Wednesday, June 20, 2012

ഗവി - ബ്ളോഗേഴ്സ് മീറ്റ്

മലയാളത്തിലെ ബ്ളോഗര്‍മാരുടെ ഒരു മീറ്റും ഈറ്റും സംഘടിപ്പിക്കാന്‍ പ്രതികരണന്‍ തീരുമാനിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ 'ഗവി' എന്ന കാനന വിനോദസഞ്ചാരമേഖലയില്‍ വച്ചായിരിക്കും മീറ്റും ഈറ്റുമെല്ലാം സംഭവിക്കുന്നത്. ഇത്രയും കാലം നടന്ന മീറ്റുകള്‍  പോലെയായിരിക്കില്ല ഈ മീറ്റ്. സര്‍വ്വസന്നാഹസംയുക്തമായിരിക്കും. സംഘടിപ്പിക്കുന്നത് പ്രതികരണനാണെന്നത് മറക്കേണ്ട. കാശെത്ര ചെലവായാലും പ്രശ്നമല്ല. എന്റെ കൂടെയും കുറേ ബ്ളൊഗര്‍മാരു വേണം. എന്റെ പോസ്റ്റുകള്‍ക്കും കമന്റാന്‍ ആളു വേണമല്ലോ! ചിലപ്പോള്‍, സര്‍ക്കാര്‍ ബ്ലോഗ് അക്കാദമിയെങ്ങാനും രൂപീകരിച്ച് ഉപകാരസ്മരണാര്‍ത്ഥം വള്ളിക്കുന്ന് മാഷിനെയെങ്ങാനും അക്കാദമി ചെയര്‍മാനാക്കിയാല്‍, കൂടെയുള്ളവരെ ചൂണ്ടിക്കാട്ടി എനിക്കും അക്കാദമി അംഗത്വം സംഘടിപ്പിച്ചെടുക്കാമല്ലോ!! (സിറ്റിംഗ് ഫീസ്, യാത്രപ്പടി, ഫെല്ലോഷിപ് കോഴ, കെട്ടിടനിര്‍മ്മാണം, അവാര്‍ഡ് വില്പന...ഹോ...രോമാഞ്ചം വരുന്നു!!)

 ലൊക്കേഷന്‍ 




പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമായ പത്തനംതിട്ട നഗരത്തില്‍ നിന്ന് കിഴക്കോട്ട് അറുപതിലേറെ കിലോമീറ്റര്‍ അകലെയുള്ള ആങ്ങമൂഴി മുതല്‍ ഇടുക്കി ജില്ലയില്‍ കുമളിക്കടുത്തുള്ള വള്ളക്കടവു വരെയുള്ള  70 കി.മീ. കാനനപാതയാണ് ബ്ളോഗ്മീറ്റിന്റെ ലൊക്കേഷന്‍. ആന, കടുവ, കാട്ടുപോത്ത്, കരിമന്തി, രാജവെമ്പാല, മലയണ്ണാന്‍, പുലി എന്നിവയാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഈറ്റക്കാടുകള്‍ ധാരാളമുള്ളതുകൊണ്ട് ആനകളുടെയും രാജവെമ്പാലകളുടെയും വിഹാരരംഗമാണിവിടം.

