Monday, September 20, 2010

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ബ്ലോഗും കുറേ ചിന്തകളും

എന്റെ ബ്ലോഗ്‌വായനാജീവിതത്തിലെ പ്രധാന ദിവസങ്ങളിലൊന്നാണ് , അവിചാരിതമായി  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  ബ്ലോഗ് കണ്ടെത്തിയത്. .‘തുറമുഖം’  എന്ന ബ്ലോഗിലെത്തിയപ്പോൾ, നിനച്ചിരിക്കാതെ തുറമുഖത്തെത്തിയ ഒരു നൌകയുടെ സന്തോഷമായിരുന്നു എനിക്ക്.

മതിമറന്നാണു ഞാൻ, കവിത അതിൽ വായിച്ചത്. സാധാരണ വർഷത്തിൽ ഒന്നോ രണ്ടോ കവിതകളേ ചുള്ളിക്കാടിന്റേതായി വായിക്കാൻ കിട്ടൂ. അതും വിവിധ പ്രസിദ്ധീകരണങ്ങളിൽ. അപ്പോഴിതാ ‘ചുള്ളി’യെ സ്ഥിരമായി വായിക്കാൻ ഒരിടം!

അമ്പരപ്പൊന്നടങ്ങിയപ്പോൾ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. സമകാലിക കവികളിലെ അഗ്രഗണ്യരിലൊരാളായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ബ്ലോഗിനു ലഭിക്കുന്ന കമന്റുകൾ  5, 6,7 കമന്റാണു ബ്ലോഗിന്റെ മാനദണ്ഡം എന്നല്ല. എന്നാലും

അച്ചടിമാധ്യമത്തിൽ നിന്ന് ഐടി മാധ്യമത്തിലേയ്ക്കു വന്ന കവിയ്ക്ക് അവിടെയെന്താണ് സ്വീകാര്യതക്കുറവ്? ഏറെ ചിന്തിച്ചു നോക്കിയെങ്കിലും തൃപ്തികരമായ ഒരുത്തരത്തിൽ എത്തിച്ചേരാനായില്ല. കവിയ്ക്ക് ഈ മാധ്യമത്തെ ഉൾക്കൊള്ളാനാവാത്തതാണോ? സാധാരണ ബ്ലോഗിലെ കമന്റുകൾ ‘അങ്ങോട്ടുമിങ്ങോട്ടുമുള്ള പാല’മാണല്ലോ. അങ്ങിനെയല്ലാത്തതിന്റെ പ്രശ്നമാണോ? അതോ, കവിയശ:പ്രാർ‌ത്ഥികളെയല്ലാതെ കവിയശസ്വികളെ ബ്ലോഗിൽ ആവശ്യമില്ലാത്തതുകൊണ്ടാണോ? ഒരെത്തും‌പിടിയും കിട്ടുന്നില്ല.

എന്തായാലും അച്ചടിമാധ്യമത്തിലെ പുലികൾ, ബ്ലോഗുലകത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് ഉറപ്പ്. ശ്രീ സുസ്മേഷ് ചന്ത്രോത്തിനെ നോക്കൂ. ചുള്ളിക്കാടിനേക്കാൾ അല്പം ഭേദമാണെന്നു മാത്രം. ശ്രീ എസ്. ആർ ലാലിന്റെ ബ്ലോഗും തഥൈവ. ‘കുമാരസംഭവ’ത്തിലെയും മറ്റും കമന്റുകൾ സെഞ്ച്വറിക്കടുത്തെത്തുമ്പോഴാണിത് എന്നോർക്കുക.

