സ്വന്തം മനസ്സിലെ സിനിമ വളരെ കുറഞ്ഞ ചെലവില്‍ ആവിഷ്കരിക്കാന്‍ സിനിമയോട് ഡെഡിക്കേറ്റഡായ ഇവിടത്തെ ഓരോ ചെറുപ്പക്കാരനും സാധിക്കട്ടെ. അവ ആരെയും ഭയപ്പെടാതെ പ്രദര്‍ശിപ്പിക്കപ്പെടട്ടെ. മികച്ചവ നിലനില്ക്കും. അല്ലാത്തവ തീര്‍ച്ചയായും പിന്തള്ളപ്പെടും.

കാല്ക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കാന്‍ കടല്‍ക്കിഴവന്മാര്‍ നടത്തുന്ന നായാട്ടുകളെ പ്രതികരണനു അനുകൂലിക്കാനാവുന്നില്ല. ഷക്കീലപ്പടങ്ങള്‍ക്കും അക്രമ-വിധ്വംസക-തെറിപ്പാട്ടുചിത്രങ്ങള്‍ക്കും കുഴലൂതിയവര്‍ ഒരു ചെറുപ്പക്കാരന്റെ ധീരസംരംഭത്തെ തകര്‍ക്കാന്‍ നടത്തുന്ന –(അതിലൂടെ വരുംകാലത്തെ ചെറുപ്പക്കാരുടെ സ്വന്തംകാലില്‍നിന്നുള്ള മുന്നേറ്റങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ വേണ്ടിയുള്ള)-- കലാപങ്ങള്‍ക്ക് ജോണ് ബ്രിട്ടാസ് കൂട്ടുനില്ക്കരുത്.

ഓര്‍ഡറനുസരിച്ച് തയ്യാര്‍ ചെയ്തു കൊടുക്കുന്ന സംവിധായകരും സാങ്കേതികവിദഗ്ധരുമല്ല നമുക്കു വേണ്ടത്. മൗലികപ്രതിഭയുള്ള, സ്വന്തം ചലച്ചിത്രത്തെ അഭ്രപാളികളിലാവിഷ്കരിക്കുന്ന 'ചലച്ചിത്രകാരന്മാരെ'യാണ്. അവര്ക്കു വേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്.