ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്നിലാണ് ഞാൻ ഡീസീ ബുക്സുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നത് – പ്രീപബ്ലിക്കേഷൻ അംഗം എന്ന നിലയിൽ. മലയാള ചെറുകഥാപ്രസ്ഥാനത്തിന്റെ നൂറാംവാർഷികത്തെ പുരസ്കരിച്ച്, കെ.എസ്. രവികുമാർസാറിന്റെ എഡിറ്റിങ്ങിൽ ഡീസീബുക്സ് ‘നൂറു വർഷം നൂറു കഥ’ എന്ന പുസ്തകം പുറത്തിറക്കിയപ്പോൾ. വിദ്യാർത്ഥിയായിരുന്ന ഞാൻ വളരെ ക്ലേശിച്ചു മിച്ചംപിടിച്ച തുകകൾ കൊണ്ടാണ് തവണകൾ അടച്ചുതീർത്ത് ആ പുസ്തകം സ്വന്തമാക്കിയത്. (ലോക പുസ്തകപ്രസാധനരംഗത്ത് ‘പ്രീപബ്ലിക്കേഷൻ’ സമ്പ്രദായത്തിന്റെ തുടക്കക്കാരൻ ഡീസീ കിഴക്കേമുറിയാണെന്ന് പിന്നീട് വായിച്ചറിഞ്ഞു.) ഇല്ലായ്മകളിൽ നിന്നു വാങ്ങിയതു കൊണ്ടാവും ഒരു വൈകാരിക ബന്ധുത്വം ആ പുസ്തകത്തോടും ഡീസീ ബുക്സിനോടും എനിക്കു തോന്നുന്നത്.
ഇക്കാര്യങ്ങൾ ഇപ്പോൾ പറയുവാൻ എന്നെ പ്രേരിപ്പിക്കുന്നത് ഡീസീ ബുക്സിന്റെ താരതമ്യേന പുതിയ ഒരു പുസ്തകമാണ്. 2008-ൽ ആദ്യപതിപ്പായി ഇറങ്ങിയ ‘പുതുയുഗം പുതു ഇന്ത്യ’ എന്ന പുസ്തകം. ശ്രീ ശശി തരൂരിന്റെ ‘The elephant, the tiger and the cellphone’ എന്ന പുസ്തകത്തിനു ശ്രീ എം.പി.സദാശിവൻ തയ്യാറാക്കിയ വിവർത്തനം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ചില ചിന്ത‘കളാണ് ഈ പുസ്തകമെന്ന് അതിന്റെ പുറംചട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആഗോളവൽകൃത പുതുലോക സാഹചര്യത്തിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സത്തയെ അടയാളപ്പെടുത്താൻ പര്യാപ്തമായ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയസാഹചര്യങ്ങളെ അപഗ്രഥിക്കുന്ന ഈ പുസ്തകം, കാലത്തിന്റെ അതിശീഘ്രപ്രയാണത്തിൽ രാഷ്ട്രീയസങ്കൽപ്പങ്ങളിൽ വരുന്ന പരിണാമങ്ങളെ കുറിക്കുന്നു’ എന്ന് പ്രസാധകക്കുറിപ്പിൽ ശ്രീ രവീ ഡീസീ എഴുതിയിരിക്കുന്നു.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല ഈ പോസ്റ്റ്; അതിന്റെ പുറംകവറിനെക്കുറിച്ചാണ് – കവർചിത്രത്തെക്കുറിച്ചാണ്. 2010-ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ് എന്റെ കൈവശമുള്ളത്. അതിന്റെ കവർചിത്രം നോക്കുക.
ഇയർഫോൺ ചെവിയിൽ വച്ച്, കയ്യിൽ സെൽഫോണുമായി പത്മാസനസ്ഥനായ സാക്ഷാൽ ശ്രീബുദ്ധൻ!
