Thursday, September 30, 2010

ജകൃ കാവാലത്തിന്റെ പാതിരാക്കുട

ബ്ലോഗ്  എന്ന മാധ്യമത്തെക്കുറിച്ച്  വാതോരാതെ – സോറി, കീബോഡ് തോരാതെ പറയാൻ ഒരുപാടുണ്ട്. പലരും  ഇടയ്ക്കിടെ അതോർമ്മപ്പെടുത്താറുമുണ്ട്. എഡിറ്ററുടെ അഭാവം, പരസ്പര സംവേദനക്ഷമമായ കമന്റിങ് സൌകര്യം, ആർക്കും എഴുതുകയും വായിക്കുകയും ചെയ്യാവുന്ന ജനാധിപത്യാവസ്ഥ. തുടങ്ങിയവയൊക്കെയാണ് പരക്കെ വിസ്തരിക്കപ്പെടാറുള്ള ബ്ലോഗുണങ്ങൾ. കാര്യമെന്തായാലും, സമയവും സൌകര്യവുമുള്ളവർ വായിക്കും, മനസ്സുള്ളവർ കമന്റും. ഇതാണു നാട്ടുനടപ്പ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ബ്ലോഗിനെക്കുറിച്ചു വന്ന മുഖലേഖനവും വിശാലമനസ്കന്റെയും മറ്റും കുറിപ്പുകളും വായിച്ചപ്പോഴാണ് ഈയുള്ളവൻ ബ്ലോഗിനെക്കുറിച്ചറിയുന്നത് ; വായിച്ചു തുടങ്ങുന്നത്. സ്വന്തം രചനാശേഷിയുടെ പരിമിതികളെക്കുറിച്ച് ബോധവാനായതു കൊണ്ട്, അടുത്തകാലം വരെ വായിക്കുക മാത്രമായിരുന്നു – കമന്റുകൾ പോലും എഴുതിയില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം ബ്ലോഗിങ്ങിലുണ്ടായ പുരോഗതി അമ്പരപ്പിക്കുന്നതാണ്. ‘കൊടകരപുരാണ’വും  ‘കുറുമാ’നും മറ്റും പുസ്തകമായപ്പോഴും ചൂടപ്പം പോലെ സ്വീകരിക്കപ്പെടുന്നു. കൊടകരപുരാണത്തിലെ ഒരു പോസ്റ്റ് സിനിമയാക്കാനാഗ്രഹിക്കുന്നുണ്ടെന്ന് ചലച്ചിത്രകാരൻ  ശ്രീ കെ.ജി.ജോർജ്  അടുത്തയിടെ അഭിപ്രായപ്പെട്ടിരുന്നു.  ബ്ലോഗിലെ ‘കുമാരൻ’ പുസ്തകരൂപത്തിലും കത്തിക്കയറുന്നത് ഈയിടെ കണ്ടു.

ആയിരങ്ങൾ ഇടിച്ചുകയറുന്ന ഈ ബ്ലോഗുകൾക്കൊന്നും ഇല്ലാത്ത സെക്യൂരിറ്റി സംവിധാനങ്ങളുള്ള  ഒരു ബ്ലോഗിൽ കഴിഞ്ഞ ദിവസം അവിചാരിതമായിചെന്നു പെട്ടു. ചെന്നപ്പോഴാ മനസ്സിലായത്, അതത്ര ചില്ലറ ബ്ലോഗൊന്നുമല്ലെന്ന്. തുടക്കത്തിൽത്തന്നെ ഒരു മുന്നറിയിപ്പുണ്ട് : ബ്ലോഗിന്റെ ഒടുക്കം കൊടുത്തിരിക്കുന്ന ഭീഷണിക്കത്ത് വായിച്ചിട്ട് ബാക്കി വായിച്ചാൽ മതിയെന്ന്. ഭയഭക്തിബഹുമാനങ്ങളോടെ അത് കണ്ടുപിടിച്ചു. ഒന്നൊന്നര പേജുവരും. ഹേഡ് ഇടിയൻ കുട്ടൻ പിള്ളയുടെ സ്റ്റൈലിൽ ബ്ലോഗൻ അവിടെ നില്പുണ്ട്. ആ ബ്ലോഗിൽ ഉള്ള സകലതിനും മൂപ്പർ പേറ്റന്റ് എടുത്തിട്ടുണ്ടത്രേ. കഥ, കഥാപാത്രം, സ്ഥലം, കാലാവസ്ഥ, മനുഷ്യൻ, മൃഗം, മണ്ണ്, പുല്ല്, കുത്ത്, കോമ. എല്ലാമതിൽ ഉൾപ്പെടുമായിരിക്കും. മൂപ്പരുടെ പേര് ആരും വേറെങ്ങും ഉപയോഗിക്കാൻ പാടില്ല. ( പേടിച്ചിട്ട് ഞാനും അതെഴുതുന്നില്ല. ) ഇതെങ്ങാനും ലംഘിച്ചാൽ പോലീസുകാരെക്കൊണ്ട് പിടിപ്പിക്കും, ഇടിപ്പിക്കും, പ്രസ്ക്ലബ്ബിൽ പ്രദർശിപ്പിക്കും, ഗോതമ്പുണ്ട തീറ്റിക്കും, ജാമ്യം നിഷേധിക്കും.

