Thursday, August 18, 2011

വീയെസ്സിന്റെ ദത്തുപുത്രന്‍എന്റെ പട്ടണത്തിലെ ഒരു കടയിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിക്കാന്‍ കിട്ടില്ല. വരിക്കാരുണ്ടായിരിക്കാം; പക്ഷേ, ഒറ്റ പ്രതി പോലും കടകളില്‍ വില്പന നടക്കില്ല. എന്റെ ഗ്രാമത്തിലെ ഏക  മാതൃഭൂമി ആഴ്ചപ്പതിപ്പു വരിക്കാരനാണു ഞാന്‍. വായന മരിച്ചതു കൊണ്ടൊന്നുമല്ല. മംഗളം മനോരമ വീക്കിലികള്‍ക്ക് ആയിരക്കണക്കിനാണ് ഇവിടെ ആരാധകര്‍. മാതൃഭൂമിയുടെ ചില ലക്കങ്ങള്‍ തരുമ്പോള്‍ പത്രക്കാരന്‍ പയ്യന്റെ മുഖത്ത് ഒരു പുച്ഛഭാവമായിരിക്കും. ഒക്കെ സഹിച്ച് ഏക വരിക്കാരനായി തുടരുകയാണു ഞാന്‍.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിചയക്കാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു വരുത്തുന്നുണ്ടോ..? എന്ന് ആകാംക്ഷയോടെ എന്നോടന്ന്വേഷിച്ചു. “വായിക്കാനാണ്. പിന്നെ വീട്ടിലോട്ട് വരാം..” എന്നു പറഞ്ഞവരുടെ എണ്ണം കൂടിയപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്.

എല്ലാവര്‍ക്കും വേണ്ടത് ആ അഭിമുഖമാണ്. നമ്മുടെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ  അഭിമുഖം. പിണറായി വിജയനെ കീറിമുറിച്ചു കൊണ്ട് പഴയ സഹചാരി നടത്തിയ വെളിപ്പെടുത്തലുകള്‍ വായിക്കാനാണ്  എല്ലാവരും മാതൃഭൂമി തിരക്കുന്നത്. ഞാനും വായിച്ചിരുന്നു അത്. പക്ഷേ, വന്‍‌പ്രചാരമൊന്നുമില്ലാത്ത ആഴ്ച്ചപ്പതിപ്പില്‍  തുറന്നു പറഞ്ഞതു കൊണ്ട് ബര്‍ലിന്റെ വാക്കുകള്‍ അധികമാരും അറിയാതെ പോകുമെന്ന്  ഞാന്‍ ഖേദിച്ചു. മതില്‍ പൊളിച്ചു വീട്ടില്‍ വന്ന വീയെസ്സിനെ പിന്താങ്ങി നടത്തിയ അഭിപ്രായങ്ങളില്‍ പിറ്റേന്നുതന്നെ വീയെസ്സ് പ്രതിഷേധിച്ചപ്പോള്‍ ഒരല്പം ഇച്ഛാഭംഗം എനിക്കു തോന്നി. വീയെസ് ബെര്‍ലിനെ തള്ളിപ്പറയരുതായിരുന്നു….

ആഴ്ചപ്പതിപ്പു വായിക്കാന്‍ വീട്ടില്‍ വന്നവരോട് ഞാന്‍ തിരക്കി : “ആരാണീ അഭിമുഖത്തെപ്പറ്റി പറഞ്ഞുതന്നത്..?” അവരുടെ മറുപടി കേട്ട് ഞാനമ്പരന്നു..! ഹമ്പമ്പട വീയെസ്സേ..!! അധികമാരും വായിക്കാത്ത ഒരു പ്രസിദ്ധീകരണത്തില്‍ ബെര്‍ലിന്‍ നായര്‍ ‘‘മ്മടെ പിണറായിയെ മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ എന്നു വിശേഷിപ്പിച്ചതു തെറ്റായിപ്പോയി’‘ എന്ന് വീയെസ് ചാടിക്കയറി പ്രതികരിച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയപ്പോള്‍, ആ പബ്ലിസിറ്റി വൈഭവത്തിന്റെ മുന്നില്‍ അന്തംവിട്ട് ഞാനിരുന്നുപോയി………


2 comments:

  1. മലയാളത്തിലെ സാമാന്യം ഭേദപ്പെട്ട വാരികയാണ് മാത്രുഭൂമി എന്നാണറിവ്. സ്ഥിരമായി വായിക്കാറുമുണ്ട്. താങ്കളുടെ നാട് ശ്രീലങ്കയിലാണോ അതൊ ബംഗ്ലാദേശിലൊ. ഒരു അഭിമുഖം പ്രസിദ്ധീകരിക്കുമ്പോഴേക്ക് മാറുന്നതാണോ താങ്കളുടെ വായന അഭിരുചി?

    ReplyDelete
  2. ‘മലയാളത്തിലെ സാമാന്യം ഭേദപ്പെട്ട വാരികയാണു മാതൃഭൂമി’ എന്നത് എന്നെ സംബന്ധിച്ചിടത്തോളം കേട്ടറിവല്ല; അനുഭവമാണ്. അഭിമുഖം വായിച്ച് അഭിരുചികള്‍ മാറിയതായി ഞാന്‍ എഴുതിയിട്ടില്ല. താരതമ്യേന കുറച്ചു കോപ്പികള്‍ മാത്രം വില്കപ്പെടുന്ന ഒരു പ്രസിദ്ധീകരണത്തില്‍ വന്ന അഭിമുഖത്തെ, പൊതു മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ പൊതുജന ശ്രദ്ധയിലെത്തിച്ച വീയെസ്സിന്റെ തന്ത്രമികവിനെപ്പറ്റിയായിരുന്നു എന്റെ പോസ്റ്റ്.

    പിന്നെ, ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും അധമത്വം എന്താണെന്നു മനസ്സിലാവുന്നില്ല.

    ReplyDelete