Sunday, September 5, 2010

അധ്യാപകന്റെ പിരിച്ചുവിടൽ - ഒരു കമന്റ്

(http://www.vyathakal.blogspot.com/ എന്ന ബ്ലോഗിലിട്ട കമന്റ്)


             തീർച്ചയായും പ്രഫ. ജോസഫ് ശിക്ഷയർഹിക്കുന്നുണ്ട്. ഒരു ഇന്റേർണൽ പരീക്ഷയിൽ, ഒരു പ്രത്യേക മതവിശ്വാസികൾക്കു വിഷമമുണ്ടാകാവുന്ന പരാമർശങ്ങൾ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി. കോളജധികൃതർക്കോ മാനേജ്മെന്റിനോ അദ്ദേഹത്തെ നിയമാനുസരണം ശിക്ഷിക്കാനവകാശമുണ്ട്.

പക്ഷേ, ആ സംഭവത്തിനെ സമൂഹത്തെ ബാധിക്കുന്ന ക്രിമിനൽ പ്രശ്നമാക്കി വളർത്തിയെടുത്തത് ആരാണ്? രാജ്യത്തെ നിയമങ്ങളുടെ ലംഘനം പ്രഫ. ജോസഫ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമവ്യവസ്ഥയാണു ശിക്ഷ വിധിക്കേണ്ടത്. അതുണ്ടായില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ രാജ്യത്തുണ്ട്. അല്ലാതെ നഗരത്തിൽ നിയമലംഘനം നടത്തിയും അരാജകത്വം സൃഷ്ടിച്ചുമല്ല നിയമ നടപടികൾക്കു പ്രേരിപ്പിക്കേണ്ടത്.

ആ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്ത് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത് ഓർക്കുക. ആരുടെ കയ്യടികൾക്കു വേണ്ടിയായിരുന്നു ആ പ്രകടനം? ആയിരങ്ങളെ ബോംബു വച്ചു കൊന്ന ഭീകരനെ പ്രദർശിപ്പിക്കുന്ന ഭാവത്തിലായിരുന്നില്ലേ പോലീസിന്റെ പത്രസമ്മേളനം?

നീചമായി ആക്രമിക്കപ്പെട്ടു ശയ്യാവലംബിയായ അധ്യാപകനെ പുറത്താക്കിക്കൊണ്ട് സഭയും ആരുടെ കയ്യടിയാണ് ആഗ്രഹിക്കുന്നത്? ചെയ്ത കുറ്റത്തിനു, ലഭിച്ച സസ്പെൻഷൻ മതിയായതല്ലേ? അങ്ങനെയല്ല എങ്കിൽ, അഭയ ഉൾപ്പെടെ അനേകരുടെ ചൂണ്ടുവിരലുകൾ സഭയ്ക്കു നേരേ ഉയരും, തീർച്ച. ചികഞ്ഞന്വേഷിച്ചാലറിയാം, നേരത്തേ, ഏതു പുരോഹിതപ്രമുഖനോടാണ് പ്രഫ. ജോസഫ് പിണങ്ങിയിട്ടുള്ളതെന്ന്. കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ അവരേക്കാളറിയാവുന്നത് മറ്റാർക്കാണ്?!

ശ്രീ മനോജിനോട് അനുവാദം തേടിക്കൊണ്ട് ‘ഉരിയാടാപ്പയ്യ‘നോടൊന്നു പറഞ്ഞോട്ടേ:
സുഹൃത്തേ, അധ്യാപകൻ പുസ്തകത്തിൽ നിന്നെടുത്ത വരികളിൽ മാറ്റം വരുത്തിയെന്നതു സത്യം. അതു നിഷേധിക്കാനാവില്ല. പക്ഷേ, “ഒരു സമുദായം ആക്ഷേപിക്കപ്പെടാൻ പര്യാപ്തമായ രീതിയിലാണ് ചോദ്യപ്പേപ്പർ തയ്യാറാക്കിയത്” എന്ന് താങ്കളും അഭിപ്രായപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണ്? ഏതെങ്കിലും ഒരു ചോദ്യക്കടലാസ്സിൽ ദുഷിക്കപ്പെട്ടാൽ തകരുന്നതാണോ മുസ്ലീം സമുദായം? അങ്ങനെ തകരുന്ന വിശ്വാസമാണോ ഇസ്ലാമിന്റേത്? അവിവേകികളുടെ വാക്കിലും തോക്കിലുമല്ലല്ലോ വിശ്വാസത്തിന്റെ കരുത്ത്.

