Thursday, November 4, 2010

അധ്യാപക യോഗ്യതാ പരീക്ഷ അത്യാവശ്യം തന്നെ.

വിദ്യാഭ്യാസ മേഖലയിൽ പുതിയ വിവാദത്തിനു തിരികൊളുത്തിക്കൊണ്ട് ലിഡാ ജേക്കബ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നു. കമ്മീഷൻ ശുപാർശകളിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്, അധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷ ഏർപ്പെടുത്തണം എന്ന നിർദ്ദേശമാണ്. വാർത്താ ചാനലുകളിൽ  വാദപ്രതിവാദങ്ങൽ ആരംഭിച്ചുകഴിഞ്ഞു. ശക്തമായ പ്രതിഷേധവുമായി സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ - വിശേഷിച്ച് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ - രംഗത്തു വരുമെന്ന് ഉറപ്പ്. മാനേജ്‌മെന്റിന്റെ നിയമനാധികാരങ്ങളിൽ സർക്കാർ അവിഹിതമായി കൈകടത്തൽ നടത്തുന്നു എന്ന ആരോപണം തീർച്ചയായും പ്രതീക്ഷിക്കാം.

1958 ൽ ഒന്നാം കേരള സർക്കാരിനെതിരേ നടന്ന ‘വിമോചന’സമരത്തിന്റെ പ്രധാന പ്രകോപനങ്ങൾ ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവുമായിരുന്നല്ലോ. വിദ്യാഭ്യാസബിൽ രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായത്തിനു വിട്ടെങ്കിലും വിവാദമായ പതിനൊന്നാം വകുപ്പ് – പി എസ് സീ ലിസ്റ്റിൽ നിന്നു നിയമനം – സുപ്രീം കോടതി ശരിവച്ചു. പക്ഷേ, രാഷ്ട്രീയ സാഹചര്യങ്ങൾ അതു നടപ്പാക്കുന്നതു തടഞ്ഞു. ഇന്നിപ്പോൾ പുതിയ ശുപാർശ നടപ്പാക്കുമ്പോൾ വേദനിക്കുന്നതാർക്കായിരിക്കും?

ഓർക്കുക, കേരളത്തിൽ ഹയർ സെക്കൻഡറിയിലും കോളജ് തലത്തിലും  അദ്ധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷാജയം നിർബന്ധിതമാണ്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ‘സെറ്റ്’ ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) പാസ്സായവരെ മാത്രമേ ഹയർ സെക്കൻഡറിയിൽ നിയമിക്കാനാവൂ. കോളജ്തലത്തിൽ യൂജീസിയാണ് മാനദണ്ഡം. സംസ്ഥാനത്ത് അധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷ ഏർപ്പെടുത്തുന്നത്  പുതിയ രീതിയൊന്നുമല്ലെന്നു ചുരുക്കം.  

