Wednesday, January 5, 2011

മലയാള സർവ്വകലാശാല ആർക്കുവേണ്ടി?

മലയാള ഐക്യവേദി എന്ന ബ്ലോഗിലെ ‘വേണം മലയാള സർവ്വകലാശാല’ എന്ന പോസ്റ്റിനെഴുതിയ കമന്റ്.




ലയാള സർവ്വകലാശാലയുടെ അത്യാവശ്യകത തെല്ലും ബോധ്യപ്പെടാത്ത ഒരു പാവം മലയാളിയാണു ഞാൻ. അനാവശ്യമായ ഒരാഢംബരമായും ദുർവ്യയമായും മാത്രമാണ്  ഞാൻ ഈ ആവശ്യത്തെക്കാണുന്നത്. (തെറ്റെങ്കിൽ തിരുത്താൻ ഒരു മടിയുമില്ല.)

കേരളത്തിൽ മലയാളത്തിന്റെ നില വളരെ ശോചനീയമാണ് എന്നതിനോട് ഞാനും യോജിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മലയാളത്തിനു രണ്ടാംകിട പദവിയാണെന്ന അഭിപ്രായത്തിനോടും എനിക്ക് യോജിപ്പാണ്. പക്ഷേ,  അതെല്ലാമവസാനിപ്പിക്കനുള്ള ഒറ്റമൂലി ‘മലയാള സർവ്വകലാശാല’യാണെന്ന വാദത്തിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല.  സ്വന്തം ഭാഷയിലും സംസ്കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങൾ, അഭിമാനിക്കുന്നതും വിശ്വസിക്കുന്നതും സർവ്വകലാശാലകളിലല്ല ; ഭാഷയിലും സംസ്കാരത്തിലുമാണ്. കേരളത്തിൽ, ലേഖകൻ സൂചിപ്പിക്കുന്നതു പോലെ ഒരുപാട് സർവ്വകലാശാലകളുണ്ട്. അവയുടെ പ്രവർത്തനം നമുക്കറിയാവുന്നതുമല്ലേ?  വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളുമായി ഏതെങ്കിലും വിധത്തിൽ താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും സർവ്വകലാശാല കേരളത്തിലുണ്ടോ? സംശയമുണ്ടെങ്കിൽ, ‘കാലിക്കറ്റ് സർവ്വകലാശാല --  കേംബ്രിഡ്ജ് സർവ്വകലാശാല’ എന്നു പറഞ്ഞു നോക്കൂ. മനസ്സിൽ തെളിയുന്ന ചിത്രങ്ങൾക്ക് എന്തൊരു വൈരുദ്ധ്യമാണ്!

കേരളത്തെ സംബന്ധിച്ചിടത്തോളം സർവ്വകലാശാല എന്നത് ഒരു പരീക്ഷാ നടത്തിപ്പു കേന്ദ്രം മാത്രമാണ്. പിന്നെ, വേണ്ടപ്പെട്ടവരെ കുടിയിരുത്താനുള്ള ദന്തഗോപുരവും. വൈസ് ചാൻസലർ  മുതൽ മീനിയൽ വരെയുള്ള നിയമനങ്ങൾ വീതംവയ്പ്പും ചാകരയുമാണ്. മൂന്നു പ്രധാന സർവ്വകലാശാലകളെ മാത്രം നോക്കുക. കേരള സർവ്വകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനം ഹിന്ദുക്കൾക്ക്, വിശേഷിച്ച് നായന്മാർക്ക് അനൌദ്യോഗികമായി സംവരണം ചെയ്തിരിക്കുന്നു. ‘ക്രിസ്ത്യാനികൾക്കായി ക്രിസ്ത്യാനികളാൽ’ രൂപീകരിക്കപ്പെട്ടതാണ് എം.ജീ. യൂണിവേഴ്സിറ്റി. അവിടെ, മധ്യതിരുവിതാംകൂറിലെ കിരീടംവയ്ക്കാത്ത രാജാവായ രഷ്ട്രീയനേതാവിന്റെ നോമിനികളേ വീസീമാരാകൂ. കാലിക്കറ്റിൽ ‘പച്ചച്ചെങ്കൊടി’യാണു  പാറിക്കളിക്കുന്നത്. അവിടെ വീസീനിർണ്ണയനാവകാശം വേറേ ചിലർക്കാണ്.  ഒരു സർവ്വകലാശാല കൂടി രൂപീകരിക്കപ്പെടുമ്പോൾ ഒരു കൂട്ടം സ്ഥാനമോഹികൾക്കല്ലാതെ മലയാളത്തിനെവിടെ മെച്ചമുണ്ടാകാൻ.! കാലടിയിലെ സംസ്കൃത സർവ്വകലാശാല സംസ്കൃതത്തിനും സാക്ഷാൽ ശങ്കരാചാര്യർക്കും നാണക്കേടല്ലാതെ എന്തെങ്കിലും സമ്പാദിച്ചു കൊടുക്കുന്നുണ്ടോ?!  ഈ സർവ്വകലാശാലകളെല്ലാം ഗവേഷണങ്ങളെപ്പറ്റി വാതോരാതെ സംസാരിച്ചവരാണ്.