ആ ചോദ്യപ്പേപ്പറിലൂടെ സത്യത്തിൽ ആക്ഷേപിക്കപ്പെട്ടത് അതുണ്ടാക്കിയ അധ്യാപകൻ തന്നെയാണ്. അതിനു ‘പര്യാപ്തമായ രീതിയിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്’. ആ അധ്യാപകന്റെ കൈവെട്ടിയതിലൂടെയല്ലേ പ്രവാചകൻ അപമാനിക്കപ്പെട്ടത്? കേരള മുസ്‌ലീങ്ങൾ അപ്പാടെ ‘ഭീകരവാദികൾ’ എന്നു ചാപ്പകുത്തപ്പെട്ടില്ലേ? ആരാണിതിന്റെ ദോഷഫലം അനുഭവിക്കുന്നത്? ആരാണിതിന്റെ ഗുണം കൊയ്യുന്നത്? ഇനിയഥവാ, പ്രഫ. ജോസഫിനോട് ദേഷ്യം തോന്നിയാൽ, ശിക്ഷ നിർവ്വഹിക്കാൻ ‘ജനകീയ മിത്ര’ങ്ങളുടെ സഹായം വേണോ സാക്ഷാൽ പടച്ചോന്?

അധ്യാപകന് കിട്ടിയ ശിക്ഷകൾ പോരെന്നു തന്നെയല്ലേ പയ്യന്റെ അഭിപ്രായം? എന്തായാലും മാനേജ്മെന്റിന് സമാനഹൃദയ(ശൂന്യ)രുടെ കയ്യടികൾ ഉറപ്പായി..

2 comments:

  1. നിങ്ങള്ക്ക് ഞാന്‍ ഇവിടെ എന്തൊക്കെ വിശദീകരിച്ചാലും നിങ്ങള്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും .കോളേജ് മാനേജ് മെന്റ് പറഞ്ഞതുപോലെ പ്രശ്നം രണ്ടും രണ്ടായി തന്നെ കാണണം കാരണം അദ്ധേഹത്തിന്റെ കൈ വെട്ടിയത് തെറ്റാണു പക്ഷെ അദ്ദേഹം ചെയ്ത തെറ്റിനെ അത് ന്യായീകരിക്കുന്നില അദ്ദേഹത്തിന് വേണമെങ്കില്‍ തിരുത്താന്‍ സമയമുടായിരുന്നു ഡി ടി പി ഒപെരറെര്‍ തെട്ടുചൂണ്ടി കാണിച്ചപ്പോള്‍ പക്ഷെ അപ്പോള്‍ അദ്ദേഹം നിരുതരവാതിത്തമായി പെരുമാറി ജോസഫ് മാഷ് കാണിച്ചു വെച്ച അന്തക്കേടിനു തക്ക ശിക്ഷ തന്നെ കിട്ടണം...എന്തൊക്കെ പുകിലാണ് ഈ സുന്ദര കേരളത്തില്‍ അദ്ദേഹത്തിന്റെ അപക്വമായ പെരുമാറ്റം കൊണ്ട് വരുത്തി വെച്ചത്...
    എന്തിനീ കേരളീയ മനസ്സുകളില്‍ അസ്വസ്ഥതയും സമാധാനക്കേടും വരുത്തി വെച്ചു ജോസഫ്‌ മാഷിന്റെ കുമ്പസാരം വീണത് വിദ്യയാക്കാനുള്ള അദ്ധേഹത്തിന്റെ ശ്രമംമായിട്ടാണ് മനസിലാക്കാന്‍ സാതിക്കൂ (മാതൃഭൂമി)