മലയാളത്തിൽ മാത്രമല്ല ഭീഷണി. മലയാളമറിഞ്ഞു കൂടാത്ത വല്ല അമേരിക്കക്കാരോ ഇഗ്ലണ്ടുകാരോ എങ്ങാനും ഈ മലയാളം ബ്ലോഗ് മോട്ടിക്കാൻ വന്നാലോ? കളി ജകൃ കാവാലത്തോടു വേണ്ട! ഇംഗ്ലീഷിലുമുണ്ട് ഭീഷണി!!  രാജ്യസ്നേഹത്തിന്റെ അഭാവമാണോ ഹിന്ദിക്കാർ തസ്കരന്മാരല്ലെന്ന വിചാരംകൊണ്ടാണോ എന്നൊന്നും അറിഞ്ഞുകൂടാ, രാഷ്ട്രഭാഷയിൽ തർജ്ജമ കൊടുത്തിട്ടില്ല. അതും കൂടി വേണ്ടതായിരുന്നു!

ഇനി മുട്ടുകൂട്ടിയിടിച്ചും മുണ്ടിൽ മുള്ളിയൊഴിച്ചും പോസ്റ്റിലേക്ക് ചെല്ലുക. പൈങ്കിളിയവിടെ തത്തിപ്പറക്കുന്നതു കാണാം. തുഞ്ചന്റെ പൈങ്കിളിപ്പെണ്ണല്ല. മാത്യൂമറ്റത്തിന്റെയും സുധാകർ‘മംഗള’ത്തിന്റെയും മറ്റും പ്രേതപ്പൈങ്കിളിപ്പെണ്ണ് !

എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല; ആരാണ് ഈ പോസ്റ്റുകളെ മോഷ്ടിക്കാൻ വരുന്നത്? ‘പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന് പല ഗേറ്റിലും വായിച്ചിട്ടുണ്ടെങ്കിലും സ്ഥാവര ജംഗമവസ്തുക്കളുടെ ലിസ്റ്റ് പ്രദർശിപ്പിച്ച്, അവയെല്ലാം പട്ടിയെ ഭരമേൽ‌പ്പിച്ചിരിക്കുകയാണെന്നും അവയിൽ നോക്കുന്നവരെയെല്ലാം പട്ടിയെ വിട്ട് കടിപ്പിക്കുമെന്നും മറ്റുമുള്ള ദീർഘപ്രഭാഷണങ്ങൾ വായിച്ചിട്ടില്ല, ഒരു ഗേറ്റിലും ഞാൻ. ‘കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ‌കുഞ്ഞ്’ എന്നാണല്ലോ. അദൃശ്യരും അജ്ഞാതരുമായ, പിള്ളാരെപ്പിടിത്തക്കാരെ എല്ലാ അമ്മമാരും പേടിക്കുന്നുണ്ടാവും. ആ നിലയ്ക്ക് ശ്രീ ജകൃ കാവാലം കുടയൊരെണ്ണം  പിടിക്കുന്നതിൽ അപാകതയില്ലായിരിക്കും.