മീറ്റ് സവിശേഷതകള്‍


1. യാത്രാവിവരണ സാധ്യത 
പത്തനംതിട്ട നഗരത്തില്‍ ഒത്തുകൂടിയ ശേഷം ഏകദേശം നൂറു കി.മീ. സഞ്ചരിച്ചാണ് പ്രധാന താവളമായ ഗവി റസ്റ്റ് ഹൗസില്‍ എത്തേണ്ടത്. യാത്രാവിവരണ തല്പരരായ ബ്ളോഗര്‍മാര്‍ക്ക്, വീട്ടില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് കുളിക്കാന്‍ പോയതിന്റെ മുതലുള്ള യാത്രാവിവരണം എഴുതി അവതരിപ്പിക്കാനുള്ള അവസരമാകുമിത്. നാട്, നഗരങ്ങള്‍, റബര്‍ തോട്ടങ്ങള്‍, തൊഴിലാളിത്താവളങ്ങള്‍, ശബരിമല അനുബന്ധപ്രദേശങ്ങള്‍, കാടുകള്‍, പുല്‍മേടുകള്‍, വെള്ളച്ചാട്ടങ്ങള്‍, അണക്കെട്ടുകള്‍, പവര്‍സ്റ്റേഷനുകള്‍ എന്നിവ അസുലഭമായ വിവരണസാധ്യതകള്‍ നല്കും. ലോകത്താദ്യമായി ഈ പ്രദേശങ്ങള്‍ കാണുന്നത് താനാണെന്നു നടിക്കാനുള്ള ഒരവസരം എന്തിനു നഷ്ടപ്പെടുത്തണം!

2. ഫോട്ടോഗ്രഫി സാധ്യത 
ഫോട്ടോയെടുക്കാന്‍ ഒടുക്കത്തെ സാധ്യതകളാണവിടെ. മൊബൈല്‍ഫോണിലായാലും മടുക്കുംവരെ ചിത്രങ്ങളെടുക്കാം. ഇതുവരെ ഇല്ലെങ്കില്‍, പുതിയ ഫോട്ടോബ്ളോഗ് തുടങ്ങുകയും ചെയ്യാം. അവിടെയെല്ലാം നിന്ന് സ്വന്തം ഫോട്ടോയെടുത്ത ശേഷം 'ഗവിയുടെ ചിത്രങ്ങള്‍' എന്ന വ്യാജേന അവ പോസ്റ്റ് ചെയ്ത് ആത്മനിര്‍വൃതി നുകരാം. 

3. പ്രതികരണ സാധ്യത 
അനീതിയ്ക്കും അന്യായത്തിനുമെതിരേ ഏസീ റൂമിലിരുന്ന്  കീബോര്‍ഡ് പടവാളാക്കുന്ന വീരശൂരബ്ളോഗര്‍മാര്‍ക്ക് പുതിയ പോസ്റ്റിനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്. കാട്ടിലേക്ക് കയറാന്‍ ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്ന് അനുവാദം വേണം. അനുവാദത്തിനു ചെല്ലുമ്പോഴാണ് വനപാലകരുടെ വന്യസ്വഭാവം പൂറത്തുവരുന്നത്. "12 മണി കഴിഞ്ഞാല്‍ പറ്റില്ല, 100 പേര്‍ കയറിക്കഴിഞ്ഞതു കൊണ്ട് ഇനി പറ്റില്ല, മഞ്ഞുള്ളതു കൊണ്ട് പറ്റില്ല, അണ്ണാന്‍ ചിലച്ചതുകൊണ്ട്  പറ്റില്ല ..." എന്തെങ്കിലും കാരണം കണ്ടുപിടിക്കും കയറ്റിവിടാതിരിക്കാനവര്‍. ചിലപ്പോള്‍ നമ്മുടെ കൈവശമുള്ള 'ദാഹശമനികള്‍' പിടിച്ചെടുക്കും. ചോര തിളയ്ക്കാന്‍ ഇതില്‍പരം എന്തു വേണം! തിരിച്ച് വീട്ടിലോ ജോലിസ്ഥലത്തോ ചെന്ന് കോളയും സ്നാക്സും ആസ്വദിച്ച് നമുക്ക് അനീതിക്കെതിരെ ആഞ്ഞടിക്കാം. കലിപ്പു തീരും വരെ പോസ്റ്റാം.