വീണ്ടും ചിന്തിച്ചു പോകുന്നു : തകരാറ്‌ ആരുടേതാണ്? എന്തായാലും അവരുടെ സൃഷ്ടികളുടേതല്ല. ആവശ്യത്തിലേറെ സർ‌ട്ടിഫിക്കറ്റുകൾ നേടിയതാണവ. പിന്നെ? ബ്ലോഗിനോടുള്ള ആ എഴുത്തുകാരുടെ സമീപനത്തിന്റെ?  അവരോടുള്ള വായനക്കാരുടെ സമീപനത്തിന്റെ? മികച്ച കവിതകളോടുള്ള ബ്ലോഗ് വായനക്കാരുടെ സമീപനത്തിന്റെ?

എവിടെ നിന്നാണ് ഒരു മറുപടി ലഭിക്കുക..?

19 comments:

  1. കമന്റുകളുടെ എണ്ണം വച്ചിട്ടാണോ കവിതയെ വിലയിരുത്തേണ്ടത്?
    വായിച്ച് ഇഷ്ടപ്പെട്ടാലും കമന്റ് എഴുതാറില്ലാത്ത എത്രയോ വായനക്കാരുണ്ട്?
    കമന്റ് രേഖപ്പെടുത്താത്തത് ഒരു അപരാധമായി തോന്നിയിട്ടില്ല ഇതു വരെ. :)

    ReplyDelete
  2. നല്ല ബ്ലോഗ്കളില്‍ കമന്റ് ഇടാനുള്ള ആസ്വാദന നിലവാരം പലര്‍ക്കും ഇല്ലാത്തതാണ് നല്ല ബ്ലോഗ്കള്‍ക്ക് കമന്റ് കുറയാന്‍ കാരണം. ഈ ഞാനും അവിടെ കമന്റ് ഇടാത്തതിന് കാരണം അത് തന്നെ. ഒരു ഉദാഹരണം നോക്കാം, മ വാരിക കളെക്കാള്‍ തരം താണ്‌ മുത്തുച്ചിപ്പി നിലവാരത്തില്‍ എഴുതുന്ന ചില പൈങ്കിളി ബ്ലോഗ്കളില്‍ കമന്റുകള്‍ എണ്ണിയാല്‍ തീരില്ല....

    ReplyDelete
  3. ശരിയാണ്.. ഞാനും സന്ദര്‍ശിച്ചിരുന്നു ആ ബ്ലോഗ്‌...
    കമന്റാന്‍ മറന്ന കൂട്ടത്തില്‍ ഞാനും പെടും...
    വായിച്ചു രസിച്ചു.. കൈയും തട്ടി പോന്നു....
    തെറ്റ് എനെറ്റ് കൂടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുണ്ട്...
    ഇനി ഉറപ്പായും ഞാന്‍ കമന്റും....
    നന്ദി ഇത് point out ചെയ്തതിനു

    ReplyDelete
  4. എഴുത്തുകാരന്റെ ബന്ധങ്ങള്‍ അനുസരിച്ചാണ് കമെന്റുകള്‍.
    പിന്നെ സബ്ജെക്ടും. നര്‍മ്മമാനെങ്കില്‍ ഉറപ്പായിട്ടും ധാരാളം കമെന്റ് കിട്ടും. കവിതയ്ക്കായിരിക്കും ഏറ്റവും കുറവ് എന്ന് തോന്നുന്നു

    ReplyDelete
  5. ഒരു ബ്ലോഗിന്റെ കലാമൂല്യം അഥവാ പ്രസക്തി അളക്കാനുള്ള സ്കെയിലായി കമന്റുകളുടെ എണ്ണം എടുക്കുന്നത് ശരിയാവില്ല. കമന്റ് എന്നത് ഒരു പരസ്പര പുറംചൊറിയല്‍ പ്രസ്ഥാനമാണ്. നിങ്ങള്‍ അങ്ങോട്ട് ചൊറിഞ്ഞ് കൊടുത്താല്‍ ഇങ്ങോട്ടും കിട്ടും. അത്ര തന്നെ..

