Sunday, August 21, 2016

കലാപത്തെ ഓര്‍ക്കുമ്പോള്‍...

ഇന്ന് ഓഗസ്റ്റ്  21.

   സാമൂഹികാനീതിക്കെതിരെ സാധാരണമനുഷ്യരുടെ നിവൃത്തികെട്ട പ്രതിഷേധമായി ആരംഭിക്കുകയും മതമൗലികവാദികളുടെ കയ്യിലകപ്പെട്ട്  വര്‍ഗ്ഗീയകലാപമായി പരിണമിക്കുകയും ചെയ്ത സംഭവത്തിന് ഇന്ന്  95  വയസ്സ്.  

മലബാറിലെ  രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ ആ കലാപം വിതച്ച വിദ്വേഷവും പരസ്പരമുള്ള അവിശ്വാസവും ഇന്നും അനുദിനം വളരുന്നു.  അതു വളര്‍ത്തി മുതലെടുക്കാന്‍  കുറുക്കന്മാര്‍ ഇന്നു കാത്തുനില്ക്കുന്നുമുണ്ട്. മലപ്പുറത്ത് ഇന്നലെയും അത് കണ്ടതാണ്.

ജനാധിപത്യത്തില്‍ അടിയുറച്ച സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ പ്രസക്തിയും മതമൗലികവാദത്തെ അകറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ ദിനം  വീണ്ടും  ഓര്‍മ്മിപ്പിക്കുന്നു. അത് നമുക്ക്  മറക്കാതിരിക്കാം.

Tuesday, February 10, 2015

മാഡം, ഇതു വേണ്ടായിരുന്നു!!


ഒരിക്കൽ വളരെ ബഹുമാനത്തോടെ പ്രതികരണൻ കണ്ടിരുന്ന വ്യക്തിയാണ് ശ്രീമതി കിരൺ ബേദി. അവരുടെ ജയിൽ പരിഷ്കരണങ്ങൾ വായിച്ചിട്ടുണ്ട്. വിസ്മയിച്ചിട്ടുണ്ട്. മഗ്സസെ കിട്ടിയപ്പോൾ അതു പോര എന്നു പോലും തോന്നിയിട്ടുണ്ട്. ഹസ്സാരെസംഘത്തിൽ അവർ ചേർന്നപ്പോൾ അത് അനിവാര്യം എന്നുതന്നെയായിരുന്നു ഈയുള്ളവന്റെ അഭിപ്രായം.


കെജ്‌രിവാളിനോട് ഉടക്കിപ്പിരിയുന്നത് അവരുടെ സ്വാതന്ത്ര്യം.  പക്ഷേ, എന്നിട്ട്, ബി.ജെ.പി.യുടെ തിണ്ണയിൽ കയറിച്ചെന്നത് ലജ്ജാകരമെന്നുതന്നെ തോന്നി.മോദിഗീതങ്ങൾ പാടുന്നതു കേട്ടപ്പോൾ.....

എന്തായാലും കെജ്‌രിവാളിന് ആയമ്മയെക്കൊണ്ട് ഇനി ഒരിക്കലും ഒരലുമ്പും ഉണ്ടാവില്ലല്ലോ! ജനപിന്തുണയുടെ വലിപ്പം അറിയാവുന്നതുകൊണ്ട് മോദിസാർ ഇനി മൂപ്പത്തിയെ പരിഗണിക്കുകയുമില്ല. സബാഷ്..!!

എന്നാലും, പ്രിയ കിരൺ ബേദി മാഡം, എന്തിനായിരുന്നു ഈ ആത്മഹത്യ...?!

Tuesday, December 16, 2014

ബഹുമാനപ്പെട്ട എം.ജി.എസ്.സാറിന്




     ചരിത്രകാരന്മാരിൽ എം.ജി.എസ്.സാറിനോട് എക്കാലവും എനിക്ക് മമത കൂടുതലായിരുന്നുസാറിന്റെ വിദ്യാർത്ഥിയായിരിക്കാനോ കേൾവിക്കാരനാകാനോ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ലഅപൂർവ്വം ലേഖനങ്ങളിലൂടെയും മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെയും മാത്രമാണ് പരിചയംഎങ്കിലുംകലാലയപാഠ്യപദ്ധതികളിൽ  
ചരിത്രത്തിന്റെ  ചർവ്വിതചർവ്വണം നിർവ്വഹിക്കുന്നവരേക്കാൾ എത്രയോ  ഉയരങ്ങളിലാണ് അദ്ദേഹം എന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞു ഞാൻഅദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിരന്തരഗവേഷണത്തിന്റെ ഉല്പന്നങ്ങളാണ്മറ്റാരും ശ്രമിക്കാത്ത വീക്ഷണകോണുകളിലൂടെ ചരിത്രത്തെ സമീപിക്കാനും തിരിച്ചറിഞ്ഞവ  പ്രതിബദ്ധതയോടെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു

കഴിഞ്ഞ കുറേ നാളുകളായി ബഹുമാനപ്പെട്ട എംജീയെസ് സാർ പറഞ്ഞ അഭിപ്രായങ്ങളും ഇടപെട്ട പ്രശ്നങ്ങളും എന്നെ അമ്പരപ്പിച്ചിരുന്നുപുതിയ ചരിത്ര കമ്മീസാറുമാരോട് കലഹിച്ച് ദേശീയ പദവി അദ്ദേഹം പണ്ടേ ഉപേക്ഷിച്ചതാണ്ശരിതന്നെപക്ഷേപലേ കാരണങ്ങൾ പറഞ്ഞ് ഇടതുപക്ഷത്തെ നിരന്തരം വിമർശിക്കുകയും പരോക്ഷമായി (അല്ലാതെയുംയൂഡീയെഫ്ഫിനെ പുകഴ്ത്തുകയും ചെയ്യുന്നത് കണ്ടപ്പോൾ.... ഇടതുപക്ഷം മഹാന്മാരുടെ കൂട്ടമാണെന്ന് പ്രതികരണന് അഭിപ്രായമില്ലപക്ഷേഅക്ഷരം കൂട്ടിവായിച്ചാൽ മനസ്സിലാകുന്ന ചിലരൊക്കെ അവിടെയുണ്ട്ഒന്നുമല്ലെങ്കിലും അവരുടെ കാലത്ത് സർവ്വകലാശാലാ വീസീമാരായി കണ്ടെത്തിയത് അനന്തമൂർത്തിയെയും കെ.എൻ.പണിക്കരെയും ബി.ഇഖ്ബാലിനെയും രാജൻ ഗുരുക്കളെയുമൊക്കെയല്ലേഅല്ലാതെപത്തും ഗുസ്തിയുമായി നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെയും കോഴക്കാരുടെ അടിച്ചുതളിക്കാരെയും വിവരക്കേടിൽ പീയെച്ച്ഡീ എടുത്തവരെയുമൊന്നുമല്ലല്ലോ!

ഒടുവിൽപ്രിയപ്പെട്ട എംജീയെസ് സാറും ദേ പിണങ്ങിയിറങ്ങി പത്രദ്വാരാ കലഹിച്ചു നടക്കുന്നു.ഇതിനിടയിലെപ്പോഴോ ആശ്രിതവൽസലൻ അദ്ദേഹത്തെയും ഒരിടത്ത് പ്രതിഷ്ഠിച്ചു എന്നറിയുന്നത് ഇപ്പോഴാണ്അപ്പോഅതിനായിരുന്നല്ലേ  പഴയ വഴക്കുകൾ!

എനിക്ക് എംജീയെസ് സാറിനോട് ഒന്നേ പറയാനുള്ളൂഇടതുവലതന്മാരുടെ കാലുതിരുമ്മൽ സാറിനു പറ്റിയതല്ല ചെളിവാരിയേറുകളിൽ നിന്ന് സാർ മാറി നിൽക്കണംഎന്നിട്ട്എങ്ങനെയെങ്കിലും സാറിന്റെ പ്രധാന പ്രബന്ധങ്ങളുടെയെങ്കിലും മലയാള പരിഭാഷ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണം.കുറഞ്ഞപക്ഷം 'പെരുമാൾസ് ഓഫ് കേരളഎങ്കിലുംചരിത്രവിദ്യാർത്ഥികൾക്ക് സാറിനെ എന്നെന്നും ആവശ്യമുണ്ട്ഞങ്ങൾ കാത്തിരിക്കുന്നു.

ആചാര്യദേവോ ഭവ:!

Tuesday, January 8, 2013

ആര്‍.എസ്.എസ്.ന്റെ തനിമുഖം.

 കടപ്പാട്: ദ ഹിന്ദു  



'വീട്ടുവേല ചെയ്ത് സ്ത്രീകള്‍ വീട്ടിലിരിക്കണ'മെന്ന ആറെസ്സെസ്സ് അദ്ധ്യക്ഷന്റെ 'വാണിങ്' വിവാദമായിരിക്കുകയാണല്ലോ. പലരും പറഞ്ഞതു പോലെ, ആ കല്പനയില്‍ അതിശയിക്കാനൊന്നുമില്ല. ബ്രാഹ്മണ്യ'ഭാരത'ത്തിന്റെ ജനവിരുദ്ധഗ്രന്ഥങ്ങളെ ആധാരമാക്കി രാഷ്ട്രീയം കളിക്കുന്ന ആറെസ്സെസ്സിന്റെ മനസ്സിനകത്ത് എന്നും ഇത്തരം ആശയങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നത്. അത് അദ്ദേഹം വളരെ മൃദുവായി പറഞ്ഞെന്നു മാത്രം.