10 comments:

 1. പ്രിയ പ്രതികരണന്‍ ,നിങ്ങളുടെ ബ്ലൊഗില്‍ തന്നെ ഞാന്‍ അദ്യമാണ്.ഇതു വായിച്ചപ്പോള്‍ ഒരു കമേന്റ് ഇടാമെന്നു കരുതി.നിങ്ങള്‍ ഈ ജയകൃഷ്ണന്‍ കാവാലത്തിന്റെ എന്തിനോടാണു പ്രതികരിക്കുന്നത്.ബ്ലോഗില്‍ എഴുതിയത് എന്റെ സ്വത്ത് എന്നു പറയുന്നതിനോടാണോ?അമ്മക്ക് സ്വന്തം കുഞ്ഞിനോട് തോന്നുന്ന സ്നേഹം മറ്റു കുഞ്ഞിനോട് തോന്നുമോ?അതു പോലെ താങ്കളുടെ കുഞ്ഞ് മറ്റൊരാളെ അച്ചാ എന്നുവിളിച്ചാല്‍ നിങ്ങള്‍ക്ക് സഹിക്കുമോ?അതായത് നിങ്ങളുടെ കുഞ്ഞ് നിങ്ങളുടെതു മാത്രമാണ്.എന്നു പറയുന്നത് തെറ്റാണോ?അതിന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ ഒന്നും ഇല്ല.അദ്ദേഹത്തിന്റെ വല്ല രചനകളുമെടുത്ത് വിശകലനം ചെയ്ത് പ്രതികരിക്കൂ.അല്ലാതെ ഇത്തരം പ്രതികരണങ്ങള്‍ നടത്തി സ്വയന്‍ അപഹാസ്യനാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

  ReplyDelete
 2. വളരെ വിചിത്രമായ പ്രതികരണം.
  "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം" എന്നാണു ഓര്മ വന്നത്.
  ബ്ലോഗിലെ ഒരക്ഷരം വായിചില്ലെന്കിലെന്താ ഒരുഗ്രന്‍ പ്രതികരണം എഴുതികളഞ്ഞില്ലേ??

  ReplyDelete
 3. മുഹമ്മദ് സഗീർ, എസ്. കെ. ആലപ്പാട്ട് -- നന്ദി.

  ബ്ലോഗിൽ എഴുതിയത് തന്റെ സ്വത്ത് എന്നു പറയുന്നതിനോടല്ല എന്റെ പ്രതികരണം. ഞാൻ പോസ്റ്റിൽ സൂചിപ്പിച്ചതും അല്ലാത്തതുമായ, പരക്കെ വായിക്കപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്യുന്ന മിക്ക ബ്ലോഗുകളും രചനകളെപ്പറ്റി അത്തരമൊരു നിലപാട് രേഖപ്പെടുത്തിക്കാണാറുണ്ട്. എന്നാൽ അവയിൽ നിന്നു വ്യത്യസ്തമായി, തന്റെ ബ്ലോഗു സന്ദർശിക്കുന്നവരൊക്കെ അടിച്ചുമാറ്റാൻ വരുന്നവരാണെന്നു ധ്വനിപ്പിക്കുന്ന മട്ടിൽ ദീർഘഭാഷണം പ്രദർശിപ്പിക്കുന്നതിലെ അപാകതയെയാണ് ഞാൻ വിമർശിക്കുന്നത്. വീട്ടിലേയ്ക്കു വരുന്ന അനേകരിൽ ഒന്നോ രണ്ടോ പേർ മോഷണോദ്ദേശ്യവുമായി വരുന്നതായിരിക്കാം. എന്നു വച്ച്, വരുന്ന എല്ലാവരേയും ‘വീട്ടിൽ മോഷണം നടത്താതെ മര്യാദയ്ക്കു മടങ്ങിപ്പോയില്ലെങ്കിൽ പോലീസിൽ പിടിപ്പിക്കും’ എന്ന് സുദീർഘം ഭീഷണിപ്പെടുത്തേണ്ടതുണ്ടോ? അങ്ങനെ പടിവാതിലിൽ ഒരു ഭീഷണി കേൾക്കേണ്ടിവന്നാൽ എത്ര അത്യാവശ്യമാണെങ്കിലും ഉപേക്ഷിച്ച് തീർച്ചയായും മടങ്ങിപ്പോകും ഞാൻ. അതിനാൽത്തന്നെ ജകൃ കാവാലത്തിന്റെ രചനകൾ വായിച്ചില്ല ഞാൻ.

  ReplyDelete
 4. മാനം മര്യദക്കു ബ്ലോഗെഴുതുന്ന സകലവന്‍റെം മെക്കിട്ടു കേറിക്കോണം. ഇതുപോലെയുള്ള പാഷാണത്തില്‍ ക്രിമികളാണു ബൂലോകത്തിനു ശാപം. വേറേ ഒരു പണിയുമില്ലേ???

  ReplyDelete
 5. പ്രിയ അനോണീ,
  കണ്ടില്ലല്ലോന്നു വിചാരിക്കുകയായിരുന്നു. വന്നതില്‍ സന്തോഷം!!

  ReplyDelete
 6. പട്ടിയുള്ള വീട്ടിലേക്കു വരുന്നവരെല്ലാം മോഷ്ടാക്കള്‍ അല്ലെന്നു താങ്കള്‍ പറഞ്ഞു കഴിഞ്ഞു. എങ്കില്‍ പിന്നെ പട്ടിയെ ഇത്ര പേടിക്കുന്നതെന്തിന്? ജക്രു കാവാലത്തിന്റെ രചനകള്‍ ഒന്നും വായിക്കാതെ തന്നെ അതിലെ പൈങ്കിളിയെ കണ്ടു പിടിച്ച കണ്ണുകളുടെ ശക്തി അപാരം. വിമര്‍ശിക്കാന്‍ വേണ്ടി വീണ്ടും വന്നതല്ല. പക്ഷെ പേരെടുത്ത് ഇത്തരം വ്യക്തി ഹത്യകള്‍ നടത്തുമ്പോള്‍ മറ്റുള്ളവരെല്ലാം ചിന്താ ശേഷി ഇല്ലാത്തവര്‍ ആണെന്ന് കരുതരുത്. താങ്കളുടെ ബ്ലോഗില്‍ തന്നെ ഇതു പല തവണ ആവര്‍ത്തിക്കുന്നത് കണ്ടിട്ട് പറഞ്ഞു പോയതാണ്. ബുദ്ധിമുട്ടിച്ചതില്‍ സോറി.

  ReplyDelete
 7. ജ കൃ കാവാലത്തിന്റെ ബ്ലോഗ്‌ വായിച്ചു. അങ്ങനെ ഒരു ബ്ലോഗ് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഇങ്ങനെ ഒരു കിടിലന്‍ കോമഡി ബ്ലോഗ്‌ മലയാളത്തില്‍ ഉണ്ട്‌ എന്ന് പറഞ്ഞു തന്നതിന് നന്ദി.
  കാവാലത്തെ പൂര്‍ണ്ണമായും കുറ്റം പറയാനും വയ്യ.
  കോപ്പിയടി ബൂലോകത്ത് അത്യാവശ്യം നല്ല രീതിയില്‍ നടക്കുന്ന ബിസിനസ്സാണ്. ബെര്‍ളിയും മറ്റും എഴുതുന്ന പോസ്റ്റുകള്‍ പലതും വേറെ വല്ലവന്‍റെയും ഒക്കെ പേരില്‍ ഫോര്‍വേര്‍ഡ് മെയില്‍ ആയി വരാറുണ്ട്.

  കോപ്പിയടി പിടിക്കാനുള്ള വെബ്സൈറ്റ്‌ ഇതാ www.copyscape.com

  ReplyDelete
 8. ഉമ്ഷിന്റെ ബ്ലോഗിലെ കമന്റ്‌ കണ്ടാണ്‌ ഇവിടെ എത്തിയത്. താങ്കളുടെ വിശദീകരണവും വ്യാഖ്യാനവും അസ്സലായിരുന്നു. കാവാലത്തിനെ വിമര്‍ശിച്ചിരിക്കുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രം.

