Tuesday, August 9, 2011

ശ്രീമതി ലതികാ സുഭാഷും പരാതികളും




കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂഡീയെഫ് സ്ഥാനാര്‍ത്ഥിയായി  മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച ശ്രീമതി ലതികാ സുഭാഷ്, എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദനെതിരെ നല്‍കിയ പരാതി പിന്‍‌വലിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ വീ.എസ്. അച്ചുതാനന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തി എന്നായിരുന്നു ശ്രീമതി ലതികാ സുഭാഷിന്റെ പരാതി. വീയെസ്സിന്റെ പ്രായം, മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണം എന്നിവയെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വീയെസ്സിനോട് ക്ഷമിക്കുന്നതെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.

ഈ വാര്‍ത്ത പ്രതികരണന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു, കേട്ടു. തെരഞ്ഞെടുപ്പുകാലത്ത് ശ്രീമതി ലതികാ സുഭാഷ് വീയെസ്സിനെതിരെ ഗുരുതരമായ മറ്റൊരു പരാതി കൂടി ഉന്നയിച്ചിരുന്നു. ആ പരാതിയും പിന്‍‌വലിച്ചോ എന്നറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത്തരം പരാമര്‍ശമൊന്നും കണ്ടില്ല, കേട്ടില്ല.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, വീയെസ് ഉയര്‍ത്തിപ്പിടിച്ച ഒരു പ്രശ്നമുണ്ടായിരുന്നു : പെണ്‍‌വാണിഭം. വിശേഷിച്ച്, കിളിരൂര്‍ കേസ്. ശാരിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിച്ച് കയ്യാമം വച്ചു നടത്തുമെന്ന് വീമ്പിളക്കിയ വീയെസ് അഞ്ചുകൊല്ലം അധികാരത്തിലിരുന്നിട്ടും അതിനുവേണ്ടി ചെറുവിരലനക്കുക പോലും ചെയ്തില്ലെന്നും ഈ ആവശ്യമുന്നയിച്ചു വന്ന ശാരിയുടെ മാതാപിതാക്കളോടും മകളോടും ക്രൂരമായി പെരുമാറിയെന്നും ലതികാ സുഭാഷ് പരക്കെ പ്രസം‌ഗിച്ചിരുന്നു. (ലതികാ സുഭാഷിനു കെട്ടിവയ്ക്കാനുള്ള പണം ശാരിയുടെ പിതാവാണു നല്‍കിയതെന്ന് പത്രങ്ങളില്‍ വായിച്ചു.) കത്തുന്ന വാക്കുകളില്‍ പൊതുജനത്തിനു മുന്‍പാകെ ലതികാ സുഭാഷ് ഉന്നയിച്ച ആ പരാതിയുടെ സ്ഥിതി ഇപ്പോഴെന്താണു‍? പ്രായം പരിഗണിച്ച് ആ പരാതിയും ലതികാ സുഭാഷ് പിന്‍‌വലിക്കുകയാണോ?

തന്റെ മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്ന സ്ഥിതിയ്ക്ക്, ശാരിക്കേസില്‍ തീര്‍ച്ചയായും ലതികാ സുഭാഷിന്റെ ഇടപെടല്‍ നടക്കുന്നുണ്ടാകുമെന്ന് പ്രതികരണന്‍ കരുതുന്നു. ശാരിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിപ്പിക്കാനുള്ള പരിശ്രമങ്ങളിലാവും അവരെന്നു തന്നെ ഞാന്‍  വിശ്വസിക്കുന്നു.

അതോ, അടുത്ത തെരഞ്ഞെടുപ്പുകാലം വരുംവരെ ശാരിയുടെ മാതാപിതാക്കളും മകളും പടിക്കു പുറത്തു തന്നെയായിരിക്കുമോ?!