4. മതപര സാധ്യത 
സ്വന്തം മതത്തെ വര്‍ണ്ണിച്ചും വ്യാഖ്യാനിച്ചും മതിയാകാത്ത ബ്ളോഗര്‍മാര്‍ക്ക് വമ്പിച്ച സാധ്യതകളാണ് ഗവി മീറ്റില്‍ ഉള്ളത് . കാടും മലയും മഹാമരങ്ങളും കണ്ട് പടച്ചോനെ പുകഴ്ത്താം.  മാത്രമല്ല, കാടിന്റെ നിറത്തെ, പാറക്കെട്ടിന്റെ നിറത്തെ, വെള്ളച്ചാട്ടത്തിന്റെ നിറത്തെ, പൂക്കളുടെ നിറത്തെ ഒക്കെ മതവുമായി ബന്ധിപ്പിക്കാം. അല്ലെങ്കില്‍, ഇങ്ങനെ ഒരു കാടുണ്ടാകുമെന്നും ചെക്പോസ്റ്റുണ്ടാകുമെന്നും ഡാം ഉണ്ടാകുമെന്നും സ്വന്തം മതഗ്രന്ഥത്തില്‍ പണ്ടേ പറഞ്ഞിട്ടുണ്ടെന്ന് പോസ്റ്റെഴുതാം .ഡാമിന്റെയും പവര്‍സ്റ്റേഷന്റെയും ജലസേചനക്കനാലുകളുടെയും സാങ്കേതികവിദ്യ കണ്ടുപിടിച്ചവതരിപ്പിച്ചത് സ്വന്തം മതഗ്രന്ഥമാണെന്ന് വാശിപിടിച്ച് പോസ്റ്റുകളെഴുതാം. അതിനുതെളിവായി മനുഷ്യനു മനസ്സിലാകാത്ത ബബ്ബബ്ബബ്ബകള്‍  എടുത്തെഴുതാം.

യുക്തിവാദികള്‍ക്ക് സാധ്യതകളില്ലെന്ന് ദയവായി വിചാരിക്കരുതേ. ശാസ്ത്രത്തിന്റെ മുന്നേറ്റമല്ലേ ഡാമായും പവര്‍സ്റ്റേഷനായും ഹെയര്‍പിന്‍ റോഡായും മുന്നില്‍ കിടക്കുന്നത്. പിന്നെ പോസ്റ്റിനാണോ പഞ്ഞം? എഴുതിത്തകര്‍ക്കണം സാറേ!

5. ഭക്ഷണ സാധ്യത
ബ്ളോഗ്മീറ്റെന്നു പറഞ്ഞാല്‍ ബ്ളോഗിന്റെ പേരിലുള്ള ഈറ്റെന്നല്ലേ പകുതി അര്‍ത്ഥം! അപ്പോള്‍പ്പിന്നെ ഗവി മീറ്റിലും ഈറ്റുണ്ടാവണമല്ലോ. ഉണ്ട്, ഉണ്ട്. വയറു നിറയെ ഗംഭീര ഭക്ഷണം. വനയാത്രയല്ലേ, വനവിഭവങ്ങള്‍ തന്നെയാകാം. കാട്ടുപോത്ത്, കാട്ടുപന്നി, കാട്ടുമുയല്‍, മാന്‍, കൂരന്‍, മ്ളാവ് അങ്ങനെ പലതും. മാനിനെയും മുയലിനെയുമൊക്കെ  മീറ്റിനിടയില്‍ മീറ്റുചെയ്ത് 'മീറ്റാ'ക്കി ഈറ്റാം! (ഈറ്റക്കാട്ടിനുള്ളില്‍ നമ്മളെ ഈറ്റാന്‍ കാത്തിരിക്കുന്നവരെ സൂക്ഷിക്കണമെന്നു മാത്രം.) എന്നിട്ട് അതിന്റെ ചിത്രങ്ങള്‍ എടുത്ത് വന്യമൃഗവേട്ട നിരോധന പോസ്റ്റുകള്‍  തയ്യാറാക്കാം. ചാനല്‍ മാതൃകയില്‍ 'എക്സ്ക്ളൂസീവ്'! വനപാലകര്‍ കണ്ടുപിടിച്ചാല്‍, മലയാളത്തിലെ ആദ്യ 'ജയില്‍ ബ്ളോഗര്‍' എന്ന ബഹുമതി നമുക്കായിരിക്കും!!