  ReplyDelete
 9. @എസ്.കെ ആലപ്പാട്
  പട്ടിയെ അല്ല പേടിക്കുന്നത്. വീട്ടിലേയ്ക്കു വരുമ്പോഴുള്ള ആ മുന്‍‌വിധിയോടെയുള്ള അപമാനനം. അതിനെ വെറുക്കുന്നു ഞാന്‍. രചനകള്‍ വായിച്ചില്ല, സത്യം. പക്ഷേ, about me വായിച്ചു. അതില്‍ പാറിക്കളിക്കുന്ന പൈങ്കിളിയെക്കുറിച്ചാണു പറഞ്ഞത്. അതിനുമപ്പുറം വായിക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. (ഇക്കാര്യം അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്.)
  ഒരു ബ്ലോഗ് വായിച്ചശേഷം, അഭിപ്രായം തുറന്നെഴുതുകയും പൊതുചര്‍ച്ചയ്ക്ക് സ്വന്തം ബ്ലോഗില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്ന പാതകം ഞാന്‍ ചെയ്തിട്ടുണ്ട്. അതിനപ്പുറം ഇതിലെവിടെയാണ് വ്യക്തിഹത്യ? അടിസ്ഥാനരഹിതവും അര്‍ത്ഥശൂന്യവുമായ പ്രോത്സാഹനകമന്റുകള്‍ ഞാന്‍ എഴുതുന്നില്ല എന്നത് എങ്ങനെയാണ് വ്യക്തിഹത്യയാകുന്നത്? (വ്യക്തിഹത്യ കാണണമെങ്കില്‍ ശ്രീ കാളിദാസന്റെ ബ്ലോഗിലേയ്ക്കു പോകൂ. കമന്റുകളായി വരുന്ന കൊടുംതെറികള്‍ കാണൂ. അദ്ദേഹത്തെ അപമാനിയ്ക്കാനായി മാത്രം അശ്ലീല ബ്ലോഗ് ആരംഭിച്ചതു കാണൂ.)വ്യക്തിഹത്യ ഞാന്‍ നടത്തുന്നില്ല. കവിതയില്ലാത്ത ബ്ലൊഗുകവിതകളെക്കുറിച്ച് എഴുതിയതിന് ബ്ലോഗുകാരി എഴുതിയ മറുപടി അതില്ത്തന്നെയുണ്ട്. ചുള്ളിക്കാടിന്റെ ബ്ലോഗിനെക്കുറിച്ചെഴുതിയത് വ്യക്തിഹത്യയാണോ? കാളിദാസന്റെ വിമര്‍ശനസമീപനത്തെക്കുറിച്ചല്ലാതെ അദ്ദേഹത്തെപ്പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല. താങ്കളടക്കം ദൃശ്യരും അദൃശ്യരുമായുള്ള എല്ലാവരുടെയും ചിന്താശേഷിയെപ്പറ്റി ബോധ്യമുള്ളതിനാല്‍ത്തന്നെ, ഇക്കാര്യങ്ങള്‍ പൊതുചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയായിരുന്നു ഞാന്‍. താങ്കളുടെ അഭിപ്രായത്തെ ഉള്‍ക്കൊള്ളുന്നു : കാവാലത്തിന്റെ രചനകള്‍ പൂര്‍ണ്ണമായി വായിക്കാത്തത് എന്റെ വിമര്‍ശനത്തിന്റെ പരിമിതി തന്നെ.

  ReplyDelete
 10. @ അനോണീ
  വായന്യ്ക്കു നന്ദി. സൈറ്റ് ലിങ്ക് നല്‍കിയതിനും.
  @ ആര്യന്‍
  സന്ദര്‍ശനത്തിനു നന്ദി.കാവാലത്തിന്റെ രചനകളെയല്ല ‘സെക്യൂരിറ്റി സംവിധാന‘ത്തെയാണ് ഞാന്‍ ലക്ഷ്യം വച്ചത്.

  ReplyDelete