Saturday, September 11, 2010

ജാതി സെൻസസ് : ഒരു വിയോജനക്കുറിപ്പ്

((ശ്രീ ഷുക്കൂർ ചെറുവാടിയുടെ  ‘ജാതി തിരിക്കണോ?’ എന്ന പോസ്റ്റിനുള്ള മറുപടി))


‘ജാതി തിരിക്കണോ’ന്നു വായിച്ചു. താങ്കളുടെ വാദങ്ങളോടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തിക്കൊള്ളട്ടെ.
‘മതേതരത്വം കൊണ്ട് പുകൾപെറ്റ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്ന് താങ്കൾ എഴുതിയത് വായിച്ചിട്ട് ചിരി വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതു ശരി തന്നെ. പക്ഷേ, എവിടെയാണ് മതേതരത്വത്തിന്റെ പുകഴ്ച? ഭരണഘടന, രാജ്യത്തിനെ ‘മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്’ എന്നു വിഭാവനം ചെയ്തിരിക്കുന്നു. ‘മതേതരത്വം’ എന്നത് എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? ഒരു മതത്തിനും വിശേഷിച്ച് പ്രാധാന്യം ഒന്നും ഇല്ലാ‍ത്ത അവസ്ഥ എന്ന്. പക്ഷേ, നാമതിനെ മനസ്സിലാക്കിയിരിക്കുന്നത് എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം എന്നാണ്. ഈ രണ്ടു വ്യാഖ്യാനവും റദ്ദാവുന്നതാണ് ഇന്ത്യയിലെ സാമൂഹ്യാവസ്ഥ.രാജ്യം ജനിച്ചത് രണ്ടു മതങ്ങൾ ഒഴുക്കിയ ചോരപ്പുഴയിൽ കുളിച്ചാണ്. എല്ലാ വർഷവും വിവിധ ഭാഗങ്ങളിൽ അനുഷ്ഠാനകർമ്മങ്ങൾ പോലെ മത ലഹളകൾ നടക്കുന്നു. അവയിൽ പരമാവധി സ്കോർ ചെയ്യാൻ പരസ്പരം മത്സരിക്കുന്നു. ഈ രാജ്യം എങ്ങനെയാണ് മതേതരത്വത്തിന്റെ മാതൃകയാകുന്നത്? ഓരോ വ്യക്തിയും മതത്തിൽ ജനിച്ച്, മതത്തിൽ വളർന്ന്, മതത്തിൽ മരിക്കുമ്പോൾ; മതത്തെ ഒരു മൂല്യ വ്യവസ്ഥിതിയായി കാണാതെ ആചാരവ്യവസ്ഥിതിയും അനുഷ്ഠാനവ്യവസ്ഥിതിയുമായി മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ, ഇവിടെ എവിടെയാണ് മതേതരത്വം? എനിക്കും നിങ്ങൾക്കും സ്വന്തം മതത്തെ തൊട്ടുകളിച്ചാൽ ചോര തിളയ്ക്കുമ്പോൾ ഇവിടെന്തു മതേതരത്വം?‘ഏതു അടിയാളർക്കും അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ മുടിചൂടാമന്നൻ‌മാരായി വിരാജിക്കാം എന്നു തെളിയിച്ച നാട്’ എന്ന് അതിശയോക്തിപരവും അലങ്കാരപൂർണ്ണവുമായ ക്ലീഷേകൾ ഉപയോഗിച്ച് താങ്കൾ പറയുന്നു. യാഥാർത്ഥ്യം മറ്റൊന്നാണ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പോലും പല ഗ്രാമങ്ങളിലെയും പൊതു നിരത്തുകളും പൊതുകിണറുകളും അടിയാളർക്ക് അപ്രാപ്യമാണ്. ഉത്തരേന്ത്യയിലെ കാര്യം പറയാനില്ല. ‘അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ’ എത്തുന്നത് മറ്റൊരു രസം. കേരളത്തിലെ അസംബ്ലി/ ലോക്സഭാ നിയോജകമണ്ഡലങ്ങളിൽ , ഇന്നുവരെ ഏതെങ്കിലും അടിയാളൻ , സംവരണ സീറ്റിലല്ലാതെ, ജനറൽ സീറ്റിൽ മത്സരിച്ചിട്ടുണ്ടോ? കേരളത്തിലെ പ്രബുദ്ധ പുരോഗമന പാർട്ടികളിൽ ഏതെങ്കിലും ഒന്ന് ഏതെങ്കിലും അടിയാളനെ പൊതുസീറ്റിൽ നിർത്തിയിട്ടുണ്ടോ? ഇല്ല, ഇല്ല. ഇവിടെ അധികാരകേന്ദ്രങ്ങളിൽ എത്തിയവർ സംവരണത്തിലൂടെ മാത്രം എത്തിയവരാണ്. അങ്ങനെയുണ്ടായ ഒരു പഞ്ചായത്ത് പ്രസിഡന്റ് എന്റെ നാട്ടിലുമുണ്ട്. വിപ്ലവപ്പാർട്ടിയുടെ മെംബർ. ജനറൽ സീറ്റുകാരനായ വൈസ് പ്രസിഡന്റ് ഭരിക്കും. മിണ്ടാതെ കണ്ടു നിന്നാൽ മതി, ‘ഉത്തുംഗതയിലെ മുടിചൂടാ മന്നൻ‌മാർ’ ( ആ പ്രയോഗം അർത്ഥവത്തായി : ‘മുടി ചൂടാൻ‘ അവരെ അനുവദിക്കാറില്ല. കിരീടം ചിലരുടെ കൈവശമാണ്. റബർസ്റ്റാമ്പു മാത്രമാണ് അടിയാള അധികാരി.) അടിയാളവർഗ്ഗങ്ങളിൽ നിന്നുയർന്നു വന്നവർ, ഭാരതീയരുടെ സൌമനസ്യം കൊണ്ടല്ല, ബ്രിട്ടീഷുകാരന്റെ മാനവികത കൊണ്ടാണ് അത് സാധ്യമാക്കിയത്. “നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ്” എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഓർക്കുക.മുടിചൂടാമന്നൻ‌മാരായി ‘വിരാജിക്കാം‘ എന്നാണു മാഷിന്റെ പ്രയോഗം. അടിയാളനായ ഏതെങ്കിലും അധികാരിയോടു ചോദിക്കൂ, ‘വിരാജിക്കൽ’ എങ്ങനെയുണ്ടെന്ന്. അംബേദ്കർ എത്ര യുദ്ധം ചെയ്തതാണെന്ന് വായിച്ചറിയാം . സാദാ പ്യൂണിന്റെ അനുഭവം പോലും വ്യത്യസ്തമായിരിക്കില്ല.അതുകൊണ്ട് ‘മതേതരത്വത്തിന്റെ തിളങ്ങുന്ന മുഖം’ എന്ന താങ്കളുടെ വാദം അടിസ്ഥനരഹിതമാണ്. ഈ കേരളത്തിൽ പോലുമില്ല മതേതരത്വത്തിന്റെ തിളക്കം. അന്യമതത്തിലെ പേരുകൾ പോലും ഉപയോഗിക്കാനാവാത്ത വിധം കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ‘മതമയ’മാണ്. ചോരയുണങ്ങാത്ത മുറിവുകളുമായി നിസ്സഹായർ കഴിയുമ്പോൾ, എവിടെയാണു മതേതരത്വം തിളങ്ങുന്നത്?ജാതീയ പീഡനങ്ങൾ നൂറ്റാണ്ടുകളായി ഭാരതത്തിൽ തുടരുകയാണ്. എത്ര പുരോഗമന മുഖമ്മൂടികൾ അണിഞ്ഞിട്ടും ഹൃദയത്തിൽ നിന്ന് അതൊഴിവാക്കാൻ നമുക്കാവുന്നില്ല. സവർണ്ണരുടെ മനസ്സിൽ നിന്ന് അധീശത്വഭാവവും അടിയാളരുടെ മനസ്സിൽ നിന്ന് അടിമത്തഭാവവും ഒഴിഞ്ഞു പോകുന്നതേയില്ല. അടിയാളനായ പോലീസ് സബ് ഇൻസ്പെക്റ്റർ സ്വന്തം ഓഫീസിൽ സഹപ്രവർത്തകരുടെ വെടിയേറ്റ് .