    പിന്നെ വരാം ഇപ്പോള്‍ ഓഫീസില്‍ ആണ്

    ReplyDelete
  2. മാഷേ,
    പ്രഫ. ജോസഫ് ചെയ്തത് ശരിയാണെന്നല്ല ഞാൻ ആവർത്തിക്കാൻ ശ്രമിക്കുന്നത്. അങ്ങോർ അന്യമതനിന്ദ നടത്തി. ശരി, അതിനുള്ള ശിക്ഷ അദ്ദേഹത്തിനു കിട്ടണം. പക്ഷേ, അത് ഈ രാജ്യത്തു നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ശിക്ഷ വിധിക്കാൻ അധികാരപ്പെട്ടവർ നിശ്ചയിക്കുന്നതുമായിരിക്കണം. ആൾക്കൂട്ടമല്ല വിധി പ്രസ്താവിക്കേണ്ടതും നടപ്പാക്കേണ്ടതും.
    ക്ലാസ്സ് പരീക്ഷയിലെ ചോദ്യം ആക്ഷേപകരമാണെങ്കിൽ അത് പരാതിപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം. ഇനി ആവർത്തിക്കാനും പാടില്ല. പക്ഷേ, പ്രശ്നത്തിലിടപെട്ടവർക്ക് അതങ്ങനെ സമാധാനപരമായി അവസാനിക്കുന്നതിൽ താല്പര്യമില്ലല്ലോ. ഫോട്ടോസ്റ്റാറ്റ് വിതരണം, പ്രസംഗം, ഭീഷണി, കൈവെട്ട്…. ഇവരൊക്കെ (എല്ലാ കൂട്ടത്തിലെയും) പത്തിവിടർത്താൻ പതിയിരിക്കുന്ന കേരളത്തെ ‘സുന്ദര’മെന്നു വിശേഷിപ്പിക്കുന്നത് വേണ്ടത്ര ചിന്തിക്കാത്തതു കൊണ്ടാണ്.
    മന്ത്രി ബേബി പറഞ്ഞതു പോലെ, ആ അധ്യാപകനൊരു വിഡ്ഢിയാണ്. അതിനപ്പുറം ഗൂഢാലോചനയൊന്നും അതിനു പിന്നിലില്ല. വെറുമൊരു ആലോചനാ ശൂന്യൻ. വരുംവരായ്കകളെക്കുറിച്ച് നേരാംവണ്ണം ബോധമില്ലാത്തയാൾ.
    അയാൾ ചെയ്ത കുറ്റത്തിനു പോലീസ് കേസെടുത്തു, മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഇതൊന്നും പോരാഞ്ഞ്, ഇനിയങ്ങോരെ കോളജീന്നു പിരിച്ചുവിടണമെന്നു മാനേജ്മെന്റും ലോകത്തുനിന്ന് പിരിച്ചുവിടണമെന്നു ‘ജനകീയ മിത്ര’ങ്ങളും വാശിപിടിക്കുന്നതെന്തിന്? വ്യക്തമായി പറഞ്ഞാൽ, ‘പ്രവാചകനിന്ദ’ ഇന്ത്യയിൽ, ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് മാത്രം വിലയിരുത്തിയാൽ പോരേ? അല്ലെങ്കിൽ പിന്നെ ഏതു പിരിച്ചുവിടലാണ് ആ ‘അന്തക്കേടിനു തക്ക ശിക്ഷ’ ?
    ചോദ്യപേപ്പറിലെ പരാമർശത്തിന്റെ പേരിൽ പ്രഫ. ജോസഫിനെ അറസ്റ്റു ചെയ്തതിനെയോ അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തതിനെയോ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതിനെയോ ഇവിടെയാരും എതിർത്തിട്ടില്ല. അനുകൂലിക്കുന്നുമുണ്ട്. പക്ഷേ, അങ്ങോരുടെ മേൽ ‘വേറേ ചില നിയമങ്ങൾ’ നടപ്പാക്കാൻ ഒരുമ്പെടുന്നതിനെയാണ് പൊതുസമൂഹം എതിർക്കുന്നത്. കാരണം, പ്രഫ. ജോസഫ് ഒരു പ്രതീകമാണിപ്പോൾ. അത് നാളെ ആരുമാകാം. തീർച്ചയായും അതിനെ എതിർക്കേണ്ടതുണ്ട്.

    ReplyDelete