Tuesday, January 24, 2012

SNDP യുടെ മാത്രമാണോ അഴീക്കോട്?

1924-ല്‍ മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ മരണപ്പെട്ടപ്പോള്‍, അന്നത്തെ ചില മലയാളപത്രങ്ങള്‍ 'കുമാരനാശാന്‍ എന്ന ഈഴവപ്രമാണി മരിച്ചു' എന്ന് വാര്‍ത്താശീര്‍ഷകം കൊടുത്തെന്ന്  വായിച്ചിട്ടുണ്ട്. ഇക്കാര്യം ഇപ്പോഴോര്‍മ്മിക്കാന്‍ കാരണം  അഴീക്കോട് മാഷിന്റെ ചരമവൃത്താന്തമാണ്. നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട്, എസ്സെന്‍ഡീപ്പീയുടെയും എസ്സെന്‍ ട്രസ്റ്റിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. മറ്റ് പൊതുവിദ്യാലയങ്ങള്‍ക്ക് അവധിയില്ല.

അവധി കിട്ടി വീട്ടിലിരുന്ന് ടെലിവിഷന്‍ ചാനലുകള്‍ കാണുന്ന വിദ്യാര്‍ത്ഥികള്‍ അഴീക്കോട് മാഷിനെപ്പറ്റി ഏറെ മനസ്സിലാക്കുമെന്നതില്‍ സംശയമില്ല. ഓരോ ചാനലിലും എണ്ണിയെണ്ണിപ്പറയാന്‍ ഒരുപാടുപേര്‍ എത്തുന്നുമുണ്ട്. പക്ഷേ, അവധിയില്ലാക്കുട്ടികള്‍ അതൊന്നും  അറിയാനിടയില്ല.

മാഷ്  SNDP യുടെ മാത്രം നഷ്ടമാണോ? ആ നിര്യാണം സാംസ്കാരിക കേരളത്തിന് സംഭവിച്ച, പൊതുകേരളത്തിനാകമാനം സംഭവിച്ച നഷ്ടമല്ലേ? കേരളത്തിലെ ഒരു തലമുറയുടെ സൗഭാഗ്യമായിരുന്ന ഒരദ്ധ്യാപകപ്രതിഭയെ കൂടുതല്‍ അറിയുവാനും ചാനല്ക്കാഴ്ചകളില്‍   കൂടിയാണെങ്കിലും ആ ചടങ്ങുകളില്‍ പങ്കെടുക്കുവാനുമുള്ള അവസരമല്ലേ കുട്ടികള്‍ക്ക് ഇപ്പോള്‍  നഷ്ടമായത്!

ഇന്നലെ ഇക്കാര്യം ചോദിച്ചപ്പോള്‍ വിദ്യാഭ്യാസവകുപ്പിലെ ഒരു അത്യുന്നതോദ്യോഗസ്ഥന്‍ പ്രതികരിച്ചത് : "മരിച്ചത് മുന്‍മന്ത്രിയൊന്നുമല്ലല്ലോ" എന്നായിരുന്നു. കഷ്ടം തന്നെ. അനശ്വരനായ എഴുത്തുകാരനും അഞ്ചു കൊല്ലത്തേയ്ക്കുള്ള അഡ്ജസ്റ്റുമെന്റ്റായ മന്ത്രിയും തമ്മില്‍ എന്താണു താരതമ്യം? പതിനായിരങ്ങളുടെ അദ്ധ്യാപകനു മുന്നില്‍, അധികാരത്തിനായി ട്രപ്പീസു കളിക്കുന്ന മന്ത്രിക്കെന്താണു സ്ഥാനം? പാണ്ഡിത്യത്തിന്റെ പാരാവാരത്തിനു മുന്നില്‍ , പരനിന്ദയുടെ വാള്‍  വീശുന്ന മന്ത്രിക്കെന്താണു വില?!


മതത്തിനും സമുദായത്തിനുമപ്പുറത്ത്, മനുഷ്യനെ തിരിച്ചറിയാന്‍  'എല്ലാവര്‍ക്കും'  സാധിക്കേണ്ടതല്ലേ? എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ച് നമുക്കുണ്ടാവാമെങ്കിലും, സുകുമാര്‍ അഴീക്കോട് പൊതുകേരളത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു, തീര്‍ച്ച.






4 comments:

  1. ഭിന്നിപ്പിക്കുക ഭരിക്കുക. മരണത്തില്‍ നിന്നും പോലും അതാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്. ഇടത് പക്ഷമാണെന്ന് തോന്നുന്നു ആദ്യമായി ജാതി അടിസ്ഥാനത്തില്‍ അവധി നല്‍കിത്തുടങ്ങിയത്.

    മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
    വെറുപ്പിന്റെ വ്യാപനം തടയുക.

    ReplyDelete
  2. ഇത്തരത്തിലുള്ള അവധികള്‍ അനവശ്യമാണ്. അവധികള്‍ ആവശ്യത്തിലധികം ഇപ്പോള്‍ തന്നെയുണ്ടല്ലോ!

    ReplyDelete
  3. നാമിപ്പോൾ മനുഷ്യനല്ല,മലയാളിയല്ല. ഹിന്ദുവോ, മുസ്ലിമോ,ക്രിസ്താനിയോ ആണ്. നായരോ ഈഴവനോ ആണ്.അന്ധമായ ജാതിമത ഭ്രാന്ത്‌ നമ്മെ അങ്ങനെയാക്കി മാറ്റി.
    പാണ്ഡിത്യത്തിന്റെ പാരാവാരത്തിനു മുന്നില്‍ , പരനിന്ദയുടെ വാള്‍ വീശുന്ന മന്ത്രിക്കെന്താണു വില?!
    തീര്‍ത്തും പ്രസക്തമായ ചോദ്യം.

    ReplyDelete
  4. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഏറ്റവും പുരാതനമായ ഒരു രാജമാന്ത്രമാണ്. നല്ല ലേഖനം

    ReplyDelete