Wednesday, August 3, 2011

ഡീസീ ബുക്സും ശ്രീബുദ്ധനും


ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്നിലാണ് ഞാൻ ഡീസീ ബുക്സുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നത് – പ്രീപബ്ലിക്കേഷൻ അംഗം എന്ന നിലയിൽ. മലയാള ചെറുകഥാപ്രസ്ഥാനത്തിന്റെ നൂറാംവാർഷികത്തെ പുരസ്കരിച്ച്, കെ.എസ്. രവികുമാർസാറിന്റെ എഡിറ്റിങ്ങിൽ ഡീസീബുക്സ് ‘നൂറു വർഷം നൂറു കഥ’ എന്ന പുസ്തകം പുറത്തിറക്കിയപ്പോൾ. വിദ്യാർത്ഥിയായിരുന്ന ഞാൻ വളരെ ക്ലേശിച്ചു മിച്ചംപിടിച്ച തുകകൾ കൊണ്ടാണ് തവണകൾ അടച്ചുതീർത്ത് ആ പുസ്തകം സ്വന്തമാക്കിയത്.  (ലോക പുസ്തകപ്രസാധനരംഗത്ത് ‘പ്രീപബ്ലിക്കേഷൻ’ സമ്പ്രദായത്തിന്റെ തുടക്കക്കാരൻ  ഡീസീ കിഴക്കേമുറിയാണെന്ന് പിന്നീട് വായിച്ചറിഞ്ഞു.) ഇല്ലായ്മകളിൽ നിന്നു വാങ്ങിയതു കൊണ്ടാവും ഒരു വൈകാരിക ബന്ധുത്വം ആ പുസ്തകത്തോടും ഡീസീ ബുക്സിനോടും എനിക്കു തോന്നുന്നത്.

ഇക്കാര്യങ്ങൾ ഇപ്പോൾ പറയുവാൻ എന്നെ പ്രേരിപ്പിക്കുന്നത് ഡീസീ ബുക്സിന്റെ താരതമ്യേന പുതിയ ഒരു പുസ്തകമാണ്. 2008-ൽ ആദ്യപതിപ്പായി ഇറങ്ങിയ  ‘പുതുയുഗം പുതു ഇന്ത്യ’ എന്ന പുസ്തകം. ശ്രീ ശശി തരൂരിന്റെ ‘The elephant, the tiger and the cellphone’ എന്ന പുസ്തകത്തിനു ശ്രീ എം.പി.സദാശിവൻ തയ്യാറാക്കിയ വിവർത്തനം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ചില ചിന്ത‘കളാണ്  ഈ പുസ്തകമെന്ന് അതിന്റെ പുറംചട്ടയിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആഗോളവൽകൃത പുതുലോക സാഹചര്യത്തിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സത്തയെ അടയാളപ്പെടുത്താൻ പര്യാപ്തമായ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയസാഹചര്യങ്ങളെ അപഗ്രഥിക്കുന്ന ഈ പുസ്തകം, കാലത്തിന്റെ അതിശീഘ്രപ്രയാണത്തിൽ രാഷ്ട്രീയസങ്കൽ‌പ്പങ്ങളിൽ വരുന്ന പരിണാമങ്ങളെ കുറിക്കുന്നു’ എന്ന് പ്രസാധകക്കുറിപ്പിൽ ശ്രീ രവീ ഡീസീ എഴുതിയിരിക്കുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല ഈ പോസ്റ്റ്; അതിന്റെ പുറംകവറിനെക്കുറിച്ചാണ് – കവർചിത്രത്തെക്കുറിച്ചാണ്. 2010-ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ് എന്റെ കൈവശമുള്ളത്. അതിന്റെ കവർചിത്രം നോക്കുക.

ഇയർഫോൺ ചെവിയിൽ വച്ച്, കയ്യിൽ സെൽഫോണുമായി പത്മാസനസ്ഥനായ സാക്ഷാൽ ശ്രീബുദ്ധൻ!

