Thursday, August 25, 2011

മലയാളത്തിനു പിഴ – ഒരു വിയോജനക്കുറിപ്പ്.




മാള ഹോളി ഗ്രേസ് സീബീഎസ്‌സീ സ്കൂളിലെ 103 വിദ്യാര്‍ത്ഥികളെ, സ്കൂളില്‍ മലയാളം സംസാരിച്ചതിനു സ്കൂളധികൃതര്‍ പുറത്താക്കി. ആയിരം രൂപ പിഴയടച്ചതിനു ശേഷം ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നാണു നിര്‍ദ്ദേശം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രശ്നം കത്തിത്തുടങ്ങുകയാണ്. പിഴയടയ്ക്കാന്‍ തയ്യാറല്ലെന്നു രക്ഷിതാക്കള്‍. മലയാളസ്നേഹികളുടെ രക്തം തിളച്ചുയരുന്നു.

ഈ സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് കുറ്റക്കാരല്ലെന്നാണ് പ്രതികരണന്റെ വിനീതാഭിപ്രായം. സ്കൂള്‍ മാനേജ്മെന്റിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പൊതുസമൂഹം ശ്രമിച്ചാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് പറയാതെ വയ്യ.

സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ പൊതുവിദ്യാലയങ്ങള്‍ ഇല്ലാത്തതിനാലല്ല ഇത്തരം സ്കൂളുകളില്‍ രക്ഷിതാക്കള്‍ കുട്ടികളെ വിടുന്നത്. മറിച്ച്, പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മനസ്സില്ലാത്തതിനാലാണ്. പൊതുവിദ്യാലയങ്ങള്‍ക്ക് ഗ്ലാമര്‍ പോരാ, സ്റ്റാറ്റസിനു ചേരില്ല, ഭാവിക്കു നല്ലതല്ല: രക്ഷിതാക്കള്‍ക്കു പരാതികള്‍ നിരവധിയാണ്. മാളസ്കൂളിലെ ഒരു കുട്ടിയെപ്പോലും  സ്കൂളധികൃതര്‍ വീട്ടില്‍ ചെന്ന് സോപ്പിട്ട്, പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത്, ഉപ്പുമാവും ഉച്ചക്കഞ്ഞിയും കൊടുത്ത് കൊണ്ടുവന്ന് ചേര്‍ത്തതല്ല. മുന്നേ ‘ബുക്ക്’ചെയ്ത്, കനത്ത ഡൊണേഷനും ഒടുക്കത്തെ ഫീസും തൊട്ടതിനു പിടിച്ചതിനുമെല്ലാം പിരിവും കൊടുത്ത് രക്ഷിതാക്കള്‍ തന്നെ മുമ്പുഞാന്‍ മുമ്പുഞാനെന്ന മട്ടില്‍ ചേര്‍ത്തതാണ്. ‘മലയാലം കുരചു കുരച്ചു’ പോലും മിണ്ടാതിരിക്കാന്‍ തന്നെയാണവിടെ ചേര്‍ത്തത്. സായിപ്പിന്‍‌കുട്ടിയെപ്പോലെ ഇംഗ്ലീഷു പറയാന്‍ തന്നെയാണവിടെ പഠിപ്പിക്കുന്നത്. രക്ഷിതാക്കളുടെ പ്രതീക്ഷകളെയാണ് സ്കൂളധികൃതര്‍ സഫലമാക്കിയത്, സഫലമാക്കുന്നത്!

മലയാളം അവര്‍ക്ക് ‘ഇച്ചീച്ചി‘യാണു സാര്‍: രക്ഷിതാക്കള്‍ക്കും മാനേജ്മെന്റിനും. എന്നിട്ടിപ്പം എന്തിനാണിങ്ങനെ ഒരു പ്രതിഷേധം?

