Thursday, August 25, 2011

മലയാളത്തിനു പിഴ – ഒരു വിയോജനക്കുറിപ്പ്.




മാള ഹോളി ഗ്രേസ് സീബീഎസ്‌സീ സ്കൂളിലെ 103 വിദ്യാര്‍ത്ഥികളെ, സ്കൂളില്‍ മലയാളം സംസാരിച്ചതിനു സ്കൂളധികൃതര്‍ പുറത്താക്കി. ആയിരം രൂപ പിഴയടച്ചതിനു ശേഷം ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നാണു നിര്‍ദ്ദേശം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രശ്നം കത്തിത്തുടങ്ങുകയാണ്. പിഴയടയ്ക്കാന്‍ തയ്യാറല്ലെന്നു രക്ഷിതാക്കള്‍. മലയാളസ്നേഹികളുടെ രക്തം തിളച്ചുയരുന്നു.

ഈ സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് കുറ്റക്കാരല്ലെന്നാണ് പ്രതികരണന്റെ വിനീതാഭിപ്രായം. സ്കൂള്‍ മാനേജ്മെന്റിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പൊതുസമൂഹം ശ്രമിച്ചാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് പറയാതെ വയ്യ.

സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ പൊതുവിദ്യാലയങ്ങള്‍ ഇല്ലാത്തതിനാലല്ല ഇത്തരം സ്കൂളുകളില്‍ രക്ഷിതാക്കള്‍ കുട്ടികളെ വിടുന്നത്. മറിച്ച്, പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മനസ്സില്ലാത്തതിനാലാണ്. പൊതുവിദ്യാലയങ്ങള്‍ക്ക് ഗ്ലാമര്‍ പോരാ, സ്റ്റാറ്റസിനു ചേരില്ല, ഭാവിക്കു നല്ലതല്ല: രക്ഷിതാക്കള്‍ക്കു പരാതികള്‍ നിരവധിയാണ്. മാളസ്കൂളിലെ ഒരു കുട്ടിയെപ്പോലും  സ്കൂളധികൃതര്‍ വീട്ടില്‍ ചെന്ന് സോപ്പിട്ട്, പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത്, ഉപ്പുമാവും ഉച്ചക്കഞ്ഞിയും കൊടുത്ത് കൊണ്ടുവന്ന് ചേര്‍ത്തതല്ല. മുന്നേ ‘ബുക്ക്’ചെയ്ത്, കനത്ത ഡൊണേഷനും ഒടുക്കത്തെ ഫീസും തൊട്ടതിനു പിടിച്ചതിനുമെല്ലാം പിരിവും കൊടുത്ത് രക്ഷിതാക്കള്‍ തന്നെ മുമ്പുഞാന്‍ മുമ്പുഞാനെന്ന മട്ടില്‍ ചേര്‍ത്തതാണ്. ‘മലയാലം കുരചു കുരച്ചു’ പോലും മിണ്ടാതിരിക്കാന്‍ തന്നെയാണവിടെ ചേര്‍ത്തത്. സായിപ്പിന്‍‌കുട്ടിയെപ്പോലെ ഇംഗ്ലീഷു പറയാന്‍ തന്നെയാണവിടെ പഠിപ്പിക്കുന്നത്. രക്ഷിതാക്കളുടെ പ്രതീക്ഷകളെയാണ് സ്കൂളധികൃതര്‍ സഫലമാക്കിയത്, സഫലമാക്കുന്നത്!

മലയാളം അവര്‍ക്ക് ‘ഇച്ചീച്ചി‘യാണു സാര്‍: രക്ഷിതാക്കള്‍ക്കും മാനേജ്മെന്റിനും. എന്നിട്ടിപ്പം എന്തിനാണിങ്ങനെ ഒരു പ്രതിഷേധം?