ദുര്‍ബ്ബലരും പാര്‍ശ്വവല്കൃതരുമായവരോട് ആറെസ്സെസ്സിന്റെ സമീപനം ഇങ്ങനെയാണെന്ന് എപ്പോഴും ഓര്‍മ്മയുണ്ടാകണം. ആറെസ്സെസ്സിന്റെ പൊതു പ്രകടനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സംഘത്തിനു വേണ്ടി ചാകാനും കൊല്ലാനും തയ്യാറായി കുങ്കുമമണിഞ്ഞ കുറേ ജീവിതങ്ങള്‍ തിളച്ചു നില്ക്കുന്നതു കാണാം- കുറേ ദളിതര്‍! കുറിയണിഞ്ഞ 'സവര്‍ണ്ണര്‍'ക്കൊപ്പം കാവിയുടുത്ത് കുറിയണിഞ്ഞു നടന്നാല്‍ തങ്ങളും 'വര്‍ണ്ണ'റാകുമെന്ന് തെറ്റിദ്ധരിച്ച ആ പാവങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാറില്ല‌- ആറെസ്സെസ്സ് കാത്തിരിക്കുന്നത് മനുസ്മൃതി 'ശരിയത്താ'കുന്ന ഒരു ഭരണക്രമത്തിനായാണെന്ന്.

അവസരം ഉണ്ടാകുമ്പോള്‍, നോക്കിക്കോളൂ ആറെസ്സെസ്സ് തമ്പുരാന്‍ പറയും: 'ദളിതര്‍ പൊതുവഴിയില്‍ നിന്നകന്ന്, പൊതുധാരയില്‍ നിന്നകന്ന്, വിവരവും വിദ്യാഭ്യാസവും ഉപേക്ഷിച്ച് അടിമകളും അവമതിക്കാരുമായി തീണ്ടാപ്പാടകലെ കൂരയിലൊതുങ്ങണം' എന്ന്.

വസന്തകാലേ സംപ്രാപ്തേ കാക കാക: പിക പിക:”!

Wednesday, January 2, 2013

സംഘാടകരും വിധികര്‍ത്താക്കളും ചേര്‍ന്ന് തോല്പിക്കുന്ന ജില്ല!


സംസ്ഥാനതല സ്കൂള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ പല ജില്ലകള്‍ക്കും ഒരല്പം ടെന്‍ഷന്‍ കാണും. ഒന്നാംസ്ഥാനക്കാര്‍ക്ക് അതു നിലനിര്‍ത്താന്‍ ടെന്‍ഷന്‍. പിന്നിലുള്ളവര്‍ക്ക് ഇനിയും പിന്നിലാകാതെ മുന്നിലാകാനുള്ള ടെന്‍ഷന്‍. അതിനുവേണ്ടി വര്‍ഷം മുഴുവന്‍ നീണ്ടുനില്ക്കുന്ന പരിശീലനം. ആകെ തിരക്കിലായിരിക്കും മിക്ക ജില്ലകളും. ഈ ടെന്‍ഷനുകളൊന്നും തീരെ ബാധിക്കാത്ത ഒരു ജില്ലയുണ്ട് : സാക്ഷാല്‍ പത്തനംതിട്ട ജില്ല! സംസ്ഥാന സ്കൂള്‍ കായികമേളയിലും കലാമേളയിലും പരമ്പരാഗതമായി പതിമൂന്നാം സ്ഥാനത്താണ് , (പതിനാലാം സ്ഥാനം വിട്ടുകൊടുക്കാന്‍ 'വയനാട്' ഒരുവിധത്തിലും സമ്മതിക്കാത്തതുകൊണ്ട് മാത്രം!) ഈ ജില്ല.

മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിവു കുറഞ്ഞ കുട്ടികളാണ് ഈ ജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്നത് എന്ന് കരുതരുത്.

ഇന്നലെ പത്തനംതിട്ട ജില്ലാ യുവജനോത്സവം നടക്കുന്ന സ്ഥലത്തു കൂടി പോകേണ്ടി വന്നു. സമയമുണ്ടായിരുന്നതു കൊണ്ട് ഉത്സവസ്ഥലത്തു കയറി കുറച്ചു നേരം കണ്ടു നിന്നു. ഗംഭീര പ്രകടനമാണു അവിടെ നടക്കുന്നത്; കുട്ടികളെയും ജില്ലയെയും എങ്ങനെ തോല്പിക്കാം എന്ന കാര്യത്തില്‍.