ദക്ഷിണേന്ത്യയിൽ കേരളത്തിനു മാത്രമാണു  മാതൃഭാഷാ സർവ്വകലാശാലയില്ലാത്തതെന്നത് ശരിതന്നെ.  പക്ഷേ അവയിലൂടെ, ശാസ്ത്രസാങ്കേതികവിദ്യകൾ വരെ ഉൾക്കൊള്ളാൻ കഴിയുംവിധം ഭാഷകൾ വികസിക്കുന്നു എന്നത് വസ്തുതാപരമല്ല. തമിഴ്നാട്ടിലെ സർവ്വകലാശാലകളിൽ ബിരുദാനന്തരബിരുദപഠനം പോലും  തമിഴിൽ നിർവ്വഹിക്കനാകും.  പക്ഷേ, ബിരുദാനന്തരബിരുദപഠനം തമിഴിൽ നിർവ്വഹിക്കുന്ന ഭൂരിപക്ഷത്തിന്റെ അവസ്ഥയെന്താണ്?  വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ, സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറം സംവദിക്കാനാകാതെ ഭാഷാപരിമിതിയിൽ തളയ്ക്കപ്പെട്ടു പോവുകയാണവർ.  (അവിടെച്ചെന്ന് ഇംഗ്ലീഷിൽ അതേ പരീക്ഷയെഴുതി മലയാളികൾ മിടുക്കന്മാരാകുന്നുണ്ട്. )

കേരളത്തിലെ ഏകവിഷയാധിഷ്ഠിത സർവ്വകലാശാലകളുടെ അവസ്ഥ തന്നെയായിരിക്കും മലയാളം സർവ്വകലാശാലയുടേതും. സർവ്വകലാശാലയുണ്ടായതു കൊണ്ടോ ക്ലാസിക്കൽ പദവി ലഭിച്ചതു കൊണ്ടോ പൈതൃകഭാഷയായതു കൊണ്ടോ ഒന്നും ഒരിക്കലും മലയാളം രക്ഷപ്പെടാൻ പോകുന്നില്ല. അതിനു മലയാളികളുടെ മനോഭാവം മാറണം. മലയാളത്തിനു വേണ്ടി വലിയവായിലേ വിലപിക്കുന്ന പലരും സ്വന്തം മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയത്തിൽ പഠിപ്പിക്കാറില്ല. തങ്ങളുടെയും മക്കളുടെയും സംസാരഭാഷയിലെ ഒഴിവാക്കാവുന്ന ഇംഗ്ലീഷ്സ്വാധീനം ഉപേക്ഷിക്കാറില്ല. പക്ഷേ, മലയാളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ!

കേരളത്തിലും ചരിത്രവും പാരമ്പര്യവുമൊന്നും ഏകമുഖമല്ല. തിരിഞ്ഞു നോക്കി നടക്കുന്നത് നല്ലതാവാം. പക്ഷേ, ഉപേക്ഷിച്ചവയെ വീണ്ടും പുണരാനായുന്നത് ബുദ്ധിയായിരിക്കില്ല.

കുറേപേർക്കുകൂടി വീസീമാരും സിൻഡിക്കേറ്റ് – സെനറ്റ് മെമ്പർമാരും മറ്റുമാകാൻ ഉപകരിക്കുമെന്നതല്ലാതെ, മലയാള സർവ്വകലാശാല കൊണ്ട്  എന്താണിവിടെ സംഭവിക്കാൻ പോകുന്നത്? ദൈനംദിന ജീവിതത്തിൽ നിന്ന് മലയാളത്തെ പടിയടച്ച് പിണ്ഡം വച്ചവർ, സർക്കാർ ചെലവിൽ മലയാളത്തെ പൊക്കാനിറങ്ങും. പൊതുജനത്തിന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയുണ്ടാക്കുന്ന നികുതിക്കാശ് ചിലർ ചേർന്ന് പുട്ടടിക്കും.കൊട്ടും കുരവയുമായി കുറേപ്പേരെ കെട്ടിയെഴുന്നള്ളിക്കും. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്നു ദർബാറുകളിൽ മുഴങ്ങിക്കേൽക്കും.പാവം മലയാളം കുമ്പിളിൽ കഞ്ഞിപോലുമില്ലാതെ കണ്ടമ്പരന്നു നിൽക്കും.

ഇതല്ലാതെന്താണു സാർ, സംഭവിക്കാൻ പോകുന്നത്?

2 comments:

  1. ഐക്യവേദിയുടെ പോസ്റ്റിന്‌ ഒരു അഭിപ്രായം ഞാനും അറിയിച്ചിട്ടുണ്ട്.
    എന്റെ പോസ്റ്റിനുള്ള വിമർശനാഭിപ്രായം എന്റെ ഇ മെയിലിലും (kalavallabhan@gmail.com)അറിയിക്കാവുന്നതാണ്‌. വിമർശനം ഞാനിഷ്ടപ്പെടുന്നു. എനിക്ക് കൂടുതൽ വളരാൻ അതുപകരിക്കും.ഇഷ്ടക്കേടുണ്ടാവുകയില്ല.
    പുതുവത്സരാശംസകളോടെ..

    ReplyDelete
  2. ഇത്രയും കാലമായിട്ടും മലയാളം കേരളത്തിലെ എല്ലാ സ്കൂളുകളിലും നിര്‍ബന്ധിത ഭാഷ ആക്കാന്‍ കഴിയാത്തവരാണ് നമ്മള്‍ !

    ReplyDelete