യഥാര്‍ത്ഥത്തില്‍ പൊതുസമൂഹം ഇടപെടേണ്ടത് പൊതുവിദ്യാലയങ്ങളിലാണ്. ദരിദ്രജനകോടികളുടെ നികുതിപ്പണം ചെലവഴിച്ച് നിലനിര്‍ത്തുന്ന പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍.  പത്തുകൊല്ലം അവിടെ ഉന്തിക്കഴിച്ചിട്ടും സ്വന്തം പേരുപോലും മാതൃഭാഷയില്‍ എഴുതാനറിഞ്ഞുകൂടാതെ പുറത്തു വരുന്ന ‘ദരിദ്രവാസി’കളുടെ കാര്യത്തില്‍. ശമ്പളത്തെക്കുറിച്ചും ഇന്‍‌ക്രിമെന്റിനെക്കുറിച്ചും പേറിവിഷനെക്കുറിച്ചും വാതോരാതെ ചര്‍ച്ചചെയ്യുന്നതിനിടയില്‍ വിസ്മരിക്കപ്പെട്ടുപോകുന്ന കേരളീയബാല്യങ്ങളെക്കുറിച്ച് പൊതുസമൂഹം വ്യാകുലപ്പെടണം. കേരളീയ പൊതുവിദ്യാലയങ്ങളെ അരാജകത്വത്തിലേയ്ക്കും അശാസ്ത്രീയ പരിഷ്കാരങ്ങളിലേയ്ക്കും അധ:പതിപ്പിച്ചതിനെതിരെയാണ് പൊതുബോധം ഉണരേണ്ടത്. മലയാളം നിര്‍ബന്ധിത പാഠ്യവിഷയമായ എത്ര പൊതുവിദ്യാലയക്കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ അതെഴുതാനറിയാമെന്ന് ആദ്യം അന്വേഷിക്കട്ടെ. അതിനു ശേഷം പോരേ, സീബീയെസ്സീക്കാരുടെ നേരേ കണ്ണുരുട്ടുന്നത്..??

1921 – ‘ഹരിത‘വിപ്ലവം


ഇക്കഴിഞ്ഞ കുറേ നാളുകളില്‍ സാംസ്കാരിക നായകര്‍ ഇടപെടേണ്ട/പ്രതികരിക്കേണ്ട/സംസാരിക്കേണ്ട എന്തെല്ലാം ഇക്കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. അല്ല, ഇതിലെല്ലാം ഇക്കൂട്ടര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാലും ചിലപ്പോ നാമിവരുടെ ഒച്ചയ്ക്കു കാതോര്‍ത്തുപോവില്ലേ?

‘മാതൃഭൂമി’യിലിതാ, പ്രഖ്യാത ബുദ്ധിജീവി ശ്രീ കെ ഈ എന്‍ കുഞ്ഞഹമ്മദിന്റെ രൂക്ഷപ്രതികരണം. വിഷയം : ‘1921-ലേത് ഒരു മുസ്ലിം ലഹളയോ അതോ സ്വാതന്ത്ര്യസമരമോ?”
‘കാളന്‍സമര’ങ്ങള്‍ മാത്രമല്ല, ‘കാളസമര’ങ്ങളും സ്വാതന്ത്ര്യസമരമാകുമെന്ന് അദ്ദേഹം ജ്വലിക്കുന്നു.

പച്ചച്ചെങ്കൊടി പാറട്ടെ!!

Thursday, August 18, 2011

വീയെസ്സിന്റെ ദത്തുപുത്രന്‍



എന്റെ പട്ടണത്തിലെ ഒരു കടയിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിക്കാന്‍ കിട്ടില്ല. വരിക്കാരുണ്ടായിരിക്കാം; പക്ഷേ, ഒറ്റ പ്രതി പോലും കടകളില്‍ വില്പന നടക്കില്ല. എന്റെ ഗ്രാമത്തിലെ ഏക  മാതൃഭൂമി ആഴ്ചപ്പതിപ്പു വരിക്കാരനാണു ഞാന്‍. വായന മരിച്ചതു കൊണ്ടൊന്നുമല്ല. മംഗളം മനോരമ വീക്കിലികള്‍ക്ക് ആയിരക്കണക്കിനാണ് ഇവിടെ ആരാധകര്‍. മാതൃഭൂമിയുടെ ചില ലക്കങ്ങള്‍ തരുമ്പോള്‍ പത്രക്കാരന്‍ പയ്യന്റെ മുഖത്ത് ഒരു പുച്ഛഭാവമായിരിക്കും. ഒക്കെ സഹിച്ച് ഏക വരിക്കാരനായി തുടരുകയാണു ഞാന്‍.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിചയക്കാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു വരുത്തുന്നുണ്ടോ..? എന്ന് ആകാംക്ഷയോടെ എന്നോടന്ന്വേഷിച്ചു. “വായിക്കാനാണ്. പിന്നെ വീട്ടിലോട്ട് വരാം..” എന്നു പറഞ്ഞവരുടെ എണ്ണം കൂടിയപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്.