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണീ പുസ്തകം. പരമ്പരാഗത ഭാരതീയ സമൂഹത്തിന്റെ പരിവർത്തനങ്ങളെക്കുറിച്ച്. പക്ഷേ, അതു സൂചിപ്പിക്കാൻ ഉപയോഗിച്ച കവർച്ചിത്രം തികച്ചും അനുചിതവും അവഹേളനപരവും ആയിപ്പോയി.ഭാരതത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ദൈവരൂപമാണു ശ്രീബുദ്ധൻ എന്നതിനാലല്ല ഞാൻ ഇങ്ങനെ പറയുന്നത്; രണ്ടായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ശ്രീബുദ്ധൻ രൂപപ്പെടുത്തിയ ദാർശനികത ഇന്നും മുഴുവൻ ലോകത്തിനും ബഹുമാന്യമാണ് എന്നതിനാലാണ്. ഒരു ‘ഭാരതീയ ദൈവം’ എന്ന നിലയിലല്ല ലോകം ശ്രീബുദ്ധനെ മാനിക്കുന്നത്; മഹാനായ ഭാരതീയ ദാർശനികൻ എന്ന നിലയിലാണ്. പുസ്തകത്തിന്റെ കവർച്ചിത്രം ശ്രദ്ധിക്കൂ. പാരമ്പര്യങ്ങളിൽ നിന്നും പുരോഗമനം നേടുന്ന ഒരു ജനതയെക്കുറിച്ച് ഗൌരവാവഹമായ ഒരു ചിന്താപ്രേരണയല്ല ആ ചിത്രം നൽകുന്നത്. മറിച്ച്, സ്വന്തം ദാർശനികദീപ്തികൊണ്ട് ലോകത്തിന്റെ ബഹുമാനത്തിനു പാത്രമായ ശ്രീബുദ്ധനെക്കുറിച്ച് അവഹേളനപരമായ അപഹാസ്യതയാണ്.
പുസ്തകത്തിന്റെ ‘ഒറിജിനൽ ഇംഗ്ലീഷ് ടൈറ്റി’ലിൽ സെൽഫോൺ പരാമർശമുണ്ടെങ്കിലും അത് ഇത്തരത്തിൽ ഒരു മാനിപ്യുലേഷൻ നടത്തിയതിനു ഒരു വിധത്തിലും ന്യായീകരണമല്ല. മലയാളശീർഷകത്തെ ദൃശ്യവൽക്കരിക്കാൻ മറ്റെന്തെങ്കിലും കണ്ടെത്തുക പ്രയാസകരമാണെന്നു തോന്നുന്നുമില്ല. ‘ബുദ്ധമതവിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതിനാൽ പുസ്തകം പിൻവലിച്ച് ഡീസീ ബുക്സ് മാപ്പു പറയണം’ എന്നല്ല പ്രതികരണന്റെ വാദം. ഭാരതത്തിന്റെ അതിരുകളെ ദാർശനികഗരിമയൊന്നുകൊണ്ടു മാത്രം അതിലംഘിച്ചു പരക്കുകയും പുതിയ സാംസ്കാരിക സമൂഹങ്ങളെ ആഴത്തിൽ പരിവർത്തിപ്പിക്കുകയും ചെയ്ത വ്യക്തിയെ, ചിന്താധാരയെ പ്രസ്തുത കവർചിത്രം ആക്ഷേപകരമായി അവതരിപ്പിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്, ഇനിയുള്ള പതിപ്പുകളിൽ ഈ ചിത്രം ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നു മാത്രമാണ്. അതിനു പ്രിയപ്പെട്ട ഡീസീ ബുക്സ് ഒട്ടും ഉപേക്ഷ വിചാരിക്കരുതെന്നു മാത്രമാണ്.
thaRayOr
ReplyDeleteഹഹഹഹ......