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണീ പുസ്തകം. പരമ്പരാഗത ഭാരതീയ സമൂഹത്തിന്റെ പരിവർത്തനങ്ങളെക്കുറിച്ച്. പക്ഷേ, അതു സൂചിപ്പിക്കാൻ ഉപയോഗിച്ച കവർച്ചിത്രം തികച്ചും അനുചിതവും അവഹേളനപരവും ആയിപ്പോയി.ഭാരതത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ദൈവരൂപമാണു ശ്രീബുദ്ധൻ എന്നതിനാലല്ല ഞാൻ ഇങ്ങനെ പറയുന്നത്; രണ്ടായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ശ്രീബുദ്ധൻ രൂപപ്പെടുത്തിയ ദാർശനികത ഇന്നും മുഴുവൻ ലോകത്തിനും ബഹുമാന്യമാണ് എന്നതിനാലാണ്. ഒരു ‘ഭാരതീയ ദൈവം’ എന്ന നിലയിലല്ല ലോകം ശ്രീബുദ്ധനെ മാനിക്കുന്നത്; മഹാനായ ഭാരതീയ ദാർശനികൻ എന്ന നിലയിലാണ്. പുസ്തകത്തിന്റെ കവർച്ചിത്രം ശ്രദ്ധിക്കൂ. പാരമ്പര്യങ്ങളിൽ നിന്നും പുരോഗമനം നേടുന്ന ഒരു ജനതയെക്കുറിച്ച് ഗൌരവാവഹമായ ഒരു ചിന്താപ്രേരണയല്ല ആ ചിത്രം നൽകുന്നത്. മറിച്ച്, സ്വന്തം ദാർശനികദീപ്തികൊണ്ട്  ലോകത്തിന്റെ ബഹുമാനത്തിനു പാത്രമായ ശ്രീബുദ്ധനെക്കുറിച്ച് അവഹേളനപരമായ അപഹാസ്യതയാണ്.

പുസ്തകത്തിന്റെ ‘ഒറിജിനൽ ഇംഗ്ലീഷ് ടൈറ്റി’ലിൽ സെൽഫോൺ പരാമർശമുണ്ടെങ്കിലും അത് ഇത്തരത്തിൽ ഒരു മാനിപ്യുലേഷൻ നടത്തിയതിനു ഒരു വിധത്തിലും ന്യായീകരണമല്ല. മലയാളശീർഷകത്തെ ദൃശ്യവൽക്കരിക്കാ‍ൻ  മറ്റെന്തെങ്കിലും കണ്ടെത്തുക പ്രയാസകരമാണെന്നു തോന്നുന്നുമില്ല. ‘ബുദ്ധമതവിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതിനാൽ പുസ്തകം പിൻ‌വലിച്ച് ഡീസീ ബുക്സ് മാപ്പു പറയണം’ എന്നല്ല പ്രതികരണന്റെ വാദം. ഭാരതത്തിന്റെ അതിരുകളെ ദാർശനികഗരിമയൊന്നുകൊണ്ടു മാത്രം അതിലംഘിച്ചു പരക്കുകയും പുതിയ സാംസ്കാരിക സമൂഹങ്ങളെ ആഴത്തിൽ പരിവർത്തിപ്പിക്കുകയും ചെയ്ത വ്യക്തിയെ, ചിന്താധാരയെ പ്രസ്തുത കവർചിത്രം ആക്ഷേപകരമായി അവതരിപ്പിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്, ഇനിയുള്ള പതിപ്പുകളിൽ ഈ ചിത്രം ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നു മാത്രമാണ്. അതിനു പ്രിയപ്പെട്ട ഡീസീ ബുക്സ് ഒട്ടും ഉപേക്ഷ വിചാരിക്കരുതെന്നു മാത്രമാണ്.

Wednesday, March 16, 2011

ശാരിയുടെ പിതാവും വീയെസ്സിന്റെ സീറ്റും

ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനു സീറ്റില്ല. അക്കാര്യത്തിൽ എന്തെങ്കിലും അഭിപ്രായപ്രകടനത്തിനല്ല ഞാൻ മുതിരുന്നത്. സീറ്റുകാര്യം ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. സീറ്റു നിഷേധത്തെക്കുറിച്ച് വിവിധ വ്യക്തികളുടെ പ്രതികരണങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അതിലൊരാളുടെ പ്രതികരണമാണീ കുറിപ്പിനു പ്രചോദനം.