പട്ടണത്തിലെ സ്കൂള്‍ ഗ്രൗണ്ടിലെ പുല്പടര്‍പ്പ് ഒന്നൊതുക്കുക പോലും ചെയ്യാതെയാണ് പ്രധാന വേദി എന്ന ചെറുകൂര നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേജ് മൂന്നു വശവും തുറന്നു കിടക്കുന്നു. അവിടെ ഉദ്ഘാടകന്‍ നിലവിളക്ക് കൊളുത്തിയിട്ട് മാറിയുടനെ തന്നെ തിരികളെല്ലാം കെട്ടുപോയി. കാരണം, നിലവിളക്കിനു തൊട്ടുമുന്നിലായി ഒരു ഫാന്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു! അതു കണ്ട് ഉദ്ഘാടകന്‍ പരസ്യമായി മൈക്കിലൂടെ സംഘാടകരോട് ക്ഷോഭിക്കുന്നത് കേട്ടുകൊണ്ടാണ് യുവജനോത്സവം ആരംഭിച്ചത്
 

പദ്യപാരായണ മത്സരം 'കാണാന്‍' പോയി ഞാന്‍. മത്സരം നടക്കുന്നത്, ഒരു ഹാളിലെ ക്ളാസ് മുറികളെ വേര്‍തിരിക്കുന്ന സ്ക്രീനുകള്‍ വശത്തേയ്ക്ക് മാറ്റിയിട്ടാണ്. അവിടെയുമിവിടെയും കുറച്ചു ബഞ്ചുകള്‍. ക്ളാസിലെ ബ്ളാക്ബോര്‍ഡുകള്‍ അവിടെത്തന്നെയുണ്ട്. സ്റ്റോര്‍ റൂം പോലെ ഒരിടം. ആ കെട്ടിടത്തിന്റെ മുറ്റത്ത് മിമിക്രി മത്സരം. അവിടെ നിന്നുള്ള പട്ടികുരയും പൂച്ചകരച്ചിലും അട്ടഹാസങ്ങളുമെല്ലാം മൈക്കിലൂടെ ചെവി തകര്‍ക്കുന്നതിനെ അതിജീവിച്ചു വേണം കവിത ചൊല്ലാനും കേള്‍ക്കാനും
 

സബ്‌ജില്ലാ തലത്തില്‍ നിന്ന് 'നമ്മുടെ കുട്ടി'യാണ് പലപ്പോഴും ജയിച്ചു വരുന്നത്. ജില്ലാ തലത്തിലും സ്ഥിതി വേറെയല്ല. ഏറ്റവും ഭീകരമായി അലറിയ 'നമ്മുടെ കുട്ടി'ക്ക് രണ്ടാം സ്ഥാനം പകുത്തു നല്കി, ജില്ലയെ തകര്‍ക്കുന്നതില്‍ സ്വന്തം പങ്ക് മികച്ച രീതിയില്‍ നിര്‍വ്വഹിച്ചു അഭിവന്ദ്യ വിധികര്‍ത്താക്കള്‍. (ഒന്നാം സ്ഥാനക്കാരിക്ക് എന്താണ് മറ്റുള്ളവരേക്കാള്‍ മികവ് എന്ന് ഇതുവരെ എനിക്ക് പിടികിട്ടിയിട്ടുമില്ല.) അടച്ചാക്ഷേപിക്കാന്‍ പാടില്ലല്ലോ: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പറയത്തക്ക പാളിച്ചകളൊന്നുമില്ലാത്ത വിധിനിര്‍ണ്ണയമായിരുന്നു. കുട്ടികളും അദ്ധ്യാപകരും വലിയ താല്പര്യമൊന്നുമില്ലാതെയാണ് മത്സരത്തില്‍ പങ്കെടുത്തത്. സാരമില്ല, ആഘോഷത്തിമര്‍പ്പുകളില്‍ നിന്ന് അവരെങ്കിലും ഇങ്ങനെ ഒരു മത്സരത്തിനു വന്നല്ലോ.

മികച്ചവര്‍ നിഷ്കരുണം അരിഞ്ഞു വീഴ്ത്തപ്പെട്ട് 'നമ്മുടെ കുട്ടികള്‍' മലപ്പുറത്തിനു വണ്ടി കയറുമ്പോള്‍, പ്രിയപ്പെട്ട പത്തനംതിട്ടേ, നിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തിന് ഒരിളക്കവും തട്ടില്ല! ധൈര്യമായി പോയിവരൂ!!!