Wednesday, February 16, 2011

ഈ കുറ്റവാളികളെ.............

പത്രങ്ങളിൽ വിശദമായ വാർത്തകളാണ് ആ കുറ്റകൃത്യങ്ങളെക്കുറിച്ച്. പ്രതികൾ ‘പരിചയസമ്പന്ന’രായ സ്ഥിരം കുറ്റവാളികൾ. അപ്രതീക്ഷിതമായി കുറ്റകൃത്യങ്ങളിലേർപ്പെട്ടുപോയവരല്ല അവർ. സ്ഥിരം കുറ്റകൃത്യത്തൊഴിലാളികളാണവർ.

ഗോവിന്ദച്ചാമി ട്രെയിനിൽ യാത്ര ചെയ്ത് മോഷണവും മാനഭംഗവും സ്ഥിരമായി നടത്തുന്നു. ഇതിനു മുൻപ് പിടിയിലായിട്ടുണ്ട്. ജയിലിൽ പോയി, തിരിച്ചു വന്നു, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഒരു കൈ ഇല്ലാതായത് ഒരു പ്രശ്നമേയല്ല അയാൾക്ക്.

 സബീർ ഒട്ടും വ്യത്യസ്തനല്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമ. മോഷണം സ്ഥിരം തൊഴിൽ. പ്രായമേറിയ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ. പാലത്തിലൂടെ നടന്നു പോയ യുവതിയുടെ മാല കവർന്നത്, കുഞ്ഞിനെ എടുത്ത് ആറ്റിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ്. നിരവധി മോഷണങ്ങളിലും മാനഭംഗങ്ങളിലും പ്രതി.

ഇവരെല്ലാം ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. നാളെയൊരു ദിവസം ഇവർ വിചാരണ ചെയ്യപ്പെടും. ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുമെന്ന് തീർച്ചയാണ്.  പക്ഷേ, അധികനാളൊന്നും നീണ്ടുനിൽക്കില്ല ആ ശിക്ഷാകാലം. ഇടയ്ക്കിടെ പരോൾ ലഭിച്ചും ശിക്ഷാകാലം പെട്ടന്നവസാനിച്ചും ഒക്കെ അവർ പുറത്തിറങ്ങും. ജയിൽ‌വാസകാലത്തെ സൌഹൃദങ്ങളിലൂടെ  ലഭിച്ച വിദഗ്ധോപദേശം കൂടി മുതലാക്കി കൂടുതൽ ഊർജ്ജസ്വലതയോടെ അവർ ‘ഫീൽഡി’ലുണ്ടാകും.

സാധാരണ പൌരന്റെ ജീവനും സ്വത്തിനും ആരാണു വിലയിടുന്നത്? സ്വത്തിനു സംരക്ഷണം ലഭിക്കുന്നതു പോട്ടെ; പക്ഷേ, ജീവനും മാനത്തിനും എന്താണു ഗതി? ആരാണവരെ പരിഗണിക്കുക? കുറച്ചു വർഷങ്ങൾക്കു മുമ്പ്, തിരുവനന്തപുരം വിഴിഞ്ഞത്ത് ബാലികയെ മാനഭംഗപ്പെടുത്തിക്കൊന്നത്, അതിനൊരു കൊല്ലം മുമ്പ് മറ്റൊരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നയാളാണ്. പക്ഷേ, ആദ്യ കേസിൽ കോടതി അയാളെ വെറുതേ വിട്ടിരുന്നു! രണ്ടാമത്തെ കേസിലും അയാൾ  ഇപ്പോൾ പുറത്തിറങ്ങിക്കാണും.

ഞാൻ ചിന്തിച്ചു പോവുകയാണു സുഹൃത്തേ: നമ്മുടെ ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതേണ്ടേ? കണ്ണിനു കണ്ണും പല്ലിനു പല്ലും വേണ്ട. എന്നാലും സമൂഹത്തിന്, സാധാരണ പൌരന് അപായകരമായ ഇത്തരം സ്ഥിരം കുറ്റവാളികൾ ഒരിക്കലും തിരിച്ചു സമൂഹത്തിൽ സ്വതന്ത്രരായെത്തി ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതായ തിരുത്തലുകൾ നമ്മുടെ ശിക്ഷാനിയമങ്ങളിൽ വരുത്തേണ്ടതല്ലേ? ജയിലിടിഞ്ഞാലും ഇവരൊന്നും പുറത്തു വരില്ലെന്ന് നാം ഉറപ്പാക്കേണ്ടതല്ലേ?

4 comments:

  1. ഈ ഗോവിന്ദചാമിയും ഒരു നാള്‍ പുറത്തു വരും, വീണ്ടും അയാള്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ തുടരും..
    ഇത് തന്നെയല്ലേ ഇവിടെ സംഭവിക്കുന്നത്‌?

    ReplyDelete
  2. താങ്കള്‍ പറഞ്ഞിരിക്കുന്നത് വിലപ്പെട്ട വസ്തുതകളാണ്.ഒപ്പം സമ്പവിചിരിക്കുന്ന മൂല്യ ച്യുതികളും സാംസ്കാരിക അധ:പതനവും . എല്ലാം കൂടി ജീവിതം ദുഷ്ക്കരമാക്കുന്നു .ഇവിടെ നിസ്സഹായതയല്ല വേണ്ടത്ത്‌ ക്രിയാത്മക പ്രതികരണങ്ങള്‍ വളര്‍ത്തി കൊണ്ട് വരികയും പ്രവര്‍ത്തിയുമാണ് വേണ്ടത്.കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. "സാധാരണ പൌരന്റെ ജീവനും സ്വത്തിനും ആരാണു വിലയിടുന്നത്?"
    വളരെ പ്രസക്തമായ ചോദ്യം. രാഷ്ട്രീയക്കാരിലും എന്തിനേറെ ജുഡീഷ്യറിയിലും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതൊക്കെ മാറണമെങ്കിൽ നാം സ്വയം വിചാരിക്കണം. വീണ്ടുമൊരു യുവജനകീയ വിപ്ളവം ആവശ്യമായി വരും ഉടനെ. നമുക്ക് കൈകോർ‍ക്കാം.

    satheeshharipad.blogspot.com

    ReplyDelete
  4. മാറ്റുവിൻ ചട്ടങ്ങളെ...

    ReplyDelete