6. അര്‍മ്മാദസാധ്യത 
ഗ്രാമനഗരത്തിരക്കുകളില്‍ നിന്ന്  ഒരുപാടൊരുപാട് ദൂരെയാണീ മീറ്റ് ലൊക്കേഷന്‍. എന്തു കാണിച്ചാലും ആരും കാണില്ല. അര്‍മ്മാദിക്കാന്‍ ഇതില്പരമെന്തു വേണം! (ആരും കാണില്ലെന്നതു ശരി തന്നെ. ചിലപ്പോള്‍ 'പുലി' കണ്ടെന്നിരിക്കും. അങ്ങനെയാണെങ്കില്‍ 'വിലാപസാധ്യത'യുമുണ്ടാകും.)

7. സ്വയംപൊക്കല്‍ സാധ്യത

നമ്മള്‍ സൃഷ്ടികളവതരിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുമ്പോള്‍ കഷായം കുടിച്ച മുഖഭാവത്തോടെ ഇറങ്ങിപ്പോകുന്നവന്മാരുണ്ടല്ലോ. അവന്മാരുടെ ശല്യം ഗവി മീറ്റില്‍ ഉണ്ടാവില്ല. ആനയും പുലിയുമൊക്കെ വെയിറ്റ് ചെയ്യുന്നുണ്ടാവുമെന്ന്  അറിയാവുന്നതു കൊണ്ട് ഒരുത്തനും കൂട്ടം വിട്ട് ഇറങ്ങിപ്പോകില്ല. നമുക്ക് എത്ര നേരം വേണമെങ്കിലും മൈക്ക് വിഴുങ്ങാം...!

അതെ, ബ്ളോഗ് മീറ്റ് ചരിത്രത്തിലെ അതിഗംഭീരസംഭവമായിരിക്കും ഗവി ബ്ളോഗ് മീറ്റ്.

പങ്കെടുക്കുന്ന വിവരത്തിനു മണിയോര്‍ഡര്‍ അയയ്ക്കുമല്ലോ...







5 comments:

  1. അട്ടയുണ്ടോ ശവിയില്‍...അല്ലല്ല ഗവിയില്‍?

    ReplyDelete
  2. ആരൊക്കെ ഈറ്റിനിരയാവുമെന്ന് കണ്ടറിയാം...

    ReplyDelete
  3. "നമ്മള്‍ സൃഷ്ടികളവതരിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുമ്പോള്‍ കഷായം കുടിച്ച മുഖഭാവത്തോടെ ഇറങ്ങിപ്പോകുന്നവന്മാരുണ്ടല്ലോ. അവന്മാരുടെ ശല്യം ഗവി മീറ്റില്‍ ഉണ്ടാവില്ല. ആനയും പുലിയുമൊക്കെ വെയിറ്റ് ചെയ്യുന്നുണ്ടാവുമെന്ന് അറിയാവുന്നതു കൊണ്ട് ഒരുത്തനും കൂട്ടം വിട്ട് ഇറങ്ങിപ്പോകില്ല. നമുക്ക് എത്ര നേരം വേണമെങ്കിലും മൈക്ക് വിഴുങ്ങാം...!"

    അങ്ങനെയാണെങ്കിൽ ഞാനും.....ഉച്ചഭാഷിണി നമ്മൾ സ്വന്തമായി കൊണ്ടുവരണോ അതോ.....

    ReplyDelete
  4. ഞാനില്ല. പറയുന്നത് കേട്ടിട്ട് വാഗമണ്‍-പാനായിക്കുളം സംഭവങ്ങള്‍ പോലെയാകുമെന്നു തോന്നുന്നു.

    ReplyDelete
  5. kollaallo maashe ee meetum eetum!!!
    yenthaayaalum valare vaikiyethiyathinaal meettaan pattiyilla
    Ini aduthengaanum undo adutha meet eet paripaadi undenkil ithaa yente advaance bookking, sajiminte pajil ninnum ividethi
    aashamsakal blogil cherunnu
    Philip Ariel

    ReplyDelete