കിളിരൂർ കേസിലെ ഇര ശാരിയുടെ പിതാവിന്റെ അഭിപ്രായത്തിൽ വീയെസ്സിനു സീറ്റു നിഷേധിച്ചതു നന്നായി എന്ന ധ്വനിയുണ്ട്. മുഖ്യമന്ത്രി തങ്ങളുടെ കാര്യത്തിൽ ആത്മാർത്ഥതയും അന്തസ്സും കാട്ടിയില്ല എന്ന് അദ്ദേഹം പറയുന്നു. ക്ലിഫ് ഹൌസിലും സെക്രട്ടറിയേറ്റ്പടിക്കലും ഉപവാസമിരിക്കാൻ ചെന്ന തങ്ങളെ വീയെസ് പരിഗണിച്ചില്ല എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയം മാറ്റിവച്ചു ചിന്തിക്കുക : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രീ സുരേന്ദ്രന് എന്തവകാശമാണുള്ളത്? പെണ്മക്കളെ സൂക്ഷ്മതയോടെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇങ്ങോട്ടു വന്നുകയറിയ ദുരന്തമല്ല ശാരിയുടേത്. മറിച്ച്, മാതാപിതാക്കളുടെ സൂക്ഷ്മതക്കുറവു കൊണ്ട് ക്ഷണിച്ചു വരുത്തപ്പെട്ടതാണാ ദുരന്തം. മകളെ കലാകാരിയാക്കാൻ തുനിഞ്ഞിറങ്ങുന്ന ഏതു മാതാപിതാക്കൾക്കും പാഠമാകേണ്ട ദുരന്തം. മകൾ എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എന്തിനു പോകുന്നു, അവളുടെ ആടയാഭരണങ്ങൾ എവിടെ നിന്നു ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടന്ന് ഒടുവിൽ സ്വയംകൃതാനർത്ഥങ്ങൾക്ക് ഇരയായിക്കഴിയുമ്പോൾ ഭരണാധികാരിയെ കുറ്റം പറയുന്നതിൽ ഒരർത്ഥവുമില്ല.

രാഷ്ട്രീയക്കാർക്ക് സുരേന്ദ്രനോടോ മകളോടോ യാതൊരു സഹതാപവുമില്ല. തെരഞ്ഞെടുപ്പു കഴിയുമ്പോൾ അവർ ശാരിയെ മറക്കും. നമ്മളുടെ മക്കളുടെ നല്ലഭാവി രാഷ്ട്രീയക്കാരുടെയോ ഭരണാധികാരികളുടെയോ ഉത്തരവാദിത്വമല്ല. അവരുടെ ജീവിതത്തിന്റെ നന്മതിന്മകൾ അനുഭവിക്കേണ്ടത് നാം മാത്രമാണെന്നത് നമുക്കു മറക്കാതിരിക്കാം.

Sunday, March 13, 2011

പെൺ‌കുട്ടിക്കാലം !

നാളെ, മാർച്ച് പതിനാലാം തീയതി ഈ വർഷത്തെ എസ്. എസ്. എൽ.സി. പരീക്ഷ ആരംഭിക്കുകയാണ്. പരീക്ഷാക്കാലത്ത് മലയാള മാധ്യമങ്ങളിൽ വരുന്ന പരീക്ഷാ വാർത്തകൾ ശ്രദ്ധിച്ചാൽ നമുക്കു തോന്നും പെൺകുട്ടികൾ മാത്രമേ ഈ പരീക്ഷ എഴുതുന്നുള്ളൂ എന്ന്. എല്ലാ ചിത്രങ്ങളിലും വീഡിയോകളിലും പെൺകുട്ടികൾ മാത്രമായിരിക്കും.

അതെ, നാളെ ആരംഭിക്കുകയാണ് മലയാള മാധ്യമങ്ങളുടെ പെൺ‌കുട്ടിക്കാലം !