പക്ഷേ, സെറ്റും നെറ്റും എല്ലാം നിർബന്ധിതമാക്കുന്നതിൽ മാനേജ്‌മെന്റിനെന്താണു പ്രതിഷേധം? കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകളിലെ അധ്യാപകരുടെ ലിസ്റ്റ് പരിശോധിച്ചു നോക്കുക. ഹൈസ്കൂൾ തലം വരെ, മാനേജരുടെ – ക്രിസ്ത്യൻ മാനേജ്‌മെന്റുകളിൽ, പുരോഹിതന്മാരുടെ – അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും ആയിരിക്കും അധ്യാപകരിൽ നല്ലൊരു പങ്കും. എന്നാൽ ഹയർ സെക്കൻഡറി മേഖലയിൽ അത്തരക്കാർ ചുരുക്കമാണ്. കാരണം, മാനേജരുടെ ചെല്ലപ്പിള്ളയാണെന്ന യോഗ്യത മാത്രം പോരാ അവിടെ നിയമനത്തിന്. കനത്ത ശമ്പളം പ്രതീക്ഷിച്ച് എം ഏ. ഒപ്പിച്ചെടുത്ത നിരവധി മാനേജർബന്ധുക്കളുടെ സ്വപ്നങ്ങളാണ് സെറ്റ് പരീക്ഷണം തല്ലിത്തകർത്തത്. ഇനിയിപ്പം അങ്ങനൊരു പരീക്ഷ പ്രൈമറി-സെക്കൻഡറി തലങ്ങളിൽക്കൂടി വന്നാൽ, അരിഷ്ടിച്ച് ഡിഗ്രിയെടുത്ത്, കാശു മുടക്കി ബീയെഡ്ഡും സംഘടിപ്പിച്ച് അധ്യാപക വേഷം കെട്ടാൻ തുനിഞ്ഞിറങ്ങുന്നവരുടെ ഗതിയെന്താകും? പുരോഹിത ഭാര്യമാരും ബന്ധുക്കളും ഉടുപ്പുലയാതെ ശമ്പളം വാങ്ങുന്നതെങ്ങനെ? തീർച്ചയായും ഏതു മാനേജ്‌മെന്റും നിലവിളിച്ചു പോകും!

തീർന്നില്ല. ഹയർ സെക്കൻഡറിയിൽ കോഴ്സുകൾ അനുവദിച്ചപ്പോൾ ചില വിഷയങ്ങളിലെങ്കിലും അധ്യാപകർക്കു ഡിമാന്റുണ്ടായി.  ചില വിഷയങ്ങളിൽ സെറ്റ് യോഗ്യതയുള്ളവർ അപൂർവ്വമായപ്പോൾ നിയമനസംഭാവന ഹൃദയവേദനയോടെ മാനേജ്‌മെന്റുകൾക്ക് വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇനി അത്തരമൊരു നഷ്ടം താഴേത്തട്ടിലും  സഹിക്കണമെന്നു പറഞ്ഞാൽ

കേരളത്തിലെ വൈറ്റ്‌കോളർ മാഫിയകളുടെ കുതന്ത്രങ്ങളെ മറികടന്ന്, യോഗ്യതാപരീക്ഷാ ശുപാർശ നടപ്പിലാക്കപ്പെടട്ടെ എന്ന് ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. നിയമനത്തിനു മുൻപു മാത്രമല്ല, സർവീസ് കാലത്തിനിടയ്ക്കും യോഗ്യതാ പരിശോധനകൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

4 comments:

  1. What u have said is very correct. Eligibility test is a necessity especially in the teaching profession as the future of a country is in the hands of these teachers.

    "ഓർക്കുക, കേരളത്തിൽ ഹയർ സെക്കൻഡറിയിലും കോളജ് തലത്തിലും അദ്ധ്യാപക നിയമനത്തിനു യോഗ്യതാ പരീക്ഷാജയം നിർബന്ധിതമാണ്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ‘സെറ്റ്’ ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) പാസ്സായവരെ മാത്രമേ ഹയർ സെക്കൻഡറിയിൽ നിയമിക്കാനാവൂ."
    I disagree with u in this as I know managers who keep the post vacant until their relatives have completed the required qualification like M.Ed or M.Phil. The candidates acquire these degrees from some substandard universities from other states. For every rule that the government introduces, the managers have loopholes.

    ReplyDelete
  2. യോഗ്യതാ പരീക്ഷ എഴുതാതെ നിയമനം നേടിയവര്‍
    വിദ്യാഭ്യാസത്തിന്റെ നിലവാരം കുറക്കുന്നു..പണത്തിനു
    പകരം യോഗ്യതക്കു മുന്തൂ‍ക്കം കൊടുക്കുമ്പോഴേ സമൂഹത്തില്‍
    വിദ്യാഭാസപരമായ പുരോഗതിയുണ്ടാകൂ..

    ReplyDelete
  3. Though I agree with you...eligibility exam do not guarenttee a gret teacher....!!!!

    ReplyDelete