    ഏറ്റവും കൂടുതല്‍ ഫോള്ളോ ചെയ്യപ്പെടുന്ന ബ്ലോഗുകളില്‍ ഒന്നാണ് ചുള്ളിക്കാടിന്റേത്. കമന്റ് കുറവാണെങ്കിലും വായനക്കാര്‍ കുറവല്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ.

    ഒരു ലിങ്കൂ കൂടി ചേര്‍ക്കുന്നു. വിഷയവുമായി വലിയ ബന്ധമൊന്നും ഇല്ല. എങ്കിലും വായിച്ചുനോക്കുക.
    http://manalezhutthu.blogspot.com/2007_06_01_archive.html [ഇതു എന്റെ ബ്ലോഗല്ല. എന്റെ ബ്ലോഗിങ്ങനെയല്ല]

    ReplyDelete
  6. http://balachandranchullikkad.blogspot.com/

    ഇനിയും ചുള്ളിക്കാടിന്റെ ബ്ലോഗ് കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി..

    ReplyDelete
  7. നല്ല കവിതകള്‍ക്ക് എന്നും വായനകാര്‍ കുറവ് തന്നെയാണ്.
    അതൊരു പോരായ്മയാണ്.
    എന്നാലും ചുള്ളിക്കാടിനു അത് ബാധിക്കില്ല.

    ReplyDelete
  8. ചുള്ളിക്കാട് ബ്ലോഗില്‍ സജീവമായി (പോസ്റ്റിട്ടും,കമന്റെഴുതിയും) നില്‍ക്കുന്ന സമയങ്ങളില്‍ ചുള്ളിക്കാറ്റിന്റെ ബ്ലോഗില്‍ കമന്റുകള്‍ക്ക് ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. കമന്റുകൊണ്ട് അരി വാങ്ങാന്‍പറ്റില്ലെന്ന് അറിയാവുന്ന ചുള്ളിക്കാട് ബ്ലോഗില്‍ ശ്രദ്ധകുറച്ചപ്പോള്‍ കമന്റും കുറഞ്ഞു. അത്രേ സംഭവിച്ചുള്ളു. ബ്ലോഗെഴുത്ത് സ്വമേഥയായുള്ള ഒരു സാംസ്ക്കാരിക സംഭാവനയും, അറിവുകളുടേയും,വികറങ്ങളുടേയും സാമൂഹ്യ പങ്കുവക്കലുമാണ്.
    അതിന്റെ സജീവതയെവച്ച് ആരെയും അളക്കാനാകില്ല.
    എത്രമാത്രം സംഭാവന ചെയ്യണമെന്ന് ഓരോ ബ്ലോഗറുമാണു തീരുമാനിക്കുന്നത്. പ്രസിദ്ധന്‍,അപ്രസിദ്ധന്‍,ധനികന്‍,ദരിദ്രന്‍,മാന്യന്‍,മാന്യനല്ലാത്തവന്‍,പന്ണ്ഡിതന്‍,വിഢി... തുടങ്ങിയ ഭേദചിന്തകളൊ ജാടകളൊ ബ്ലോഗില്‍ യോഗ്യതയോ അയോഗ്യതയോ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ജാടയും ദുരഭിമാനങ്ങളും ഇല്ലാത്ത പ്രിന്റ് മീഡിയ സാഹിത്യകാരന്മാരേ ബ്ലോഗില്‍ കാലെടുത്തുകുത്താന്‍ ദൈര്യപ്പെടു. കാരണം, മസ്സിലുപിടിച്ചു നില്‍ക്കുന്ന പണ്ഡിതബലൂണുകളുടെ കാറ്റ് ഒഴിച്ചുവിടാന്‍ ബ്ലോഗില്‍ ആര്‍ക്കും കഴിയും. പത്രാധിപന്മരുടെയോ പത്രമുതലാളിയുടേയോ സംരക്ഷണയൊന്നും ബ്ലോഗില്‍ നടപ്പില്ലല്ലോ.
    ബ്ലോഗ് തുല്യതയുടേയും,സമത്വത്തിന്റേയുമായ സ്വതന്ത്ര മാധ്യമമാണല്ലോ !