എല്ലാവര്‍ക്കും വേണ്ടത് ആ അഭിമുഖമാണ്. നമ്മുടെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ  അഭിമുഖം. പിണറായി വിജയനെ കീറിമുറിച്ചു കൊണ്ട് പഴയ സഹചാരി നടത്തിയ വെളിപ്പെടുത്തലുകള്‍ വായിക്കാനാണ്  എല്ലാവരും മാതൃഭൂമി തിരക്കുന്നത്. ഞാനും വായിച്ചിരുന്നു അത്. പക്ഷേ, വന്‍‌പ്രചാരമൊന്നുമില്ലാത്ത ആഴ്ച്ചപ്പതിപ്പില്‍  തുറന്നു പറഞ്ഞതു കൊണ്ട് ബര്‍ലിന്റെ വാക്കുകള്‍ അധികമാരും അറിയാതെ പോകുമെന്ന്  ഞാന്‍ ഖേദിച്ചു. മതില്‍ പൊളിച്ചു വീട്ടില്‍ വന്ന വീയെസ്സിനെ പിന്താങ്ങി നടത്തിയ അഭിപ്രായങ്ങളില്‍ പിറ്റേന്നുതന്നെ വീയെസ്സ് പ്രതിഷേധിച്ചപ്പോള്‍ ഒരല്പം ഇച്ഛാഭംഗം എനിക്കു തോന്നി. വീയെസ് ബെര്‍ലിനെ തള്ളിപ്പറയരുതായിരുന്നു….

ആഴ്ചപ്പതിപ്പു വായിക്കാന്‍ വീട്ടില്‍ വന്നവരോട് ഞാന്‍ തിരക്കി : “ആരാണീ അഭിമുഖത്തെപ്പറ്റി പറഞ്ഞുതന്നത്..?” അവരുടെ മറുപടി കേട്ട് ഞാനമ്പരന്നു..! ഹമ്പമ്പട വീയെസ്സേ..!! അധികമാരും വായിക്കാത്ത ഒരു പ്രസിദ്ധീകരണത്തില്‍ ബെര്‍ലിന്‍ നായര്‍ ‘‘മ്മടെ പിണറായിയെ മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ എന്നു വിശേഷിപ്പിച്ചതു തെറ്റായിപ്പോയി’‘ എന്ന് വീയെസ് ചാടിക്കയറി പ്രതികരിച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയപ്പോള്‍, ആ പബ്ലിസിറ്റി വൈഭവത്തിന്റെ മുന്നില്‍ അന്തംവിട്ട് ഞാനിരുന്നുപോയി………


Tuesday, August 9, 2011

ശ്രീമതി ലതികാ സുഭാഷും പരാതികളും




കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂഡീയെഫ് സ്ഥാനാര്‍ത്ഥിയായി  മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച ശ്രീമതി ലതികാ സുഭാഷ്, എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദനെതിരെ നല്‍കിയ പരാതി പിന്‍‌വലിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ വീ.എസ്. അച്ചുതാനന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തി എന്നായിരുന്നു ശ്രീമതി ലതികാ സുഭാഷിന്റെ പരാതി. വീയെസ്സിന്റെ പ്രായം, മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണം എന്നിവയെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വീയെസ്സിനോട് ക്ഷമിക്കുന്നതെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.

ഈ വാര്‍ത്ത പ്രതികരണന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു, കേട്ടു. തെരഞ്ഞെടുപ്പുകാലത്ത് ശ്രീമതി ലതികാ സുഭാഷ് വീയെസ്സിനെതിരെ ഗുരുതരമായ മറ്റൊരു പരാതി കൂടി ഉന്നയിച്ചിരുന്നു. ആ പരാതിയും പിന്‍‌വലിച്ചോ എന്നറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത്തരം പരാമര്‍ശമൊന്നും കണ്ടില്ല, കേട്ടില്ല.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, വീയെസ് ഉയര്‍ത്തിപ്പിടിച്ച ഒരു പ്രശ്നമുണ്ടായിരുന്നു : പെണ്‍‌വാണിഭം. വിശേഷിച്ച്, കിളിരൂര്‍ കേസ്. ശാരിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിച്ച് കയ്യാമം വച്ചു നടത്തുമെന്ന് വീമ്പിളക്കിയ വീയെസ് അഞ്ചുകൊല്ലം അധികാരത്തിലിരുന്നിട്ടും അതിനുവേണ്ടി ചെറുവിരലനക്കുക പോലും ചെയ്തില്ലെന്നും ഈ ആവശ്യമുന്നയിച്ചു വന്ന ശാരിയുടെ മാതാപിതാക്കളോടും മകളോടും ക്രൂരമായി പെരുമാറിയെന്നും ലതികാ സുഭാഷ് പരക്കെ പ്രസം‌ഗിച്ചിരുന്നു. (ലതികാ സുഭാഷിനു കെട്ടിവയ്ക്കാനുള്ള പണം ശാരിയുടെ പിതാവാണു നല്‍കിയതെന്ന് പത്രങ്ങളില്‍ വായിച്ചു.) കത്തുന്ന വാക്കുകളില്‍ പൊതുജനത്തിനു മുന്‍പാകെ ലതികാ സുഭാഷ് ഉന്നയിച്ച ആ പരാതിയുടെ സ്ഥിതി ഇപ്പോഴെന്താണു‍? പ്രായം പരിഗണിച്ച് ആ പരാതിയും ലതികാ സുഭാഷ് പിന്‍‌വലിക്കുകയാണോ?