Wednesday, February 16, 2011

ഈ കുറ്റവാളികളെ.............

പത്രങ്ങളിൽ വിശദമായ വാർത്തകളാണ് ആ കുറ്റകൃത്യങ്ങളെക്കുറിച്ച്. പ്രതികൾ ‘പരിചയസമ്പന്ന’രായ സ്ഥിരം കുറ്റവാളികൾ. അപ്രതീക്ഷിതമായി കുറ്റകൃത്യങ്ങളിലേർപ്പെട്ടുപോയവരല്ല അവർ. സ്ഥിരം കുറ്റകൃത്യത്തൊഴിലാളികളാണവർ.

ഗോവിന്ദച്ചാമി ട്രെയിനിൽ യാത്ര ചെയ്ത് മോഷണവും മാനഭംഗവും സ്ഥിരമായി നടത്തുന്നു. ഇതിനു മുൻപ് പിടിയിലായിട്ടുണ്ട്. ജയിലിൽ പോയി, തിരിച്ചു വന്നു, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഒരു കൈ ഇല്ലാതായത് ഒരു പ്രശ്നമേയല്ല അയാൾക്ക്.

 സബീർ ഒട്ടും വ്യത്യസ്തനല്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമ. മോഷണം സ്ഥിരം തൊഴിൽ. പ്രായമേറിയ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ. പാലത്തിലൂടെ നടന്നു പോയ യുവതിയുടെ മാല കവർന്നത്, കുഞ്ഞിനെ എടുത്ത് ആറ്റിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ്. നിരവധി മോഷണങ്ങളിലും മാനഭംഗങ്ങളിലും പ്രതി.

ഇവരെല്ലാം ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. നാളെയൊരു ദിവസം ഇവർ വിചാരണ ചെയ്യപ്പെടും. ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുമെന്ന് തീർച്ചയാണ്.  പക്ഷേ, അധികനാളൊന്നും നീണ്ടുനിൽക്കില്ല ആ ശിക്ഷാകാലം. ഇടയ്ക്കിടെ പരോൾ ലഭിച്ചും ശിക്ഷാകാലം പെട്ടന്നവസാനിച്ചും ഒക്കെ അവർ പുറത്തിറങ്ങും. ജയിൽ‌വാസകാലത്തെ സൌഹൃദങ്ങളിലൂടെ  ലഭിച്ച വിദഗ്ധോപദേശം കൂടി മുതലാക്കി കൂടുതൽ ഊർജ്ജസ്വലതയോടെ അവർ ‘ഫീൽഡി’ലുണ്ടാകും.

സാധാരണ പൌരന്റെ ജീവനും സ്വത്തിനും ആരാണു വിലയിടുന്നത്? സ്വത്തിനു സംരക്ഷണം ലഭിക്കുന്നതു പോട്ടെ; പക്ഷേ, ജീവനും മാനത്തിനും എന്താണു ഗതി? ആരാണവരെ പരിഗണിക്കുക? കുറച്ചു വർഷങ്ങൾക്കു മുമ്പ്, തിരുവനന്തപുരം വിഴിഞ്ഞത്ത് ബാലികയെ മാനഭംഗപ്പെടുത്തിക്കൊന്നത്, അതിനൊരു കൊല്ലം മുമ്പ് മറ്റൊരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നയാളാണ്. പക്ഷേ, ആദ്യ കേസിൽ കോടതി അയാളെ വെറുതേ വിട്ടിരുന്നു! രണ്ടാമത്തെ കേസിലും അയാൾ  ഇപ്പോൾ പുറത്തിറങ്ങിക്കാണും.