യഥാര്‍ത്ഥത്തില്‍ പൊതുസമൂഹം ഇടപെടേണ്ടത് പൊതുവിദ്യാലയങ്ങളിലാണ്. ദരിദ്രജനകോടികളുടെ നികുതിപ്പണം ചെലവഴിച്ച് നിലനിര്‍ത്തുന്ന പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍.  പത്തുകൊല്ലം അവിടെ ഉന്തിക്കഴിച്ചിട്ടും സ്വന്തം പേരുപോലും മാതൃഭാഷയില്‍ എഴുതാനറിഞ്ഞുകൂടാതെ പുറത്തു വരുന്ന ‘ദരിദ്രവാസി’കളുടെ കാര്യത്തില്‍. ശമ്പളത്തെക്കുറിച്ചും ഇന്‍‌ക്രിമെന്റിനെക്കുറിച്ചും പേറിവിഷനെക്കുറിച്ചും വാതോരാതെ ചര്‍ച്ചചെയ്യുന്നതിനിടയില്‍ വിസ്മരിക്കപ്പെട്ടുപോകുന്ന കേരളീയബാല്യങ്ങളെക്കുറിച്ച് പൊതുസമൂഹം വ്യാകുലപ്പെടണം. കേരളീയ പൊതുവിദ്യാലയങ്ങളെ അരാജകത്വത്തിലേയ്ക്കും അശാസ്ത്രീയ പരിഷ്കാരങ്ങളിലേയ്ക്കും അധ:പതിപ്പിച്ചതിനെതിരെയാണ് പൊതുബോധം ഉണരേണ്ടത്. മലയാളം നിര്‍ബന്ധിത പാഠ്യവിഷയമായ എത്ര പൊതുവിദ്യാലയക്കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ അതെഴുതാനറിയാമെന്ന് ആദ്യം അന്വേഷിക്കട്ടെ. അതിനു ശേഷം പോരേ, സീബീയെസ്സീക്കാരുടെ നേരേ കണ്ണുരുട്ടുന്നത്..??

4 comments:

  1. പിഴ ശിക്ഷ ആയിരത്തില്‍ നിന്ന് പതിനായിരവും ലക്ഷവും 
    ഒക്കെയായി വര്‍ദ്ധിപ്പിക്കുന്നതോടെ സ്ഥാപനത്തിന്‍റെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ഏതായാലും തല്‍ക്കാലം
    മലയാളം സംസാരിച്ചു എന്ന അപരാധത്തിന്ന് കുട്ടികളെ തൂക്കിക്കൊല്ലരുത് എന്നു മാത്രം  അപേക്ഷിക്കുന്നു.

    ReplyDelete
  2. മലയാളം പഠിപ്പിക്കുന്ന “ദരിദ്രവാസി” സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും അത് മതിയാക്കി വരുന്നവരുണ്ട്..സി ബി എസ് സി വിട്ടു വരുന്നവർ..അവർക്ക് ഇംഗ്ലീഷും അറിയില്ല മലയാളവും അറിയില്ല..അപ്പോൾ അക്ഷരമറിയാത്തവർ എല്ലാ മീഡിയത്തിലുമുണ്ട്..അതിന് “ശമ്പളത്തെക്കുറിച്ചും ഇന്‍‌ക്രിമെന്റിനെക്കുറിച്ചും പേറിവിഷനെക്കുറിച്ചും വാതോരാതെ ചര്‍ച്ച“ചെയ്യുന്നവർ മാത്രമല്ല കുറ്റക്കാർ. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ഇടപെടുന്നത് അധ്യാപകൻ മാത്രമല്ല.ഒരു പാട് ഘടകങ്ങൾ ഉണ്ട്.

    ReplyDelete
  3. തന്റെ കുട്ടിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നത് ഒരഭിമാനാർഹമായ കാര്യമാണെന്ന്, പുറമേ പറഞ്ഞില്ലെങ്കിൽ കൂടി, ഉള്ളിന്റെ ഉള്ളിൽ കരുതുന്ന രക്ഷിതാക്കളുണ്ടെന്നത് ഒരു സത്യം തന്നെയാണ്. അവർക്ക് വേണ്ടിയാണ് മലയാളം പറയാൻ പാടില്ലാത്ത ഇത്തരം സ്കൂളുകൾ.

    ReplyDelete
  4. ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം വേണോ? ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ പഠിക്കുന്നത് എന്തിന്? ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലെ അധ്യാപകരില്‍ ശരിയായി ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ കഴിയുന്നവര്‍ വളരെ ചെറിയ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് .ഇംഗ്ലീഷ്‌ വായിക്കാനല്ലാതെ ഇംഗ്ലീഷ്‌ പറയാനുള്ള കഴിവ്‌ സ്‌കൂളുകളില്‍ വികസിപ്പിക്കപ്പെടുന്നില്ല.മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക,ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക,അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാല്‍ കുട്ടികളെ ശിക്ഷിക്കുക .സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു .അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.
    malayalatthanima.blogspot.in

    ReplyDelete