മരിച്ചത് ഈ കേരളത്തിലാണ്. വിദ്യാഭ്യാസം നേടി , സർക്കാർ ജോലികളിൽ പ്രവേശിക്കുന്ന ആദിവാസി യുവാക്കൾ അവഹേളനങ്ങളിൽ മനം മടുത്ത് കാടിന്റെ സാന്ത്വനങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത് ഈ കേരളത്തിലാണ്. അപ്പോഴൊന്നും തോന്നാത്ത സങ്കടം , ജാതിസെൻസസ് എടുക്കുന്നു എന്നു കേൾക്കുമ്പോൾ മാത്രം താങ്കൾക്കു തോന്നുന്നതെന്താണ്? അപ്പോഴെല്ലാം തിളങ്ങുന്ന മതേതരത്വം, ജാതിസെൻസസ്സിൽ മാത്രം മങ്ങിപ്പോകുന്നതെന്താണ്?ജാതി വ്യവസ്ഥ ഉച്ചനീചത്വമാണെന്നു താങ്കൾ സമ്മതിച്ചല്ലോ? ഓരോ ജാതി സമൂഹത്തെയും കുറിച്ച് പഠിക്കുകയും അവരുടെ സാമൂഹികാവസ്ഥ വിശകലനം ചെയ്യുകയും അതിനനുസരിച്ചുള്ള പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യേണ്ടത് ഗ്രാമീണഭാരതത്തിന് അത്യാവശ്യമാണ്.ജാതി തിരിച്ച് സെൻസസ് എടുത്ത് സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നതിനെ ആരാണു ഭയക്കുന്നത്? 1931 ൽ ഭാരതത്തിലെ ആദ്യ ജാതി സെൻസസിൽ, ചാതുർവർണ്ണ്യത്തിലെ മേലാളൻ‌മാർ മാത്രമേ ‘ഹിന്ദു മത’ത്തിൽ ഉൾപ്പെടൂ എന്നാണ് അവരുടെ നേതാക്കൾ ശാഠ്യം പിടിച്ചത്. അതിനനുസരിച്ച് കണക്കെടുത്ത്, ഹിന്ദു മഹാരാജ്യത്ത് ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും അഹിന്ദുക്കളാണു മഹാഭൂരിപക്ഷമെന്നും തിരിച്ചറിഞ്ഞപ്പോഴാണ് മേലാള സമുദായങ്ങൾ പ്ലേറ്റു തിരിച്ചത്. ആദിവാസിയും വനവാസിയും കടൽ‌വാസിയുമെല്ലാം ഹിന്ദുക്കോളത്തിനകത്തായി. ഹിന്ദു ഭൂരിപക്ഷമായി.വീണ്ടുമൊരു ജാതിസെൻസസ് വരുകയും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാവുകയും ചെയ്യുമ്പോൾ, അതു ചിലരെ വല്ലാതെ അസ്വസ്ഥരാക്കും.‘ആറ്റിൽ കളഞ്ഞാലും അളന്നു കളയണ‘മെന്നാണ്. അടിയാളവർഗ്ഗങ്ങൾക്ക് സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ട്. ഇനിയതൊക്കെ, ആവശ്യക്കാരുടെ കണക്കൊക്കെ ഉണ്ടാക്കി, അർഹിക്കുന്നവർ‌ക്കു മാത്രം വിതരണം ചെയ്താൽ മതി. അതിനു ജാതി സെൻസസ് വേണം. അല്ലാതെ, ജാതിക്കണക്കെടുത്തെന്നു കരുതി ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല.

1 comment:

  1. ദയവായി കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ എന്നതു മാറ്റൂ. വായിക്കാന്‍ വലിയ പ്രയാസമാണ്.

    ReplyDelete