ഞാൻ ചിന്തിച്ചു പോവുകയാണു സുഹൃത്തേ: നമ്മുടെ ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതേണ്ടേ? കണ്ണിനു കണ്ണും പല്ലിനു പല്ലും വേണ്ട. എന്നാലും സമൂഹത്തിന്, സാധാരണ പൌരന് അപായകരമായ ഇത്തരം സ്ഥിരം കുറ്റവാളികൾ ഒരിക്കലും തിരിച്ചു സമൂഹത്തിൽ സ്വതന്ത്രരായെത്തി ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതായ തിരുത്തലുകൾ നമ്മുടെ ശിക്ഷാനിയമങ്ങളിൽ വരുത്തേണ്ടതല്ലേ? ജയിലിടിഞ്ഞാലും ഇവരൊന്നും പുറത്തു വരില്ലെന്ന് നാം ഉറപ്പാക്കേണ്ടതല്ലേ?

Monday, February 14, 2011

ബ്ലോഗിനെപ്പറ്റി എൻ. എസ്. മാധവൻ

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2011 ഫെ.20-26, ലക്കം 50) പ്രസിദ്ധ എഴുത്തുകാരൻ ശ്രീ എൻ. എസ്. മാധവനുമായി ശ്രീ എ.കെ. അബ്ദുൽ ഹക്കിം നടത്തിയ ഇന്റർവ്യൂ  പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘ഇ-വായന’യെക്കുറിച്ച് ഹക്കിം ഉന്നയിച്ച ചോദ്യത്തിനു എൻ.എസ്. മാധവൻ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു:

        “ടെക്നോളജിയുമായി വലിയ ബന്ധമുള്ള സംഗതിയല്ല സാഹിത്യം. ആദ്യമൊക്കെ ഞാനും അങ്ങനെയൊക്കെ കരുതിയിരുന്നതെങ്കിലും ഇപ്പോഴെനിക്ക് തോന്നുന്നത് ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ്. ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ? ബ്ലോഗിനെന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പു മാത്രമാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന മാധ്യമമാണ് ബ്ലോഗ്.”

“സെൽഫ് പബ്ലിഷിങ് സാധ്യമായി എന്നത് ശരിയാണെങ്കിലും സ്വീകരിക്കാനാളുണ്ടോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്.”

---    പ്രിയ  ബ്ലോഗർമാരേ, എന്നെസ് മാധവന്റെ അഭിപ്രായം അസംബന്ധമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയുമോ? മീറ്റും ഈറ്റും ഒക്കെയായി നാം പാഞ്ഞു നടക്കുമ്പോൾ ഈ അഭിപ്രായങ്ങൾ കേട്ടില്ലെന്നു നടിക്കാനാവുമോ? നാം ഒന്നു തിരിഞ്ഞു നോക്കേണ്ടേ?


Wednesday, January 5, 2011

മലയാള സർവ്വകലാശാല ആർക്കുവേണ്ടി?

മലയാള ഐക്യവേദി എന്ന ബ്ലോഗിലെ ‘വേണം മലയാള സർവ്വകലാശാല’ എന്ന പോസ്റ്റിനെഴുതിയ കമന്റ്.




ലയാള സർവ്വകലാശാലയുടെ അത്യാവശ്യകത തെല്ലും ബോധ്യപ്പെടാത്ത ഒരു പാവം മലയാളിയാണു ഞാൻ. അനാവശ്യമായ ഒരാഢംബരമായും ദുർവ്യയമായും മാത്രമാണ്  ഞാൻ ഈ ആവശ്യത്തെക്കാണുന്നത്. (തെറ്റെങ്കിൽ തിരുത്താൻ ഒരു മടിയുമില്ല.)