ReplyDeleteഏതോ ഷാംബു പരസ്യത്തിനു മോഡല്‍ ചെയ്ത ഒരു ഹലുവ പെണ്ണിന്റെ തലയും ശരീരവും ഇയര്‍ പ്ലഗ്ഗും മൊബൈല്‍ ഫോണുമായിരിക്കുന്ന ബുദ്ധനെ ചിത്രീകരിക്കുന്നതില്‍ ബുദ്ധന്റെ ദര്‍ശനങ്ങളോടുള്ള അനാദരവൊന്നും കാണേണ്ടതില്ലെന്നാണ് ചിത്രകാരന്റെ മതം. ഇന്ത്യ എന്ന പുരാതന സംസ്ക്കാരത്തെ ചിത്രീകരിക്കാന്‍ ബുദ്ധനോളം ദാര്‍ശനിക ഗരിമയുള്ള മറ്റൊരുരൂപമില്ലെന്ന് ഡി.സി.ബുക്ക്സുകാരന്‍ തിരിച്ചറിയുന്നു എന്നതുതന്നെ ചരിത്ര സാംസ്ക്കാരികമായ പ്രബുദ്ധതയാണ്. പിന്നെ, ശശി തരൂരിനെപ്പോലൊരു ശ്രേഷ്ടനായ ആധുനിക ഇന്ത്യക്കാരന്റെ ചിന്തകളെ കോറിയിടാന്‍ പുരാതനത്വത്തില്‍ നിന്നുള്ള ആധുനിക തരൂരിലേക്കുള്ള ഒരു സമഗ്രത ചിത്രീകരിക്കപ്പെടുന്നത് ഉചിതവുമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയൊക്കെയായി തിരഞ്ഞെടുക്കപ്പെടാന്‍ പൈതൃകവാലുകളുടേയോ ചരടുവലികളുടേയോ സഹായം ആവശ്യമില്ലാത്ത യോഗ്യനായ വ്യക്തിയാകുമ്പോള്‍ തന്റെ പുസ്തകം വില്‍ക്കപ്പെടാനുള്ള മാര്‍ക്കറ്റിങ്ങ് ബോധവും ശശിതരൂരിനുണ്ടാകുമെന്ന് നാം പ്രതീക്ഷിക്കേണ്ടതാണ്.(ആശയം അയാളുടെതാകാനാണു സാധ്യത) ഫലത്തില്‍ കവര്‍ ചിത്രം ചിത്രകാരനു ക്ഷ്യ ബോധിച്ചിരിക്കുന്നു.താങ്കളുടെ വീക്ഷണത്തിന് ബുദ്ധധര്‍മ്മത്തെ മതപരമല്ലാതെ ഒരു ദര്‍ശനമായി കണ്ട് ബഹുമാനിക്കുന്ന ആത്മാര്‍ത്ഥമായ വാക്കുകള്‍ എന്ന നിലയില്‍ തീര്‍ച്ചയായും പ്രസക്തിയുണ്ട്. പക്ഷേ, അതിനേക്കാള്‍ പ്രാധാന്യം ഇന്ത്യയായി ബുദ്ധനെ കണ്ടു എന്ന പ്രസാധകന്റെ പ്രബുദ്ധതക്ക് നല്‍കേണ്ടിയിരിക്കുന്നു. ഈ കവര്‍ചിത്രം ശ്രദ്ധയില്‍ കൊണ്ടുവന്ന താങ്കളോട് നന്ദിയും സന്തോഷവും അറിയിക്കട്ടെ.
നില നിൽക്കുന്ന ചിന്തകളിൽ നിന്നും മാറി ചിന്തിച്ച ഒരാൾ എന്ന നിലയിൽ ബുദ്ധൻ പുതിയ ആശയങ്ങളെ സ്വീകരിക്കുവാനും അപനിർമ്മിക്കുവാനും ശ്രമിച്ചതു പോലെ ബിംബങ്ങളെ ബിംബങ്ങളായി ആരാധിക്കുന്ന രീതിയിൽ നിന്നും മാറിചിന്തിച്ചാൽ പുതിയ ബുദ്ധന്റെ വഴി ഈ ഉടച്ചു വാർക്കലിൽ കാണാനാകുന്നുണ്ട്. ദൈവമില്ലെന്നു പറയുന്നവർ വളർന്നു ദൈവങ്ങളാകുന്നതു നമുക്ക് അന്യമല്ല. ഇവിടെയെങ്കിലും അത് തിരിച്ചാകട്ടെന്നേ...
ReplyDeleteസീഡിയന്‍, മനസ്സിലായില്ല.
ReplyDeleteപ്രിയ ചിത്രകാരന്‍,
വിശദമായ കുറിപ്പിനു നന്ദി.തീര്‍ച്ചയായും താങ്കളുടെ നിരീക്ഷണങ്ങള്‍ എന്റെ കാഴ്ച്ചപ്പാടിനെ പുതുക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.
സജി കടവനാട്,
മാറിച്ചിന്തിക്കുന്നതിനു താങ്കളും. നന്ദി.
ചിത്രം ആക്ഷേപാര്‍ഹം തന്നെ!
ReplyDelete