    ReplyDelete
  9. 'നല്ല ബ്ലോഗ്കളില്‍ കമന്റ് ഇടാനുള്ള ആസ്വാദന നിലവാരം പലര്‍ക്കും ഇല്ലാത്തതാണ് നല്ല ബ്ലോഗ്കള്‍ക്ക് കമന്റ് കുറയാന്‍ കാരണം. ഈ ഞാനും ...

    athu konde ivide comment comment idunnu ennano??

    ;)

    ReplyDelete
  10. ചിത്രകാരന്റെ കമന്റിനു താഴെ എന്റെ ഒരു കൈയ്യൊപ്പ്. ഈ പോസ്റ്റിന് ഈ കമെന്റ് ധാരാളം.

    ReplyDelete
  11. കമന്റിടാന്‍ പറ്റിയ കവിതകളൊന്നും അദ്ദേഹം ബ്ലോഗില്‍ എഴുതിയിട്ടില്ല എന്നു തോന്നുന്നു

    ReplyDelete
  12. അഭിപ്രായങ്ങൾക്കു നന്ദി.

    @ ജാസ്മിക്കുട്ടി
    ലിങ്ക് ഉൾപ്പെടുത്തിയിരിക്കുന്നു.

    @ desertfox
    കമന്റുകളുടെ എണ്ണം വച്ച് കവിതയെ വിലയിരുത്തുകയല്ലായിരുന്നു ഞാൻ. മികച്ച കവികൾ ബ്ലോഗിൽ വായിക്കപ്പെടുന്നത് എങ്ങനെ എന്ന ചിന്ത മുന്നോട്ടു വയ്ക്കുകയായിരുന്നു.

    @sajan s
    താങ്കളുടെ അഭിപ്രായത്തിനു നന്ദി. ബിവറേജസ് ഷോപ്പിലെ ക്യു ഒരിക്കലും മിൽമാ ബൂത്തിൽ ഉണ്ടാവില്ലല്ലോ !

    @ പദസ്വനം
    നന്ദി. വായിച്ചിട്ട് കമന്റ്റിടാൻ ‘മറന്ന’താണോ എന്ന് ഒന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു ഞാൻ.

    ReplyDelete
  13. @ സജി
    നന്ദി സജി. ‘എഴുത്തുകാരന്റെ ബന്ധങ്ങൾ’ ബ്ലോഗിൽ സ്വാധീനിക്കുന്നുണ്ടെന്നു തോന്നുന്നു. നർമ്മത്തിനു തീർച്ചയായും കൂടുതൽ കമന്റ് ലഭിക്കുന്നുണ്ട്. യഥാർത്ഥ കവിയ്ക്ക് കുറച്ചും. ബ്ലോഗിൽ ‘അലസവായന’ കൂടുതൽ പ്രിയപ്പെടുന്നുണ്ടാവാം, അല്ലേ? അഭിപ്രായത്തിനു നന്ദി.

    @ അനോണി 1
    ബ്ലോഗിന്റെ മൂല്യത്തിന്റെ മാനദണ്ഡം കമന്റുകളുടെ എണ്ണമല്ല, തീർച്ച. വലിയൊരളവുവരെ കമന്റുകൾ പുറംചൊറിയൽ പ്രസ്ഥാനമാണ്, സമ്മതിക്കുന്നു.

    ചുള്ളിയുടെ ബ്ലോഗ് ഫോളോ ചെയ്യപ്പെടുന്നു, ശരി തന്നെ. പക്ഷേ, അവരെല്ലാം കൃത്യമായി വന്നു വായിക്കുന്നുണ്ടോ?

    ലിങ്കിനു നന്ദി. ലിങ്കിന്റെ കമന്റിനും!