കേരളത്തിൽ മലയാളത്തിന്റെ നില വളരെ ശോചനീയമാണ് എന്നതിനോട് ഞാനും യോജിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മലയാളത്തിനു രണ്ടാംകിട പദവിയാണെന്ന അഭിപ്രായത്തിനോടും എനിക്ക് യോജിപ്പാണ്. പക്ഷേ,  അതെല്ലാമവസാനിപ്പിക്കനുള്ള ഒറ്റമൂലി ‘മലയാള സർവ്വകലാശാല’യാണെന്ന വാദത്തിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല.  സ്വന്തം ഭാഷയിലും സംസ്കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങൾ, അഭിമാനിക്കുന്നതും വിശ്വസിക്കുന്നതും സർവ്വകലാശാലകളിലല്ല ; ഭാഷയിലും സംസ്കാരത്തിലുമാണ്. കേരളത്തിൽ, ലേഖകൻ സൂചിപ്പിക്കുന്നതു പോലെ ഒരുപാട് സർവ്വകലാശാലകളുണ്ട്. അവയുടെ പ്രവർത്തനം നമുക്കറിയാവുന്നതുമല്ലേ?  വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളുമായി ഏതെങ്കിലും വിധത്തിൽ താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും സർവ്വകലാശാല കേരളത്തിലുണ്ടോ? സംശയമുണ്ടെങ്കിൽ, ‘കാലിക്കറ്റ് സർവ്വകലാശാല --  കേംബ്രിഡ്ജ് സർവ്വകലാശാല’ എന്നു പറഞ്ഞു നോക്കൂ. മനസ്സിൽ തെളിയുന്ന ചിത്രങ്ങൾക്ക് എന്തൊരു വൈരുദ്ധ്യമാണ്!

കേരളത്തെ സംബന്ധിച്ചിടത്തോളം സർവ്വകലാശാല എന്നത് ഒരു പരീക്ഷാ നടത്തിപ്പു കേന്ദ്രം മാത്രമാണ്. പിന്നെ, വേണ്ടപ്പെട്ടവരെ കുടിയിരുത്താനുള്ള ദന്തഗോപുരവും. വൈസ് ചാൻസലർ  മുതൽ മീനിയൽ വരെയുള്ള നിയമനങ്ങൾ വീതംവയ്പ്പും ചാകരയുമാണ്. മൂന്നു പ്രധാന സർവ്വകലാശാലകളെ മാത്രം നോക്കുക. കേരള സർവ്വകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനം ഹിന്ദുക്കൾക്ക്, വിശേഷിച്ച് നായന്മാർക്ക് അനൌദ്യോഗികമായി സംവരണം ചെയ്തിരിക്കുന്നു. ‘ക്രിസ്ത്യാനികൾക്കായി ക്രിസ്ത്യാനികളാൽ’ രൂപീകരിക്കപ്പെട്ടതാണ് എം.ജീ. യൂണിവേഴ്സിറ്റി. അവിടെ, മധ്യതിരുവിതാംകൂറിലെ കിരീടംവയ്ക്കാത്ത രാജാവായ രഷ്ട്രീയനേതാവിന്റെ നോമിനികളേ വീസീമാരാകൂ. കാലിക്കറ്റിൽ ‘പച്ചച്ചെങ്കൊടി’യാണു  പാറിക്കളിക്കുന്നത്. അവിടെ വീസീനിർണ്ണയനാവകാശം വേറേ ചിലർക്കാണ്.  ഒരു സർവ്വകലാശാല കൂടി രൂപീകരിക്കപ്പെടുമ്പോൾ ഒരു കൂട്ടം സ്ഥാനമോഹികൾക്കല്ലാതെ മലയാളത്തിനെവിടെ മെച്ചമുണ്ടാകാൻ.! കാലടിയിലെ സംസ്കൃത സർവ്വകലാശാല സംസ്കൃതത്തിനും സാക്ഷാൽ ശങ്കരാചാര്യർക്കും നാണക്കേടല്ലാതെ എന്തെങ്കിലും സമ്പാദിച്ചു കൊടുക്കുന്നുണ്ടോ?!  ഈ സർവ്വകലാശാലകളെല്ലാം ഗവേഷണങ്ങളെപ്പറ്റി വാതോരാതെ സംസാരിച്ചവരാണ്.