തന്റെ മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്ന സ്ഥിതിയ്ക്ക്, ശാരിക്കേസില്‍ തീര്‍ച്ചയായും ലതികാ സുഭാഷിന്റെ ഇടപെടല്‍ നടക്കുന്നുണ്ടാകുമെന്ന് പ്രതികരണന്‍ കരുതുന്നു. ശാരിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിപ്പിക്കാനുള്ള പരിശ്രമങ്ങളിലാവും അവരെന്നു തന്നെ ഞാന്‍  വിശ്വസിക്കുന്നു.

അതോ, അടുത്ത തെരഞ്ഞെടുപ്പുകാലം വരുംവരെ ശാരിയുടെ മാതാപിതാക്കളും മകളും പടിക്കു പുറത്തു തന്നെയായിരിക്കുമോ?!

Wednesday, August 3, 2011

ഡീസീ ബുക്സും ശ്രീബുദ്ധനും


ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്നിലാണ് ഞാൻ ഡീസീ ബുക്സുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നത് – പ്രീപബ്ലിക്കേഷൻ അംഗം എന്ന നിലയിൽ. മലയാള ചെറുകഥാപ്രസ്ഥാനത്തിന്റെ നൂറാംവാർഷികത്തെ പുരസ്കരിച്ച്, കെ.എസ്. രവികുമാർസാറിന്റെ എഡിറ്റിങ്ങിൽ ഡീസീബുക്സ് ‘നൂറു വർഷം നൂറു കഥ’ എന്ന പുസ്തകം പുറത്തിറക്കിയപ്പോൾ. വിദ്യാർത്ഥിയായിരുന്ന ഞാൻ വളരെ ക്ലേശിച്ചു മിച്ചംപിടിച്ച തുകകൾ കൊണ്ടാണ് തവണകൾ അടച്ചുതീർത്ത് ആ പുസ്തകം സ്വന്തമാക്കിയത്.  (ലോക പുസ്തകപ്രസാധനരംഗത്ത് ‘പ്രീപബ്ലിക്കേഷൻ’ സമ്പ്രദായത്തിന്റെ തുടക്കക്കാരൻ  ഡീസീ കിഴക്കേമുറിയാണെന്ന് പിന്നീട് വായിച്ചറിഞ്ഞു.) ഇല്ലായ്മകളിൽ നിന്നു വാങ്ങിയതു കൊണ്ടാവും ഒരു വൈകാരിക ബന്ധുത്വം ആ പുസ്തകത്തോടും ഡീസീ ബുക്സിനോടും എനിക്കു തോന്നുന്നത്.

ഇക്കാര്യങ്ങൾ ഇപ്പോൾ പറയുവാൻ എന്നെ പ്രേരിപ്പിക്കുന്നത് ഡീസീ ബുക്സിന്റെ താരതമ്യേന പുതിയ ഒരു പുസ്തകമാണ്. 2008-ൽ ആദ്യപതിപ്പായി ഇറങ്ങിയ  ‘പുതുയുഗം പുതു ഇന്ത്യ’ എന്ന പുസ്തകം. ശ്രീ ശശി തരൂരിന്റെ ‘The elephant, the tiger and the cellphone’ എന്ന പുസ്തകത്തിനു ശ്രീ എം.പി.സദാശിവൻ തയ്യാറാക്കിയ വിവർത്തനം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ചില ചിന്ത‘കളാണ്  ഈ പുസ്തകമെന്ന് അതിന്റെ പുറംചട്ടയിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആഗോളവൽകൃത പുതുലോക സാഹചര്യത്തിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സത്തയെ അടയാളപ്പെടുത്താൻ പര്യാപ്തമായ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയസാഹചര്യങ്ങളെ അപഗ്രഥിക്കുന്ന ഈ പുസ്തകം, കാലത്തിന്റെ അതിശീഘ്രപ്രയാണത്തിൽ രാഷ്ട്രീയസങ്കൽ‌പ്പങ്ങളിൽ വരുന്ന പരിണാമങ്ങളെ കുറിക്കുന്നു’ എന്ന് പ്രസാധകക്കുറിപ്പിൽ ശ്രീ രവീ ഡീസീ എഴുതിയിരിക്കുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല ഈ പോസ്റ്റ്; അതിന്റെ പുറംകവറിനെക്കുറിച്ചാണ് – കവർചിത്രത്തെക്കുറിച്ചാണ്. 2010-ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ് എന്റെ കൈവശമുള്ളത്. അതിന്റെ കവർചിത്രം നോക്കുക.