    @ അനോണി 2
    ചുള്ളിക്കാടിന്റെ ബ്ലോഗ് ലിങ്ക് ലഭ്യമാക്കിയതിനു നന്ദി.

    @ കോനുമഠം
    ചുള്ളിക്കാടിനെ ‘അത്’ ബാധിക്കുന്നു എന്നാണ് എന്റെ നിരീക്ഷണം.

    ReplyDelete
  14. @ ചിത്രകാരൻ
    വിശദമായ വിചാരത്തിനു നന്ദി.
    സജീവമായിരുന്ന കാലത്ത് ചുള്ളിക്ക് കമന്റിനു പഞ്ഞമില്ലാ‍യിരുന്നു. അരിക്കാശിനു പോയിട്ട്, ബ്രോഡ്‌ബാൻഡ് കാശിനു പോലും കമന്റ് ഉതകില്ലെന്നു ബോധ്യപ്പെട്ട് ചുള്ളി സജീവത നിർത്തി !

    ബ്ലോഗിങ്ങിനെ സംബന്ധിച്ച താങ്കളുടെ കാഴ്ച്ചപ്പാടുകൾക്ക് അഭിനന്ദനങ്ങൾ. ചുള്ളിക്കും അധിപന്മാരുടെയും മുതലാളിമാരുടെയും സംരക്ഷണം ലഭിച്ചില്ല എന്നു വിചാരിക്കുന്നതിൽ വിരോധമില്ലല്ലോ?

    @ അനോണി 3
    അഭിപ്രായത്തിനു നന്ദി.

    @ യോജിപ്പുകൾക്കു നന്ദി.

    @ പല്ലശ്ശന
    ചിത്രകാരനുള്ള എന്റെ മറുകമന്റ് താങ്കൾ കൂടി വായിക്കുമല്ലോ?

    @ ഹാരിസ്
    ചുള്ളിക്കാടിന്റെ കാവ്യ നിലവാരം തകർ‌ന്നു എന്നാണോ പറയുന്നത്?
    .

    ReplyDelete
  15. പ്രതികരണന്‍...
    ഈ ബൂലോകത്ത് ചുള്ളിക്കാടുമുണ്ട് എന്നത് വളരെ സന്തോഷം തരുന്നു..
    ആ ബ്ബ്ലോഗ് കാണാറുണ്ട്. കമന്റും ഇട്ടു..ഇതുവരെ അപ്രൂവ് കിട്ടിയില്ല.
    ഞാന്‍ മനസ്സിലാക്കുന്നത് പോസ്റ്റ് ഇടുന്നതിലപ്പുറം തന്റെ കവിതകളുടെ കമന്റു ചെക്ക് ചെയ്യുന്ന കാര്യത്തില്‍ അദ്ധേഹം റെഗുലറല്ല എന്നാണു..
    തര്‍ജ്ജിമകളില്‍ പോലും കാണുന്ന ആ അനായാസത അല്‍ഭുതകരം തന്നെ..
    കമന്റാന്‍ എന്തിനു മടിക്കുന്നു???

    ReplyDelete
  16. വായനക്കാരിൽ പത്തു ശതമാനമേ കമന്റിടാറുള്ളു. ഇത് ഞാൻ ശ്രദ്ധിച്ചിട്ടുള്ളതാണു.
    ഒരു നല്ല കമന്റ് എത്ര വലിയ എഴുത്തുകാരനായാലും അദ്ദേഹത്തിനു ഒരു പ്രേരണയായിരിക്കും.

    ReplyDelete
  17. വളരെ നല്ല പോസ്റ്റ്. ചുള്ളി മോഡറേഷൻ വച്ചിരിക്കുന്നതും, ബ്ലോഗിലെ രണ്ടാംവരവിൽ തുടക്കത്തിലുണ്ടായിരുന്നതുപോലെ സജീവമാകാത്തതും ഒരു കാരണമാണ്.

    ReplyDelete