ദക്ഷിണേന്ത്യയിൽ കേരളത്തിനു മാത്രമാണു  മാതൃഭാഷാ സർവ്വകലാശാലയില്ലാത്തതെന്നത് ശരിതന്നെ.  പക്ഷേ അവയിലൂടെ, ശാസ്ത്രസാങ്കേതികവിദ്യകൾ വരെ ഉൾക്കൊള്ളാൻ കഴിയുംവിധം ഭാഷകൾ വികസിക്കുന്നു എന്നത് വസ്തുതാപരമല്ല. തമിഴ്നാട്ടിലെ സർവ്വകലാശാലകളിൽ ബിരുദാനന്തരബിരുദപഠനം പോലും  തമിഴിൽ നിർവ്വഹിക്കനാകും.  പക്ഷേ, ബിരുദാനന്തരബിരുദപഠനം തമിഴിൽ നിർവ്വഹിക്കുന്ന ഭൂരിപക്ഷത്തിന്റെ അവസ്ഥയെന്താണ്?  വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ, സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറം സംവദിക്കാനാകാതെ ഭാഷാപരിമിതിയിൽ തളയ്ക്കപ്പെട്ടു പോവുകയാണവർ.  (അവിടെച്ചെന്ന് ഇംഗ്ലീഷിൽ അതേ പരീക്ഷയെഴുതി മലയാളികൾ മിടുക്കന്മാരാകുന്നുണ്ട്. )

കേരളത്തിലെ ഏകവിഷയാധിഷ്ഠിത സർവ്വകലാശാലകളുടെ അവസ്ഥ തന്നെയായിരിക്കും മലയാളം സർവ്വകലാശാലയുടേതും. സർവ്വകലാശാലയുണ്ടായതു കൊണ്ടോ ക്ലാസിക്കൽ പദവി ലഭിച്ചതു കൊണ്ടോ പൈതൃകഭാഷയായതു കൊണ്ടോ ഒന്നും ഒരിക്കലും മലയാളം രക്ഷപ്പെടാൻ പോകുന്നില്ല. അതിനു മലയാളികളുടെ മനോഭാവം മാറണം. മലയാളത്തിനു വേണ്ടി വലിയവായിലേ വിലപിക്കുന്ന പലരും സ്വന്തം മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയത്തിൽ പഠിപ്പിക്കാറില്ല. തങ്ങളുടെയും മക്കളുടെയും സംസാരഭാഷയിലെ ഒഴിവാക്കാവുന്ന ഇംഗ്ലീഷ്സ്വാധീനം ഉപേക്ഷിക്കാറില്ല. പക്ഷേ, മലയാളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ!

കേരളത്തിലും ചരിത്രവും പാരമ്പര്യവുമൊന്നും ഏകമുഖമല്ല. തിരിഞ്ഞു നോക്കി നടക്കുന്നത് നല്ലതാവാം. പക്ഷേ, ഉപേക്ഷിച്ചവയെ വീണ്ടും പുണരാനായുന്നത് ബുദ്ധിയായിരിക്കില്ല.

കുറേപേർക്കുകൂടി വീസീമാരും സിൻഡിക്കേറ്റ് – സെനറ്റ് മെമ്പർമാരും മറ്റുമാകാൻ ഉപകരിക്കുമെന്നതല്ലാതെ, മലയാള സർവ്വകലാശാല കൊണ്ട്  എന്താണിവിടെ സംഭവിക്കാൻ പോകുന്നത്? ദൈനംദിന ജീവിതത്തിൽ നിന്ന് മലയാളത്തെ പടിയടച്ച് പിണ്ഡം വച്ചവർ, സർക്കാർ ചെലവിൽ മലയാളത്തെ പൊക്കാനിറങ്ങും. പൊതുജനത്തിന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയുണ്ടാക്കുന്ന നികുതിക്കാശ് ചിലർ ചേർന്ന് പുട്ടടിക്കും.കൊട്ടും കുരവയുമായി കുറേപ്പേരെ കെട്ടിയെഴുന്നള്ളിക്കും. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്നു ദർബാറുകളിൽ മുഴങ്ങിക്കേൽക്കും.പാവം മലയാളം കുമ്പിളിൽ കഞ്ഞിപോലുമില്ലാതെ കണ്ടമ്പരന്നു നിൽക്കും.

ഇതല്ലാതെന്താണു സാർ, സംഭവിക്കാൻ പോകുന്നത്?