ഇയർഫോൺ ചെവിയിൽ വച്ച്, കയ്യിൽ സെൽഫോണുമായി പത്മാസനസ്ഥനായ സാക്ഷാൽ ശ്രീബുദ്ധൻ!

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണീ പുസ്തകം. പരമ്പരാഗത ഭാരതീയ സമൂഹത്തിന്റെ പരിവർത്തനങ്ങളെക്കുറിച്ച്. പക്ഷേ, അതു സൂചിപ്പിക്കാൻ ഉപയോഗിച്ച കവർച്ചിത്രം തികച്ചും അനുചിതവും അവഹേളനപരവും ആയിപ്പോയി.ഭാരതത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ദൈവരൂപമാണു ശ്രീബുദ്ധൻ എന്നതിനാലല്ല ഞാൻ ഇങ്ങനെ പറയുന്നത്; രണ്ടായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ശ്രീബുദ്ധൻ രൂപപ്പെടുത്തിയ ദാർശനികത ഇന്നും മുഴുവൻ ലോകത്തിനും ബഹുമാന്യമാണ് എന്നതിനാലാണ്. ഒരു ‘ഭാരതീയ ദൈവം’ എന്ന നിലയിലല്ല ലോകം ശ്രീബുദ്ധനെ മാനിക്കുന്നത്; മഹാനായ ഭാരതീയ ദാർശനികൻ എന്ന നിലയിലാണ്. പുസ്തകത്തിന്റെ കവർച്ചിത്രം ശ്രദ്ധിക്കൂ. പാരമ്പര്യങ്ങളിൽ നിന്നും പുരോഗമനം നേടുന്ന ഒരു ജനതയെക്കുറിച്ച് ഗൌരവാവഹമായ ഒരു ചിന്താപ്രേരണയല്ല ആ ചിത്രം നൽകുന്നത്. മറിച്ച്, സ്വന്തം ദാർശനികദീപ്തികൊണ്ട്  ലോകത്തിന്റെ ബഹുമാനത്തിനു പാത്രമായ ശ്രീബുദ്ധനെക്കുറിച്ച് അവഹേളനപരമായ അപഹാസ്യതയാണ്.

പുസ്തകത്തിന്റെ ‘ഒറിജിനൽ ഇംഗ്ലീഷ് ടൈറ്റി’ലിൽ സെൽഫോൺ പരാമർശമുണ്ടെങ്കിലും അത് ഇത്തരത്തിൽ ഒരു മാനിപ്യുലേഷൻ നടത്തിയതിനു ഒരു വിധത്തിലും ന്യായീകരണമല്ല. മലയാളശീർഷകത്തെ ദൃശ്യവൽക്കരിക്കാ‍ൻ  മറ്റെന്തെങ്കിലും കണ്ടെത്തുക പ്രയാസകരമാണെന്നു തോന്നുന്നുമില്ല. ‘ബുദ്ധമതവിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതിനാൽ പുസ്തകം പിൻ‌വലിച്ച് ഡീസീ ബുക്സ് മാപ്പു പറയണം’ എന്നല്ല പ്രതികരണന്റെ വാദം. ഭാരതത്തിന്റെ അതിരുകളെ ദാർശനികഗരിമയൊന്നുകൊണ്ടു മാത്രം അതിലംഘിച്ചു പരക്കുകയും പുതിയ സാംസ്കാരിക സമൂഹങ്ങളെ ആഴത്തിൽ പരിവർത്തിപ്പിക്കുകയും ചെയ്ത വ്യക്തിയെ, ചിന്താധാരയെ പ്രസ്തുത കവർചിത്രം ആക്ഷേപകരമായി അവതരിപ്പിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്, ഇനിയുള്ള പതിപ്പുകളിൽ ഈ ചിത്രം ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നു മാത്രമാണ്. അതിനു പ്രിയപ്പെട്ട ഡീസീ ബുക്സ് ഒട്ടും ഉപേക്ഷ വിചാരിക്കരുതെന്നു മാത്രമാണ്.