Tuesday, August 9, 2011

ശ്രീമതി ലതികാ സുഭാഷും പരാതികളും




കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂഡീയെഫ് സ്ഥാനാര്‍ത്ഥിയായി  മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച ശ്രീമതി ലതികാ സുഭാഷ്, എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദനെതിരെ നല്‍കിയ പരാതി പിന്‍‌വലിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ വീ.എസ്. അച്ചുതാനന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തി എന്നായിരുന്നു ശ്രീമതി ലതികാ സുഭാഷിന്റെ പരാതി. വീയെസ്സിന്റെ പ്രായം, മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണം എന്നിവയെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വീയെസ്സിനോട് ക്ഷമിക്കുന്നതെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.

ഈ വാര്‍ത്ത പ്രതികരണന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു, കേട്ടു. തെരഞ്ഞെടുപ്പുകാലത്ത് ശ്രീമതി ലതികാ സുഭാഷ് വീയെസ്സിനെതിരെ ഗുരുതരമായ മറ്റൊരു പരാതി കൂടി ഉന്നയിച്ചിരുന്നു. ആ പരാതിയും പിന്‍‌വലിച്ചോ എന്നറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത്തരം പരാമര്‍ശമൊന്നും കണ്ടില്ല, കേട്ടില്ല.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, വീയെസ് ഉയര്‍ത്തിപ്പിടിച്ച ഒരു പ്രശ്നമുണ്ടായിരുന്നു : പെണ്‍‌വാണിഭം. വിശേഷിച്ച്, കിളിരൂര്‍ കേസ്. ശാരിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിച്ച് കയ്യാമം വച്ചു നടത്തുമെന്ന് വീമ്പിളക്കിയ വീയെസ് അഞ്ചുകൊല്ലം അധികാരത്തിലിരുന്നിട്ടും അതിനുവേണ്ടി ചെറുവിരലനക്കുക പോലും ചെയ്തില്ലെന്നും ഈ ആവശ്യമുന്നയിച്ചു വന്ന ശാരിയുടെ മാതാപിതാക്കളോടും മകളോടും ക്രൂരമായി പെരുമാറിയെന്നും ലതികാ സുഭാഷ് പരക്കെ പ്രസം‌ഗിച്ചിരുന്നു. (ലതികാ സുഭാഷിനു കെട്ടിവയ്ക്കാനുള്ള പണം ശാരിയുടെ പിതാവാണു നല്‍കിയതെന്ന് പത്രങ്ങളില്‍ വായിച്ചു.) കത്തുന്ന വാക്കുകളില്‍ പൊതുജനത്തിനു മുന്‍പാകെ ലതികാ സുഭാഷ് ഉന്നയിച്ച ആ പരാതിയുടെ സ്ഥിതി ഇപ്പോഴെന്താണു‍? പ്രായം പരിഗണിച്ച് ആ പരാതിയും ലതികാ സുഭാഷ് പിന്‍‌വലിക്കുകയാണോ?

തന്റെ മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്ന സ്ഥിതിയ്ക്ക്, ശാരിക്കേസില്‍ തീര്‍ച്ചയായും ലതികാ സുഭാഷിന്റെ ഇടപെടല്‍ നടക്കുന്നുണ്ടാകുമെന്ന് പ്രതികരണന്‍ കരുതുന്നു. ശാരിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിപ്പിക്കാനുള്ള പരിശ്രമങ്ങളിലാവും അവരെന്നു തന്നെ ഞാന്‍  വിശ്വസിക്കുന്നു.

അതോ, അടുത്ത തെരഞ്ഞെടുപ്പുകാലം വരുംവരെ ശാരിയുടെ മാതാപിതാക്കളും മകളും പടിക്കു പുറത്തു തന്നെയായിരിക്കുമോ?!

1 comment:

  1. വര്‍ത്തമാനകേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത മലപ്പുറം പെണ്‍വാണിഭക്കേസിലെ നായകന്‍ ഒരു സമുദായത്തിന്റെ പേരില്‍ ഭൂരിപക്ഷത്തോടെ അങ്കം ജയിച്ച് കരവാളെടുത്ത് അധികാരത്തില്‍ .. മതേതരരാജ്യത്ത് ഒരു മതത്തിന്റെ പേരില്‍ രാഷ്ട്രീയകക്ഷി.... സമുദായത്തിന്റെ പേരില്‍ അധികാരത്തില്‍ കേറി സ്വന്തമായി മന്ത്രിയെ പ്രഖ്യാപിക്കുന്നു..... പ്രഖ്യാപിച്ചാല്‍ പിന്നെ മന്ത്രി തന്നെ... പിന്നല്ലാതെ... (സൂര്യനെല്ലി പെണ്‍കുട്ടി പടം ചൂണ്ടി ആധര്‍ശധീരന്‌ കാണിച്ചുകൊടുത്തയാളെ പിന്നീട് കേന്ദ്രമന്തിപ്പട്ടം കൊടുത്തത് മറക്കല്ലേ ... ബാജി.. ഓര്‍മയുണ്ടോ മുഖം).... അധികം പറഞ്ഞാല്‍ ഫാഷിസ്റ്റ് ആകും.... എന്നിട്ടും ലതികയുടെ പാര്‍ട്ടിഭരിക്കുമ്പോള്‍ ...... ശാരിക്ക് നീതി... ആരാ ഈ ശാരി..... ആശിക്കാം....തല്‍ക്കാലം ഞാനെന്റെ ചുമടുമായിപ്പോകട്ടെ...

    ReplyDelete